Sun. Feb 25th, 2024

✍️ ലിബി.സി.എസ്

എന്തുകൊണ്ടാണ് സംഘികൾ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഇത്രമാത്രം വെറുക്കുന്നത് എന്ന് മനസിലാക്കാൻ അദ്ദേഹത്തിൻറെ മഞ്ചേരി പ്രഖ്യാപനം വായിച്ചാൽ മനസിലാകും.

“ഞാൻ ഇന്നലെ ഒരു വിവരമറിഞ്ഞു; ഇത് ഹിന്ദുക്കളും മുസൽമാന്മാരും തമ്മിലുള്ള യുദ്ധമാണെന്ന് പുറം രാജ്യങ്ങളിൽ പറഞ്ഞുപരത്തുന്നുണ്ടത്രേ. വെള്ളക്കാരും അവരുടെ സിൽബന്ദികളായ ആനക്കയം ചേക്കുട്ടിയെപ്പോലുള്ളവരും, പടച്ചവന്റെ സൃഷ്ടികളെ നാലു ജാതിയാക്കിത്തിരിച്ചത് ദൈവം ചെയ്തതാണെന്ന് കള്ളം പറഞ്ഞ് വിശ്വസിപ്പിച്ച് ഭൂരിപക്ഷം മനുഷ്യരേയും അടിമകളാക്കിയ ജന്മിമാരും ചേർന്നാണ് ഇങ്ങനെ പറഞ്ഞു പരത്തുന്നത്.”

മനസിലായില്ലേ? ചാതുർവർണ്യം എന്തെന്നും അതിൻറെ അടിസ്ഥാനത്തിൽ നടത്തുന്ന ചൂഷണത്തെക്കുറിച്ചും കൃത്യമായ കാഴ്ചപ്പാടുള്ളയാളും അതംഗീകരിക്കാത്ത ആളുമായിരുന്നു വാരിയം കുന്നൻ എന്ന്? “പടച്ചവന്റെ സൃഷ്ടികളെ നാലു ജാതിയാക്കിത്തിരിച്ചത് ദൈവം ചെയ്തതാണെന്ന് കള്ളം പറഞ്ഞ് വിശ്വസിപ്പിച്ച് ഭൂരിപക്ഷം മനുഷ്യരേയും അടിമകളാക്കിയ ജന്മിമാർ…”

