Tue. Mar 19th, 2024

ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ ലോഗോ വിവാദത്തിന് താത്കാലിക ശമനം. ലോഗോ ഉപയോഗിക്കുന്നത് നിറുത്തിവയ്ക്കുമെന്നും, വിദഗ്ദ്ധ സമിതിയുടെ പരിശോധനയ്ക്ക് ശേഷം തീരുമാനമെടുക്കുമെന്നും സർവകലാശാലാ രജിസ്ട്രാർ വ്യക്തമാക്കി. ലോഗോയി​ൽ ഗുരുദേവന്റെ ചി​ത്രമി​ല്ലാത്തതു സംബന്ധി​ച്ച വാർത്ത വിവാദമായതിനെത്തുടർന്നാണ് നടപടി.

ലോഗോ പരിശോധിക്കാൻ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനും, കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ, തിരുവനന്തപുരം ഫൈൻ ആർട്‌സ് കോളേജ് പ്രിൻസിപ്പൽ ഡോ. വി. മനോജ് എന്നിവർ അംഗങ്ങളുമായ കമ്മിറ്റിയെ നിയോഗിച്ചു. വിദഗ്ദ്ധ സമിതി ലോഗോ വിശദമായി പരിശോധിക്കുന്നതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി കൈക്കൊള്ളുമെന്നും സർവകലാശാല അറിയിച്ചു. സമിതിയുടെ ശ്രദ്ധയിൽ കൊണ്ടുവരേണ്ട കാര്യങ്ങൾ പൊതുജനങ്ങൾക്ക് samithy.sreenarayanaguruou@gmail.com എന്ന വിലാസത്തിൽ അറിയിക്കാം.

ലോഗോയിൽ ഗുരുദേവന്റെ രേഖാചിത്രമില്ലെന്നതാണ് പ്രധാന ആക്ഷേപം. ഗുരുവിന്റെ ആശയങ്ങൾ ത്രിമാന ജ്യാമിതീയ രൂപങ്ങളിലുണ്ടെന്നും ലോഗോയിൽ ഗുരുവിന്റെ ചിത്രമോ ഇൻപ്രിന്റഡ് രൂപമോ ആവശ്യമില്ലെന്നുമുള്ള നിലപാടിലായിരുന്നു സർവകലാശാല. വി.സി ഡോ. പി.എം. മുബാറക്ക് പാഷയും ലോഗോ പിൻവലിക്കില്ലെന്ന നിലപാടാണ് കൈക്കൊണ്ടിരുന്നത്.ഒരാഴ്ചയായി നിരവധി സമരങ്ങളാണ് ലോഗോയ്‌ക്കെതിരായി സർവകലാശാലാ ആസ്ഥാനത്ത് നടന്നത്. എൻ.കെ. പ്രേമചന്ദ്രൻ എം.പി, കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, ബി.ജെ.പി കൊല്ലം ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ അടക്കമുള്ള പ്രമുഖ നേതാക്കളും നിരവധി സംഘടനകളും ലോഗോയ്‌ക്കെതിരെ രംഗത്തെത്തി.

വിദേശത്തുള്ള ഒരു ധനകാര്യ സ്ഥാപനത്തിന്റെ ലോഗോയ്ക്ക് സമാനമാണിതെന്നും ജ്യാമിതീയ രൂപത്തിലുള്ള ലോഗോ കേരളത്തിൽ ഒരു സർവകലാശാലയും സ്വീകരിച്ചിട്ടില്ലെന്നും ആക്ഷേപമുയർന്നു. സർക്കാർ മുൻകൈയെടുത്ത് കൊണ്ടുവന്ന സർവകലാശാല തുടക്കം മുതലേ വിവാദത്തിലാകുന്നത് ഗുരുദേവനോടുള്ള അവഹേളനമാണെന്ന വിമർശനവും വ്യാപകമാണ്.