Fri. Mar 29th, 2024

✍️ അഡ്വ. ഹാഷിക്ക് തൈക്കണ്ടി

കാര്‍ഷിക നിയമങ്ങളില്‍ സുപ്രീം കോടതി രൂപവത്ക്കരിച്ച വിദഗ്ദ സമിതിയിലെ നാല് അംഗങ്ങളും നേരത്തെ തന്നെ കര്‍ഷക നിയമത്തെ പിന്തുണച്ചവരാണ്. ഇതിനാല്‍ കോടതി ഉത്തരവ് കർഷകരെ കബളിപ്പിക്കാനുള്ളതാണെന്ന് വ്യക്തം. കർഷക പ്രേമം മൂത്ത് സുപ്രീം കോടതി നിശ്ചയിച്ച സമിതിയിലെ മഹാന്മാർ ആരെല്ലാമെന്ന് അറിയേണ്ടെ.

1. ഡോ. അശോക് ഗുലാത്തി.
അറിയപ്പെടുന്ന നിയോ ലിബറൽ സാമ്പത്തികകാരൻ. കഴിഞ്ഞ ദിവസം കൂടി ഇന്ത്യൻ എക്സ്പ്രസിൽ കർഷക നിയമത്തെ അനുകൂലിച്ച് എഴുതിയ വ്യക്തി.
https://indianexpress.com/…/farm-bills-protest-ashok…/

2. ഡോ. പി കെ ജോഷി
കർഷക നിയമത്തിൽ ഒരു തരത്തിലും വെള്ളം ചേർക്കരുത് എന്ന് ഫിനാൻഷ്യൽ ടൈംസ്-ൽ കഴിഞ്ഞ മാസം എഴുതിയ മഹാൻ.
https://www.financialexpress.com/…/farm-laws…/2150046/

3. അനിൽ ഘനവത്
കർഷക നിയമം പിൻവലിക്കരുത് എന്ന തരത്തിൽ ദി ഹിന്ദു ബിസിനസ്‌ലൈനിൽ എഴുതിയിരുന്നു.
https://www.thehindubusinessline.com/…/article33385229.ece

4. ഭൂപീന്ദർ സിംഗ് മൻ
മുൻ രാജ്യസഭാംഗം, കർഷക നിയമം നടപ്പിലാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കൃഷി മന്ത്രിയെ കണ്ട അഖിലേന്ത്യാ കിസാൻ കോർഡിനേഷൻ കമ്മറ്റിയുടെ നേതാവ്.
https://www.thehindu.com/…/pro…/article33327886.ece

ഇപ്പോൾ കാര്യം മനസിലായില്ലേ?പുതിയ കാർഷിക നിയമങ്ങളുടെ ഭരണഘടനാസാധുത പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകരെ നീക്കാന്‍ ഉത്തരവ് തേടിയും സമര്‍പ്പിക്കപ്പെട്ട വ്യത്യസ്ത ഹരജികള്‍ പരിഗണിച്ച ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ചാണ് മറിച്ചൊരു ഉത്തരവുണ്ടാകും വരെ നിയമം നടപ്പാക്കുന്നത് വിലക്കിയത്.

നിയമങ്ങളെക്കുറിച്ച് വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നാലംഗ സമിതിയെയും സുപ്രീം കോടതി ചുമതലപ്പെടുത്തിയിട്ടുണ്ട്.

കർഷകരെ പ്രതികൂലമായി ബാധിക്കുന്ന മൂന്ന് കാര്‍ഷിക നിയമങ്ങള്‍ കൂടുതല്‍ ചര്‍ച്ചകളില്ലാതെയാണ് കഴിഞ്ഞ മണ്‍സൂണ്‍ സെഷനില്‍ പാര്‍ലിമെന്റില്‍ കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയത്.

അറിയാനും പറയാനുമുള്ള സാമാന്യ അവകാശം പോലും നിഷേധിച്ചു കൊണ്ട് മുന്നോട്ടുപോയികൊണ്ടിരിക്കുന്ന ഒരു ഭരണകൂടത്തിന്റെ നിരവധി നിയമനിര്‍മാണങ്ങളുടെ ഒരറ്റത്തിപ്പോള്‍ നീതിപീഠത്തില്‍ നിന്ന് പ്രഹരമേറ്റിരിക്കുന്നു എന്നത് ജനാധിപത്യവാദികള്‍ക്ക് ആശ്വാസം പകരുന്നതാണ്.