തുടർന്ന് അദ്ദേഹം പറയുന്നു “നമുക്ക് ഹിന്ദുക്കളോട് പകയില്ല. എന്നാൽ ബ്രിട്ടീഷ് ഗവണ്മെന്റിനെ സഹായിക്കുകയോ, ദേശത്തെ ഒറ്റുകൊടുക്കുകയോ ചെയ്യുന്നവര് ആരായിരുന്നാലും നിർദ്ദയമായി അവരെ ശിക്ഷിക്കും. ഹിന്ദുക്കൾ നമ്മുടെ നാട്ടുകാരാണ്. അനാവശ്യമായി ഹിന്ദുക്കളെ ആരെങ്കിലും ദ്രോഹിക്കുകയോ സ്വത്ത് കവരുകയോ ചെയ്താൽ ഞാൻ അവരെ ശിക്ഷിക്കും.ഇത് മുസൽമാന്മാരുടെ രാജ്യമാക്കാൻ ഉദ്ദേശ്യമില്ല. എനിക്കു മറ്റൊന്നു പറയാനുണ്ട്. ഹിന്ദുക്കളെ ഭയപ്പെടുത്തരുത്. അവരുടെ അനുവാദമില്ലാതെ അവരെ ദീനിൽ ചേർക്കരുത്. അവരുടെ സ്വത്തുക്കൾ അന്യായമായി നശിപ്പിക്കരുത്. അവരും നമ്മേപ്പോലെ കഷ്ടപ്പെടുന്നവരാണ്. ഹിന്ദുക്കളെ നമ്മൾ ദ്രോഹിച്ചാൽ അവർ ഈ ഗവണ്മെൻറിൻറെ ഭാഗം ചേരും അതു നമ്മുടെ തോൽവിക്ക് കാരണമാവും. ആരും പട്ടിണി കിടക്കരുത്. പരസ്പരം സഹായിക്കുക. തൽക്കാലം കൈയിലില്ലാത്തവർ ചോദിച്ചാൽ, ഉള്ളവർ കൊടുക്കണം. കൊടുക്കാതിരുന്നാൽ ശിക്ഷിക്കപ്പെടും. കൃഷി നടത്തണം. അതുകൊണ്ട് കുടിയാന്മാരെ ദ്രോഹിക്കരുത്. പണിയെടുക്കുന്നവർക്ക് ആഹാരം നല്കണം. അവർ വിയർപ്പൊഴുക്കി അധ്വാനിക്കുന്നതിന്റെ ഫലം അവർക്കും അവരുടെ കുടുംബത്തിനും ലഭിക്കണം. വേണ്ടിവന്നാൽ നാടിനുവേണ്ടി യുദ്ധം ചെയ്ത് മരിക്കാൻ നാം തയ്യാറാണ്, ഇൻശാ അല്ലാഹ്.”
സംഘി കൃഷ്ണകുമാറിൻറെ പൂർവികർ ചെയ്‌തിരുന്ന കുഴികുത്തി കഞ്ഞികൊടുക്കൽ അദ്ദേഹം നിർത്തലാക്കുകയും ചെയ്‌തു.ബ്രിട്ടീഷ് ഭരണാധികാരികളോടും ജന്മി നാടുവാഴിത്തത്തിന്റെ ക്രൂരമായ സാമൂഹ്യനീതിയോടും പൊരുതി, സ്വതന്ത്രമായൊരു രാഷ്ട്രം സ്ഥാപിച്ച വാരിയം കുന്നത്ത് ആ രാജ്യത്തിനിട്ട പേര് ‘മലയാള രാജ്യം’ എന്നായിരുന്നു.

സംഘികൾ സ്വാതന്ത്ര്യ സമര സേനാനികളുടെ ലിസ്റ്റിൽനിന്നോ ചരിത്രത്തിൽനിന്നോ മായിച്ചു കളയാൻ ശ്രമിച്ചാലും അദ്ദേഹത്തെക്കുറിച്ചു മാവോ സേതൂങ്ങും ലെനിനും ഒക്കെ എഴുതണമെങ്കിൽ ആൾ ചില്ലറക്കാരൻ ആയിരുന്നില്ല എന്ന് വ്യക്തമല്ലേ?

1921 ലെ മലബാർ പോലീസ് സൂപ്രണ്ട് റോബര്ട്ട് ഹിച്ച്കോക്കിന്റെ വാക്കുകൾ ഇങ്ങനെയാണ് : “ഇന്ത്യയിൽ ബ്രിട്ടീഷ് സൈന്യം നേരിട്ട ഏറ്റവും കടുത്ത പരീക്ഷണം ഏറനാട്ടിൽ കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തിൽ നടന്ന പോരാട്ടമാണ്.”

