മുത്തങ്ങ ഭൂസമരം: അന്യായ തടങ്കൽ, അധ്യാപകന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്

മുത്തങ്ങ ഭൂസമരത്തെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കി പീഡിപ്പിച്ച എഴുത്തുകാരനും സുല്‍ത്താന്‍ ബത്തേരി ഡയറ്റ് ലെക്ചററുമായിരുന്ന കെ.കെ. സുരേന്ദ്രന് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി.സര്‍ക്കാര്‍ പണം നല്‍കുകയും തുക ഉദ്യോഗസ്ഥരില്‍നിന്ന് ഈടാക്കുകയും വേണമെന്ന് കോടതി ഉത്തരവിട്ടു. ബത്തേരി സബ്‌കോടതി ജഡ്ജി അനിറ്റ് ജോസഫിന്റേതാണ് വിധി. ചീഫ് സെക്രട്ടറി, ജില്ലാ കളക്ടര്‍, ബത്തേരി എസ്.ഐ പി. വിശ്വംഭരന്‍, എ.എസ്.ഐ മത്തായി, പൊലീസുകാരായ വസന്തകുമാര്‍, രഘുനാഥന്‍, വര്‍ഗീസ്, പൊലീസ് സി.ഐ ദേവരാജന്‍ എന്നിവരാണ് കേസിലെ എതിര്‍കക്ഷികള്‍.

2003 ഫെബ്രുവരി 19നാണ് മുത്തങ്ങയില്‍ പൊലീസ് ആദിവാസികള്‍ക്കുനേരെ ലാത്തിചാര്‍ജും വെടിവെപ്പും നടത്തിയത്. സി.കെ. ജാനു, എം. ഗീതാനന്ദന്‍, അശോകന്‍ തുടങ്ങിയവരാണ് സമരം നയിച്ചത്. ഒരു ആദിവാസി വെടിയേറ്റ് മരിച്ചു. കണ്ണൂരില്‍ നിന്ന് എത്തിയ ഒരു പൊലീസുകാരന്‍ വെട്ടേറ്റ് മരിച്ചു. ഒരു വനപാലകന് ഗുരുതരമായ വെട്ടേറ്റു. ഇതേ തുടര്‍ന്ന് പൊലീസ് നടത്തിയ ആക്രമണത്തിനിടയിലാണ് ആദിവാസികള്‍ക്ക് സമര ഭൂമിയിലെത്തി ക്ലാസെടുത്തു എന്നാരോപിച്ച് സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്.ബത്തേരി എസ്.ഐ പി. വിശ്വംഭരന്റെ നേതൃത്വത്തില്‍ ജീപ്പിലെത്തിയ സംഘം സുരേന്ദ്രനെ ഡയറ്റിലെ സ്റ്റാഫ് റൂമില്‍ നിന്ന് ഫെബ്രുവരി 22ന് വലിച്ചിഴച്ചാണ് കൊണ്ടുപോയത്. സ്‌റ്റേഷനില്‍ പൊലീസ് മര്‍ദനത്തില്‍ കര്‍ണപടം പൊട്ടി. സര്‍വിസില്‍നിന്ന് ആറുമാസം സസ്‌പെന്‍ഡ് ചെയ്യപ്പെട്ട സുരേന്ദ്രന്‍ പ്രതിയല്ലെന്ന് പിന്നീട് കേസ് അന്വേഷിച്ച സി.ബി.ഐ കണ്ടെത്തി.

കേസില്‍നിന്ന് ഒഴിവാക്കപ്പെട്ട സുരേന്ദ്രന് ആറുമാസം ഡ്യൂട്ടി അനുവദിച്ച് സര്‍ക്കാര്‍ ശമ്പളം നല്‍കി. 2004ലാണ് സുരേന്ദ്രന്‍ നഷ്ടപരിഹാരത്തിന് സബ് കോടതിയെ സമീപിച്ചത്.

അതേസമയം അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനുള്ള കോടതി വിധിയില്‍ സംതൃപ്തിയുണ്ടെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ തന്നോട് പൊലീസ് പെരുമാറിയ രീതി, എല്ലാ മനുഷ്യാവകാശങ്ങളും ലംഘിക്കുന്നതായിരുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു. സീനിയര്‍ ലെക്ചററായി 2018ലാണ് സുരേന്ദ്രന്‍ സര്‍വിസില്‍നിന്ന് പിരിഞ്ഞത്.