Fri. Mar 29th, 2024

സാങ്കേതിക പിഴവുകൾ കേസ് പരിഗണിച്ച ഹൈക്കോടതി ഡിവിഷൻ ബഞ്ച് ചൂണ്ടിക്കാണിച്ചതിനെ തുടർന്ന് ജെസ്‌നയെ കണ്ടെത്തണം എന്നാവശ്യപ്പെട്ടുള‌ള ഹേബിയസ് കോർപസ് ഹർജി പിൻവലിച്ചു. കാഞ്ഞിരപ്പള‌ളി എസ്.ഡി കോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിനിയായിരുന്ന ജെസ്ന മരിയ ജയിംസിനെ 2018 മാർച്ച് 22നാണ് കാണാതായത്. രണ്ട് വർഷത്തോളമായി ജെസ്‌നയെ കാണാനില്ലെന്നും ഇതിൽ കോടതി ഇടപെടണം എന്നാവശ്യപ്പെട്ട് കൊച്ചി ആസ്ഥാനമായുള‌ള ക്രിസ്‌ത്യൻ അലയൻസ് ആന്റ് സോഷ്യൽ ആക്ഷൻ എന്ന സംഘടനയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

ഹർജിയിലെ സാങ്കേതിക പിഴവുകൾ ശ്രദ്ധയിൽപെടുത്തിയ ജസ്‌റ്റിസ് വിനോദ് ചന്ദ്രൻ, എം.ആർ അനിത എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് ഹർജി തള‌ളുമെന്ന് മുന്നറിയിപ്പ് തന്നതിനെ തുടർന്നാണ് ഹർജി പിൻവലിച്ചത്.

സംസ്ഥാന പൊലീസ് മേധാവിയെയും മുൻ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി, കേസ് അന്വേഷിച്ച പത്തനംതിട്ട മുൻ എസ്.പി കെ.ജി സൈമൺ എന്നിവരെ എതിർകക്ഷികളാക്കിയായിരുന്നു ഹർജി നൽകിയത്. കേസന്വേഷണ ഘട്ടം മുതൽ ജെസ്‌നയെ കണ്ടെത്തി എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നെങ്കിലും രണ്ട് വർഷത്തിന് ശേഷവും ജെസ്‌ന കാണാമറയത്താണ്.