ഹാജിയേയും സംഘത്തേയും പിടികൂടാൻ ബ്രിട്ടീഷ് ഗവണ്മെൻറ് ഇന്ത്യയിലുണ്ടായിരുന്ന മൂന്നിൽ ഒന്ന് സൈനികരെയും മലബാറിൽ വിന്യസിച്ചു. പോലീസ്, എം.എസ്.എഫ്, യനിയർ, ലിൻസ്റ്റൺ, ഡോർസെറ്റ്, രജതപുത്താന, ചിൻ, കച്ചിൻ, ഖൂർഖ റെജിമെന്റുകൾ എന്നിവരുടെയെല്ലാം സംയുക്തമായ സൈനിക ആക്രമണങ്ങൾ ഫലം കാണാതെ വന്നപ്പോൾ ബ്രിട്ടീഷ് സൈന്യത്തിന് ഏറനാടിനെ അടിച്ചമർത്താൻ സാധ്യമല്ലെന്ന നിഗമനത്തിലെത്തിയ ബ്രിട്ടീഷ് അധികാരികൾ പുതു വഴികൾ തേടി. ബ്രിട്ടീഷ് ഇന്ത്യൻ ഇന്റലിജൻസ് തലവൻ മോറിസ് വില്യംസ് മലബാറിൽ താവളമടിച്ചു. ലോയലിസ്റ്റുകളായവരെ (ബ്രിട്ടീഷ് അനുഭാവമുള്ള വരേണ്യ മുസ്ലിം- ഹിന്ദു) മുന്നിൽ നിർത്താനും, ഒറ്റുകാരെ സൃഷ്ടിക്കാനുമായിരുന്നു തീരുമാനങ്ങൾ. ഇതനുസരിച്ചു പദ്ധതികൾ നടപ്പാക്കാൻ തുടങ്ങി. ലഹള വർഗ്ഗീയ ലഹളയാണെന്നു കാണിച്ചു ലഖുലേഘ വിതരണങ്ങൾ നടന്നു. പദ്ധതികൾ പ്രാവർത്തികമാക്കിയതിനെ തുടർന്ന് മാർഷൽ ലോ കമാണ്ടന്റ് കേണൽ ഹംഫ്രി മലബാറിലെത്തി. ഹംഫ്രിയുടെ നേതൃത്വത്തിൽ വിവിധ പട്ടാള വിഭാഗം കമാണ്ടർമ്മാരുടെയും ഇന്റലിജന്സ് വിഭാഗത്തിന്റെയും യോഗം ചേർന്ന് ‘ബാറ്ററി’ എന്നപേരിൽ സ്പെഷ്യൽ ഫോയ്സ് രൂപികരിച്ചു. തുടർന്നാണ് ചെമ്പ്രശ്ശേരി തങ്ങളേയും, സീതി തങ്ങളേയും പിന്നീട് ഹാജിയേയും അറസ്റ്റ് ചെയ്യുന്നത്.ചെമ്പ്രശേരി സീതി തങ്ങന്മാരെ ചതിവിൽ പെടുത്തി കീഴ്പ്പെടുത്തിയതിനു ശേഷം ഹാജിയെ പിടിക്കാനായി ഉറ്റ സുഹൃത്ത് പൊറ്റയിൽ ഉണ്യാലി മുസ്ലിയാരെ അധികാരികൾ സമീപിച്ചു. ഹാജിയെ സന്ദർശിക്കാനും സമാന്തര സർക്കാർ പിരിച്ചു വിട്ട് കീഴടങ്ങിയാൽ കൊല്ലാതെ എല്ലാവരേയും മക്കത്തേക്ക് നാട് കടത്തുകയെ ഉള്ളുവെന്ന സർക്കാർ തീരുമാനം അറിയിക്കാനും ആവശ്യപ്പെട്ടു. ഉണ്യാൻ മുസ്ലിയാരോടൊപ്പം ഹാജിയുമായി സൗഹൃദ ബന്ധമുള്ള രാമനാഥ അയ്യർ എന്ന സർക്കിളും ഉണ്ടായിരുന്നു. ലോ കമാന്റർ ഹംഫ്രി നൽകിയ എഴുത്ത് കാട്ടി മക്കത്തേക്കു അയക്കുന്ന കാര്യം അവതരിപ്പിച്ചപ്പോൾ ഹാജി പൊട്ടി ചിരിച്ചു. ദൂതന്മാരെ പിന്തുടർന്ന് ക്യാമ്പ് വളഞ്ഞിരുന്ന ബാറ്ററി സ്പെഷ്യൽ കമാൻഡോസ് നിസ്കാരത്തിനുള്ള തയ്യാറെടുപ്പിനിടെ ഹാജിയെ കീഴ്‌പ്പെടുത്തുകയായിരുന്നു.

