രാഹുലിന്റെ ന്യായ് പദ്ധതി ഉള്‍പ്പെടുത്തി യുഡിഎഫ് പ്രകടനപത്രിക; പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിമാസം 6000 രൂപ

പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിമാസം 6000 രൂപ ലഭ്യമാക്കുന്ന രാഹുല്‍ ഗാന്ധിയുടെ ന്യായ് പദ്ധതി പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തി യുഡിഎഫ്. മിനിമം വരുമാനം ഉറപ്പാക്കുന്ന പദ്ധതി പ്രകാരം ഒരു കുടുംബത്തിന് പ്രതിവര്‍ഷം 72,000 രൂപ ലഭിക്കും. ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രകടനപത്രികയിലാണ് ഈ പദ്ധതി യുഡിഎഫ് ഉള്‍പ്പെടുത്തി പുറത്തിറക്കിയത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫെയ്‌സ്ബുക്കിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് നിന്ന് ദാരിദ്ര്യം തുടച്ചുനീക്കാന്‍ ഈ പദ്ധതിയിലുടെ കഴിയുമെന്ന് അദേഹം വ്യക്തമാക്കി.ഇതോടെ ന്യായ് പദ്ധതി പൂര്‍ണമായി നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും ചെന്നിത്തല അറിയിച്ചു.

പ്രകടനപത്രികയില്‍ പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങളുും നിര്‍ദേശങ്ങളും മെയില്‍ വഴി സ്വീകരിക്കാനും യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. ജനകീയ മാനിഫെസ്‌റ്റോയുമായിട്ടാണ് യുഡിഎഫ് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിനെ സമീപിക്കുന്നതെന്നും അദേഹം വ്യക്തമാക്കി.