കോടതി വിധി പ്രഥമദൃഷ്ട്യാ സ്വാഗതാര്‍ഹമാണെങ്കിലും അന്തിമമായി കര്‍ഷകരുടെ മുറിവുണക്കാന്‍ മതിയായതല്ലത്. എന്നാല്‍ പോലും കാര്‍ഷിക ഇന്ത്യയുടെ പ്രധാന കലവറകളായ പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകരുടെ നേതൃത്വത്തില്‍ ആരംഭിച്ച കര്‍ഷക സമരം കൈമുതലാക്കിയ നിശ്ചയദാര്‍ഢ്യത്തിന്റെ വിജയമാണ് നിയമം നടപ്പാക്കുന്നത് സ്റ്റേ ചെയ്തുകൊണ്ടുള്ള സുപ്രീം കോടതി വിധി. അത്രമേല്‍ ക്ലേശം നിറഞ്ഞ സാഹചര്യത്തിലാണ് രാജ്യ തലസ്ഥാനത്ത് കര്‍ഷകര്‍ സമരം ചെയ്തു കൊണ്ടിരിക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ സാധ്യതകളും അതിശൈത്യവും ഭീഷണിയുയര്‍ത്തിക്കൊണ്ടിരുന്ന ഘട്ടത്തിലാണ് ഡല്‍ഹി കേന്ദ്രീകരിച്ച് ആയിരക്കണക്കിന് കര്‍ഷകര്‍ സമരമുഖം തുറന്നത്.നമ്മുടെ കണക്കുകൂട്ടലുകളെയാണ് കര്‍ഷകര്‍ അസ്ഥാനത്താക്കിയത്.

കര്‍ഷക സംഘടനാ നേതാക്കളുമായി നിരന്തരം ചര്‍ച്ച നടത്തിയതൊഴിച്ചാല്‍ കര്‍ഷകരുടെ ആവശ്യത്തോട് പ്രതിലോമകരമായ സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്.ഒരു വശത്ത് ചര്‍ച്ചകള്‍ തുടര്‍ന്നപ്പോള്‍ മറുഭാഗത്ത് ബി ജെ പി അനുകൂല മാധ്യമങ്ങളെ ഉപയോഗപ്പെടുത്തിയും സംഘ്പരിവാര്‍ സംവിധാനങ്ങളിലൂടെയും ശക്തമായ കര്‍ഷകവിരുദ്ധ പ്രചാരണങ്ങളാണ് അഴിച്ചുവിട്ടത്.കേന്ദ്ര സര്‍ക്കാര്‍ വക്താക്കളെപ്പോലെ ചാനല്‍ അവതാരകര്‍ നിറഞ്ഞാടിയപ്പോള്‍ കര്‍ഷകരെ രാജ്യദ്രോഹികളായി ചിത്രീകരിച്ച് രംഗത്തുവരാന്‍ ബി ജെ പി നേതാക്കള്‍ തന്നെ മുന്നിട്ടിറങ്ങി. ബി ജെ പി കേന്ദ്രങ്ങളുടെ നിരന്തര കര്‍ഷകവിരുദ്ധ പ്രചാരവേലകള്‍ തിരിച്ചടിയാകുന്നു എന്ന തിരിച്ചറിവിലാണ് ഒരു വേള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കര്‍ഷക സമരം രാഷ്ട്രീയപ്രേരിതമാണെന്ന അഭിപ്രായം തങ്ങള്‍ക്കില്ലെന്ന് പ്രസ്താവിച്ചത്. രാജ്യദ്രോഹികള്‍, ഇടത് തീവ്രവാദികള്‍, തുക്ടെ തുക്ടെ ഗ്യാങ്, ഖലിസ്ഥാന്‍ ഭീകരവാദികള്‍ തുടങ്ങിയ മാരക പ്രയോഗങ്ങളാണ് ഭരണകൂട പിന്തുണയോടെ സകല വിധി ശിങ്കിടികളും കര്‍ഷകര്‍ക്കെതിരെ നടത്തിയത്. അതോടൊപ്പം കര്‍ഷക സംഘടനകള്‍ക്കിടയില്‍ അനൈക്യം സൃഷ്ടിക്കാന്‍ പഠിച്ച പണികള്‍ പലതും പയറ്റുകയും ചെയ്തു. 29 ജീവനുകള്‍ നഷ്ടപ്പെട്ടെങ്കിലും കര്‍ഷക സമരം വിജയ സൂചനകള്‍ കാണിച്ചു തുടങ്ങിയിട്ടുണ്ടെങ്കില്‍ പൗരന്റെ ജീവല്‍ പ്രശ്‌നങ്ങളെ സ്പര്‍ശിക്കുന്ന, ഇനിയും രാജ്യത്ത് പിറവികൊള്ളേണ്ട ജനാധിപത്യ പ്രക്ഷോഭങ്ങള്‍ക്ക് വിളവുള്ള നിലമൊരുക്കിയിരിക്കുകയാണ് നമ്മുടെ കര്‍ഷകര്‍.