ഹാജിയുമായി ഗാഢ സൗഹൃദ ബന്ധമുണ്ടായിരുന്ന രാമനാഥൻ അയ്യർ ആ സ്നേഹം ആയുധമാക്കിയപ്പോൾ ഹാജി അടിതെറ്റി വീഴുകയായിരുന്നു. സായാഹ്ന പ്രാർത്ഥന സമയമായപ്പോൾ അയ്യർക്കു മുന്നിൽ ആയുധങ്ങളെല്ലാം കൂട്ടിയിട്ട് ഹാജിയടക്കമുള്ള വിപ്ലവ സംഘങ്ങൾ വുദു എടുക്കാൻ നീങ്ങി ആയുധങ്ങൾ മാറ്റിയിട്ട അയ്യരും സംഘവും അടയാളം കാട്ടിയതോടെ പ്രതേക പരിശീലനം ലഭിച്ച സേനാംഗങ്ങൾ അവരെ കീഴ്പ്പെടുത്തുകയായിരുന്നു. നിരായുധരാണെങ്കിലും കീഴടങ്ങാൻ കൂട്ടാക്കാതെ ഹാജിയും കൂട്ടരും ചെറുത്തു നിന്നതിനാൽ ആറ് മണിയോടു കൂടി മാത്രമാണ് പ്രത്യേക സംഘത്തിന് ഇവരെ കീഴടക്കാനായത്. ചെറുത്ത് നിൽപ്പിനിടെ രണ്ട്‌ ബാറ്ററി ഫോഴ്സ് അംഗങ്ങൾക്കും നാല് ഖിലാഫത്ത് പടയാളികൾക്കും ജീവൻ നഷ്ടമായി.

