Thu. Mar 28th, 2024

യു എ ഇ യില്‍ കൊവിഡ് കാലത്ത് നടത്തിയ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ സംഘടനകളെ അഭിനന്ദിച്ച് വിദേശ കാര്യ പാര്‍ലിമെന്ററി കാര്യ മന്ത്രി വി മുരളീധരന്‍. പ്രവാസികളുടെ മിനിമം വേജസ് പുനഃസ്ഥാപിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. അബൂദബി ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തില്‍ വിളിച്ചു ചേര്‍ത്ത ഇന്ത്യന്‍ സംഘടനകളുടെ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിമാന സര്‍വീസ് പൂര്‍വസ്ഥിതിയിലായാല്‍ അബൂദബിയില്‍ നിന്നും തൃച്ചി, മംഗലാപുരം എന്നിവിടങ്ങളിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നതിന് വ്യോമയാന മന്ത്രാലയവുമായി ചര്‍ച്ച ചെയ്ത് ആവശ്യമായ നടപടി സീകരിക്കുമന്നും ചോദ്യത്തിന് ഉത്തരമായി മന്ത്രി പറഞ്ഞു. എന്‍ ആര്‍ ഐ ക്കാരുടെ മക്കളുടെ കോളജ് പ്രവേശനത്തില്‍ ശമ്പളത്തിന് ആനുപാതികമായി ഫീസ് ഏര്‍പ്പെടുത്താന്‍ ആവശ്യമായ നടപടി സീകരിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ മന്ത്രിയോട് ആവശ്യപ്പെട്ടു.

ചടങ്ങില്‍ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍ അധ്യക്ഷത വഹിച്ചു. അന്തേവാസികളെ പുനരധിവസിപ്പിക്കാന്‍ അബൂദബിയില്‍ ഷെല്‍ട്ടര്‍ പണിയുന്ന കാര്യം സജീവമായി പരിഗണിക്കുമെന്നും ഐ സി എ അപ്രൂവല്‍ കിട്ടാത്തവര്‍ക്ക് അത് നേടിക്കൊടുക്കാന്‍ ആവശ്യമായ നടപടി സീകരിക്കുമെന്നും സ്ഥാനപതി യോഗത്തില്‍ അറിയിച്ചു.

അബൂദബി ഇന്ത്യ സോഷ്യല്‍ കള്‍ച്ചറല്‍ സെന്റര്‍, കേരള സോഷ്യല്‍ സെന്റര്‍, അല്‍ ഐന്‍ ഇന്ത്യ സോഷ്യല്‍ കള്‍ച്ചറല്‍ സെന്റര്‍, സാംസ്‌കാരിക വേദി അബൂദബി, തമിഴ് സംഘം അബൂദബി, കര്‍ണാടക അസോസിയേഷന്‍, ഗാന്ധി സാഹിത്യവേദി തുടങ്ങിയവയുടെ സംഘടനാ ഭാരവാഹികള്‍, എംബസി പ്രസ്സ്, ഇന്‍ഫര്‍മേഷന്‍&കള്‍ച്ചര്‍ സെക്രട്ടറി സന്ദീപ് കൗശിക്, കമ്മ്യൂണിറ്റി അഫയേഴ്‌സ് സെക്രട്ടറി പൂജ വെര്‍നേക്കര്‍ യോഗത്തില്‍ സംബന്ധിച്ചു.

മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി യു എ ഇയിലെത്തിയ ഇന്ത്യന്‍ വിദേശ-പാര്‍ലിമെന്ററികാര്യ സഹമന്ത്രി മുരളീധരന്‍ യു എ ഇ സഹിഷ്ണുതാകാര്യ മന്ത്രി ശൈഖ് നെഹ്‌യാന്‍ ബിന്‍ മുബാറക്ക് അല്‍ നെഹ്‌യാനുമായി അബൂദബിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു . ഇന്ത്യ-യു എ ഇ ബന്ധം, യു എ ഇയിലുള്ള ഇന്ത്യന്‍ തൊഴിലാളികളുടെ ക്ഷേമം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി മുരളീധരന്‍ പിന്നീട് ട്വീറ്റ് ചെയ്തു. തനിക്ക് നല്‍കിയ സ്വീകരണത്തിന് മന്ത്രി നന്ദി പ്രകടിപ്പിച്ചു.

ഇന്നലെ രാത്രിയാണ് വി മുരളീധരന്‍ യു എ ഇയിലെത്തിയത്. ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍ അദ്ദേഹത്തെ ദുബൈയില്‍ സ്വീകരിച്ചു. യു എ ഇ സര്‍ക്കാര്‍ ഉന്നത ഉദ്യോഗസ്ഥരുമായും ഇന്ത്യന്‍ സമൂഹവുമായും മന്ത്രി കൂടിക്കാഴ്ച നടത്തും. ഇന്ത്യ- യു എ ഇ ഉഭയകക്ഷി വിഷയങ്ങളും രാജ്യാന്തര പ്രശ്‌നങ്ങളും യു എ ഇയിലെ ഇന്ത്യന്‍ തൊഴിലാളികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ചചെയ്യും. മന്ത്രി നാളെ മടങ്ങും.