കേരളത്തിനുള്ള കൊവിഡ് വാക്‌സിന്‍ നാളെ മുതല്‍ എത്തിത്തുടങ്ങും

കേരളത്തിനുള്ള കൊവിഡ്- 19 പ്രതിരോധ വാക്‌സിന്‍ നാളെ മുതല്‍ എത്തിത്തുടങ്ങും. കേരളത്തിന് 4,35,500 കുപ്പി വാക്‌സിനാണ് ലഭിക്കുകയെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഒരു കുപ്പിയില്‍ പത്ത് ഡോസ് വാക്‌സിനാണുണ്ടാകുക.

കേരളത്തിലേക്ക് എത്തുന്ന വാക്‌സിനില്‍ 1,100 എണ്ണം പോണ്ടിച്ചേരി കേന്ദ്ര ഭരണപ്രദേശത്തില്‍ പെട്ട മാഹിയിലേക്കുള്ളതാണ്. വിമാനമാര്‍ഗമാണ് വാക്‌സിന്‍ എത്തുക. ഉച്ചക്ക് രണ്ട് മണിയോടെ നെടുമ്പാശ്ശേരിയിലും വൈകീട്ട് ആറ് മണിയോടെ തിരുവനന്തപുരത്തുമാണ് ഇവയെത്തുക.

ഒരു കുപ്പി പൊട്ടിച്ചുകഴിഞ്ഞാല്‍ ആറുമണിക്കൂറിനുളളില്‍ ഉപയോഗിക്കണം. വാക്‌സിന്‍ സൂക്ഷിക്കാനും വിതരണത്തിനുമുളള സംവിധാനങ്ങള്‍ കേരളത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. കോഴിക്കോടും കൊച്ചിയിലും തിരുവനന്തപുരത്തും ഉള്ള റീജ്യനല്‍ വാക്‌സിന്‍ കേന്ദ്രങ്ങളിലാണ് വാക്‌സിന്‍ സംഭരിക്കുക. അവിടെ നിന്ന് പിന്നീട് ജില്ലകളിലേക്ക് എത്തിക്കും.