1922 ജനുവരി 20 ഉച്ചയ്ക്ക് മലപ്പുറം-മഞ്ചേരി റോഡിൻറെ ഒന്നാം മൈലിനടുത്ത വടക്കേ ചരിവിൽ (കോട്ടക്കുന്ന്) ഹാജിയുടെയും രണ്ട് സഹായികളുടെയും വധശിക്ഷ നടപ്പാക്കി. കോട്ടും തലപ്പാവും ധരിച്ച് കസേരയിൽ ഇരുന്ന ഹാജിയുടെ രണ്ടുകൈകളും പിന്നോട്ട് പിടിച്ചു കെട്ടിയ ശേഷം കസേരയടക്കം ദേഹവും വരിഞ്ഞുമുറുക്കി.
“‘ഞാന്‍ മക്കയെ ഇഷ്ടപ്പെടുന്നു. പക്ഷെ ഞാന്‍ പിറന്നത് മക്കയിലല്ല. വീരേതിഹാസങ്ങള്‍ രചിക്കപ്പെട്ട ഈ ഏറനാടന്‍ മണ്ണിലാണ്. ഇതാണെന്റെ നാട്. ഈ ദേശത്തേയാണ് ഞാന്‍ സ്‌നേഹിക്കുന്നത്. ഈ മണ്ണില്‍ മരിച്ചു ഈ മണ്ണില്‍ അടങ്ങണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നിങ്ങളുടെ അടിമത്തത്തില്‍ നിന്ന് ചില മാസങ്ങളെങ്കിലും മോചിപ്പിക്കപ്പെട്ട ഈ മണ്ണില്‍ മരിച്ച് വീഴാന്‍ എനിക്കിപ്പോള്‍ സന്തോഷമുണ്ട്. നിങ്ങള്‍ തിരിച്ചുപിടിച്ചുകൊണ്ടിരിക്കുക തന്നെയാണ്. പക്ഷേ പൂര്‍ണ്ണമായും കൈപ്പിടിയില്‍ ഒതുക്കാന്‍ നിങ്ങള്‍ക്ക് മാസങ്ങള്‍ വേണ്ടിവരും. ഇപ്പോള്‍ സ്വതന്ത്രമാണ് ഈ മണ്ണ്. വഞ്ചനയിലും കാപട്യത്തിലും നിങ്ങളുടെ മിടുക്ക് സമ്മതിച്ചിരിക്കുന്നു. നിങ്ങൾ കണ്ണ് കെട്ടി പിറകിൽ നിന്നും വെടി വെച്ചാണല്ലോ കൊല്ലാറ്. എന്നാൽ എന്റെ കണ്ണുകൾ കെട്ടാതെ, ചങ്ങലകൾ ഒഴിവാക്കി മുന്നിൽ നിന്ന് വെടിവെക്കണം. എൻറെ ജീവിതം നശിപ്പിക്കുന്ന വെടിയുണ്ടകൾ വന്നു പതിക്കേണ്ടത് എൻറെ നെഞ്ചിലായിരിക്കണം. അതെനിക്ക് കാണണം, ഈ മണ്ണിൽ മുഖം ചേർത്ത് മരിക്കണം” പിടിക്കപ്പെട്ട് ക്രൂര പീഡനത്തിന് വിധേയനായി മരണത്തിന് മുഖാമുഖം ചോര വാര്‍ന്ന് നില്‍ക്കുമ്പോഴും മലബാര്‍ സമരനായകന്‍ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി പറഞ്ഞ വാക്കുകളാണിത്. അന്ത്യാഭിലാഷം അംഗീകരിച്ചു കണ്ണ് കെട്ടാതെ നെഞ്ചിലേക്ക് വെടിയുതിർത്ത് ഹാജിയുടെ വധ ശിക്ഷ ബ്രിട്ടീഷ് പട്ടാളം നടപ്പിൽ വരുത്തി.മറവു ചെയ്താൽ പുണ്യപുരുഷന്മാരായി ചിത്രീകരിച്ചു അനുസ്മരണങ്ങൾ ഉണ്ടാകുമെന്ന ഭയം കാരണം ഹാജിയുടേതടക്കം മുഴുവൻ പേരുടെയും മൃതദേഹങ്ങൾ വിറകും മണ്ണെണ്ണയും ഒഴിച്ച് കത്തിച്ചു കളഞ്ഞു. കൂട്ടത്തിൽ വിപ്ലവ സർക്കാരിന്റെ മുഴുവൻ രേഖകളും അഗ്നിക്കിരയാക്കി. ഇനി ഒരിക്കലും വാരിയൻ കുന്നൻ കുഞ്ഞഹമ്മദ് ഹാജിയുടെ ഓർമ്മകൾ തിരിച്ചു വരരുത് എന്ന് സാമ്രാജത്വ തീരുമാനം നടപ്പിലാക്കാൻ കത്തിത്തീർന്ന ചാരത്തിൽ ബാക്കിയായ എല്ലുകൾ വരെ സൈന്യം പെറുക്കിയെടുത്ത് ബാഗിലാക്കി കൊണ്ട് പോയി. അന്ന് ബ്രിട്ടീഷുകാരുടെ ചെരുപ്പു നക്കികളായിരുന്നവരാണ് ഇപ്പോഴും കുരക്കുന്നത്.

‘അന്നിരുപത്തൊന്നില്‍ നമ്മളിമ്മലയാളത്തില്
ഒത്തുചേര്‍ന്നു വെള്ളയോടെതിര്‍ത്തു നല്ല മട്ടില്
ഏറനാടിന്‍ ധീരമക്കള് ചോരചിന്തിയ നാട്ടില്
ചീറിടും പീരങ്കികള്‍ക്ക് മാറു കാട്ടിയ നാട്ടില്!… ‘

(മലബാര്‍ പടപ്പാട്ട് എഴുതിയത് കമ്പളത്ത് ഗോവിന്ദൻ നായരാണ്. 1944ല്‍ ഇത് പ്രസിദ്ധീകരിച്ച ദേശാഭിമാനി വാരിക ബ്രിട്ടീഷ് ഗവണ്‍മെന്റ് അന്ന് നിരോധിച്ചു)

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ബ്രിട്ടീഷ് അധിനിവേശത്തിനും ജന്മിത്വ ചൂഷണത്തിനും എതിരായി 1921 ല്‌ മലബാറിൽ നടന്ന ഉജ്ജ്വല പോരാട്ടത്തിലെ സമരനായകൻ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ്ഹാജിയുടെ രക്തസാക്ഷിത്വദിനമാണ് ഇന്ന്.