കര്‍ഷകര്‍ക്ക് ലഭ്യമാക്കിയിരിക്കുന്ന ദുര്‍ബലമായ വിലപേശല്‍ ശേഷിയും അപര്യാപ്തമായ നിയമ സംരക്ഷണവുമാണ് വിവാദ കാര്‍ഷിക നിയമങ്ങളില്‍ എഴുന്നുനില്‍ക്കുന്ന പ്രശ്‌നങ്ങള്‍. കോര്‍പറേറ്റ് ഭീമന്‍മാര്‍ക്ക് മുമ്പില്‍ വാദിച്ചു നില്‍ക്കാന്‍ മാത്രം ശബ്ദമുള്ളവരാണോ നമ്മുടെ കര്‍ഷകര്‍. പച്ചയായ കോര്‍പറേറ്റ് ദാസ്യം മുഖമുദ്രയാക്കിയ ഭരണകൂടം നാട് ഭരിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് ലഭ്യമായ സ്വാധീനശേഷി എത്രത്തോളം ചെറുതായിരിക്കുമെന്നത് ലളിത ബുദ്ധിയില്‍ ചിന്തിക്കാവുന്നതേയുള്ളൂ.

മിനിമം താങ്ങുവില എടുത്തുകളയുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് കര്‍ഷകര്‍ ഉയര്‍ത്തിയത്. എന്നാല്‍ മിനിമം താങ്ങുവില നിലനിര്‍ത്തുമെന്ന ഉറപ്പ് എഴുതിത്തരാം എന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ പക്ഷം. തങ്ങള്‍ക്കുവേണ്ടത് കേവല ഉറപ്പുകളല്ലെന്നും നിയമപരമായ ഗ്യാരണ്ടിയാണെന്നുമുള്ള കര്‍ഷക സംഘടനകളുടെ ആവശ്യത്തോട് നേര്‍ക്കുനേര്‍ പ്രതികരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായതുമില്ല.

കാര്‍ഷിക മേഖലയില്‍ ഇത്ര തിടുക്കപ്പെട്ട് നിയമങ്ങള്‍ കൊണ്ടുവരേണ്ട സാഹചര്യം എന്തെന്ന ചോദ്യം കേന്ദ്ര സര്‍ക്കാറിന്റെ മറ്റു പല നിയമനിര്‍മാണങ്ങളിലെന്നപോലെ ഇതിലും ഉയരേണ്ടതാണ്. നേരത്തേ തന്നെ ഭരണകൂടം തുടര്‍ന്നു വരുന്ന കര്‍ഷകവിരുദ്ധ നിലപാടിന്റെ ഏറ്റവും നീതിരഹിതമായ രൂപമാണ് മൂന്ന് കാര്‍ഷിക നിയമങ്ങള്‍.സമരത്തില്‍ നിന്ന് കര്‍ഷക സംഘടനകളെ പിന്തിരിപ്പിക്കാനും അതുവഴി കേന്ദ്ര സര്‍ക്കാറിന് തലവേദന മാറികിട്ടാനുമുള്ള അടവാണ് സുപ്രീം കോടതി വിധി.

അതോടൊപ്പം തങ്ങള്‍ക്ക് സ്വീകര്യമല്ലാത്ത വ്യവസ്ഥകള്‍ക്ക് മേല്‍ ചര്‍ച്ചക്കിരിക്കാന്‍ വിസമ്മതിക്കുന്ന കര്‍ഷക സംഘടനാ നേതാക്കളെ വിവാദ കാര്‍ഷിക നിയമങ്ങളില്‍ കേന്ദ്ര സര്‍ക്കാറിനോട് ചായ്‌വുള്ള നിലപാട് സ്വീകരിക്കുന്ന സമിതിയംഗങ്ങള്‍ക്ക് മുമ്പിലെത്തിക്കാനുമുള്ള കുറുക്കുവഴിയാണ് ഈ വിധി. അത് മുന്‍കൂട്ടി കണ്ടുകൊണ്ടു തന്നെ കര്‍ഷക സംഘടനകള്‍ പ്രതികരിക്കുന്നത് അഭിനന്ദനാർഹമാണ്. അന്തിമ വിജയം വരെ സമരം ചെയ്യുന്ന, രാജ്യത്തെ ഊട്ടുന്ന, അന്നദാതാക്കൾക്കൊപ്പം തന്നെ!