കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ല; കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി

കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ചൊവ്വാഴ്ച സുപ്രധാന ഉത്തരവ് പുറപ്പെടുവിക്കാനിരിക്കെ നിയമങ്ങള്‍ പിന്‍വലിക്കാനാകില്ലെന്ന് കാണിച്ച് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കി. വിവാദ കാര്‍ഷിക നിയമങ്ങള്‍ സംബന്ധിച്ച് തിങ്കളാഴ്ച സുപ്രീം കോടതിയില്‍ അതിശക്തമായ വാദപ്രതിവാദങ്ങള്‍ നടന്നിരുന്നു.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം ന്യായീകരിക്കാനാകാത്തതും അസ്വീകാര്യവുമാണെന്നും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. രണ്ട് പതിറ്റാണ്ടുകളായി നടന്ന ചര്‍ച്ചകള്‍ക്കുശേഷം കൊണ്ടുവന്നതാണ്. രാജ്യത്തെ ഭൂരിഭാഗം കര്‍ഷകര്‍ക്കും നിയമം സ്വീകാര്യമാണ്. ഒരു വിഭാഗം കര്‍ഷകര്‍ മാത്രമാണ് അതിനെതിരെ പ്രതിഷേധിക്കുന്നതെന്നും സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.

കാര്‍ഷിക നിയമത്തിനെതിരെ ജനുവരി 26 ന് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ട്രാക്ടര്‍ റാലി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പോലീസ് ജോയിന്റ് കമ്മീഷണര്‍ സമര്‍പ്പിച്ച അപേക്ഷയും സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും.