Fri. Mar 29th, 2024

കടയ്ക്കാവൂരിൽ പതിനാലുകാരനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പൊലീസിനെതിരെ ശിശുക്ഷേമ സമിതി. വിവരം പൊലീസിനെ അറിയിച്ചത് ശിശുക്ഷേമ സമിതിയല്ലെന്ന് ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി അദ്ധ്യക്ഷ അഡ്വ എൻ സുനന്ദ പറഞ്ഞു.

ശിശുക്ഷേമ സമിതിയോട് പൊലീസ് ആവശ്യപ്പെട്ടത് കൗൺസിലിംഗ് നൽകി റിപ്പോർട്ട് സമർപ്പിക്കാൻ മാത്രമാണെന്നും അവർ ഒരു മാദ്ധ്യമത്തോട് പറഞ്ഞു. ‘പൊലീസ് എഫ്‌ ഐ ആറിൽ പറയുന്നത് ശിശുക്ഷേമ സമിതിയാണ് വിവരമറിയിച്ചതെന്നാണ്. എന്നാൽ അത് തെറ്റാണ്. ഒരു ലേഡി കോൺസ്റ്റബിളിനെയും കൂട്ടിയാണ് പതിനാലുകാരനായ കുട്ടിയെ കൗൺസിലിംഗിനായി കൊണ്ടുവന്നത്. ആദ്യമേ വിവരം ലഭിച്ചതുകൊണ്ടാണല്ലോ പൊലീസും കൂടെ വന്നത്. അപ്പോൾ ആ വിവരം ആരാണോ നൽകിയത് അവരുടെ പേരാണ്, വിവരം നൽകിയ ആൾ എന്നകോളത്തിൽ വരേണ്ടത്.’ എന്ന് അഡ്വ. സുനന്ദ പറഞ്ഞു.

അതേസമയം കേസ് കെട്ടിച്ചമച്ചതാണെന്നാണ് കുറ്റാരോപിതയായ യുവതിയുടെ കുടുംബം ആരോപിക്കുന്നത്. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും, ഡിജിപിക്കും പരാതി നൽകാനാണ് ബന്ധുക്കളുടെ തീരുമാനം. യുവതിയുമായുള്ള വിവാഹബന്ധം വേർപെടുത്താതെ മൂന്നു വർഷമായി ഭർത്താവ് അകന്നു കഴിയുകയാണെന്നും, മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതറിഞ്ഞ് ജീവനാംശം തേടി കോടതിയെ സമീപിച്ചതാണ് പോക്സോ കേസിൽ കുടുക്കാൻ കാരണമെന്നും ബന്ധുക്കൾ ആരോപിക്കുന്നു. പൊലീസിനെതിരെയും ബന്ധുക്കൾ വിമർശനമുന്നയിക്കുന്നു. അഞ്ച് ദിവസം മുൻപ് ആറ്റിങ്ങൽ ഡിവൈഎസ്‌‌പിക്ക് പരാതി നൽകിയിട്ടും അന്വേഷണം ഇതുവരെ തുടങ്ങിയിട്ടില്ലെന്ന് യുവതിയുടെ കുടുംബം പറയുന്നു.

READ IN ENGLISH: Kadakavur POCSO case: Information in FIR is wrong, child welfare panel turns against police