സമരം കൂടുതല്‍ ശക്തമാക്കുന്നു; രാജ്യവ്യാപകമായി ഇന്ന് കര്‍ഷക ബില്ലുകള്‍ കത്തിക്കും

കാര്‍ഷിക നിയമങ്ങളില്‍ സുപ്രീം കോടതി രൂപവത്ക്കരിച്ച വിദഗ്ദ സമിതിയുമായി ഒരു സഹകരണവും നടത്താതെ സമരം കൂടുതല്‍ ശക്തമാക്കാന്‍ കര്‍ഷകര്‍ ഒരുങ്ങുന്നു. സമരത്തിന്റെ ഭാവി പരിപാടികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി കര്‍ഷക സംഘടനകളുടെ സംയുക്ത യോഗം ഇന്ന് നടക്കും. കോടതി തീരുമാനിച്ച വിദഗ്ദ സമിതിയിലെ നാല് അംഗങ്ങളും നേരത്തെ തന്നെ കര്‍ഷക നിയമത്തെ പിന്തുണച്ചവരാണ്. ഇതിനാല്‍ കോടതി ഉത്തരവ് തങ്ങളെ കബളിപ്പിക്കാനുള്ളതാണെന്നും കര്‍ഷക സംഘടനകള്‍ക്കിടയില്‍ അഭിപ്രായമുണ്ട്. ഇതിനാല്‍ വലിയ പ്രക്ഷോഭം തന്നെയാണ് കര്‍ഷകര്‍ ലക്ഷ്യമിടുന്നത്.

എന്നാല്‍ സമരം തുടരുന്നതിനൊപ്പം കേന്ദ്ര സര്‍ക്കാറുമായി ചര്‍ച്ച തുടരുമെന്നും കര്‍ഷക സംഘടനകള്‍ പറയുന്നു. പാര്‍ലിമെന്റിലാണ് കര്‍ഷകരുടെ ആശങ്കകള്‍ക്ക് പരിഹാരമുണ്ടാകേണ്ടത്. വെള്ളിയാഴ്ച കേന്ദ്രസര്‍ക്കാറുമായി നിശ്ചയിച്ചിരിക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കും. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി അടക്കം പരിപാടികള്‍ സമാധാന പൂര്‍വമായിരിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. ഉത്തരേന്ത്യയിലെ ശൈത്യകാല ഉത്സവമായ ലോഡി ഇന്ന് ആഘോഷിക്കുമ്പോള്‍ കാര്‍ഷിക ബില്ലുകള്‍ വ്യാപകമായി കത്തിക്കും.ജനുവരി 18ന് വനിതകളുടെ രാജ്യ വ്യാപക പ്രതിഷേധവും റിപബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ പരേഡും നടത്തും. ട്രാക്ടര്‍ പരേഡ് അനുവദിക്കരുതെന്ന ഡല്‍ഹി പൊലീസിന്റെ ഹjജിയില്‍ സുപ്രീംകോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇന്ന് ചേരുന്ന കര്‍ഷക സംഘടനാ നേതാക്കളുടെ യോഗം ഇക്കാര്യവും ചര്‍ച്ച ചെയ്യും.