ലൈഫ് മിഷന്‍ കേസില്‍ സി ബി ഐ അന്വേഷണം തുടരാന്‍ ഹൈക്കോടതി ഉത്തരവ്

വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ സി ബി ഐ അന്വേഷണം തുടരാന്‍ ഹൈക്കോടതി ഉത്തരവ്. നേരത്തെ അന്വേഷണത്തിന് ഏര്‍പ്പെടുത്തിയ സ്‌റ്റേ ഹൈക്കോടതി നീക്കി. സി ബി ഐ കേസ് റദ്ദ് ചെയ്ത് അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാറിന്റെ ഹരജി ജസ്റ്റിസ് സോമരാജിന്റെ നേതൃത്വത്തിലുള്ള ഹൈക്കോടതി ബെഞ്ച് തള്ളി. ഒപ്പം അന്വേഷണത്തിനെതിരായ യുണിടാക് ഉടമ സന്തോഷ് ഈപ്പന്റെ ഹരജിയും തള്ളിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാറിനെ മോശമായി ചിത്രീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും ഇതിന്റെ ഭാഗമാണ് സി ബി ഐയുടെ നീക്കമെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് വേണ്ടത്ര കോടതി പരിഗണിക്കപ്പെടാതെ പോയത് സംസ്ഥാന സര്‍ക്കാറിനുള്ള തിരിച്ചടിയാണ്.

നയപരമായ തീരുമാനം എടുത്തതുകൊണ്ട് മാത്രം മുഖ്യമന്ത്രിയുടേയോ, മന്ത്രിസഭയുടേയോ പേരില്‍ കുറ്റം പറയാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ചില ഉദ്യോഗസ്ഥ തലത്തില്‍ അഴിമതിയും ഗൂഢാലോചനയും നടന്നുവെന്നാണ് സംശയിക്കുന്നത്. ഐ എ എസ് ഉദ്യഗോസ്ഥര്‍ അടക്കമുള്ളവര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ ഇടനിലക്കാരാക്കി. ഉദ്യോഗസ്ഥ ഗൂഢാലോചന ഗൗരവമായി കാണണം. ഇത് അന്വേഷിക്കേണ്ടത് തന്നെയാണ്. സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുമ്പോള്‍ അതിന്റെ വിശദാംശങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കേണ്ടതായിരുന്നുവെന്നും ജസ്റ്റിസ് സോമരാജന്‍ പറഞ്ഞു. വിധിയില്‍ സന്തോഷമെന്നും അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും ആരോപണം ആദ്യം ഉന്നയിച്ച അനില്‍ അക്കരെ എം എല്‍ എ പറഞ്ഞു.