Fri. Mar 1st, 2024

✍️  സി.ആർ. സുരേഷ്

“അദ്ദേഹമാണ് ആധുനിക ഭൗതിക ശാസ്ത്രത്തിന്‍റെ പിതാവ്, തീർച്ചയായും ആധുനിക ശാസ്ത്രത്തിന്റെയാകെ പിതാവും അദ്ദേഹം തന്നെയാണ് ” – ഐൻസ്റ്റൈൻ.

ജ്യോതിശ്ശാസ്ത്രം, ഭൗതികശാസ്ത്രം എന്നിവയ്ക്ക് നല്‍കിയിട്ടുള്ള സംഭാവനകളുടെ പേരിൽ എന്നും ഓർക്കപ്പെടുന്ന പേരാണ് ഇറ്റാലിയൻ ശാസ്ത്രഞ്ജൻ ഗലീലിയോ ഗലീലി (1564 – 1642).

ഗണിത ശാസ്ത്രത്തെ അടിസ്ഥാനമാക്കി ഗലീലിയോ നടത്തിയ പരീക്ഷണങ്ങളുടെ വിജയം മറ്റു പരീക്ഷണങ്ങൾക്കും വഴിതെളിച്ചു. അതിനാൽ അദ്ദേഹം ശാസ്ത്രത്തിന്‍റെ പിതാവ് എന്ന് അറിയപ്പെട്ടു. കോപ്പർ നിക്കസിന്‍റെ സിദ്ധാന്തങ്ങളെ ശരിവച്ച് അവയ്ക്ക് ഫലപ്രദമായ അടിത്തറയും ന്യായീകരണങ്ങളും നല്‍കി. അതിനാൽ, ജ്യോതിശാസ്ത്രത്തിന്‍റെയും ഭൗതിക ശാസ്ത്രത്തിന്‍റെയും പിതാവായും ഗലീലിയോ അറിയപ്പെടുന്നു.

ഇറ്റലിയിലെ പീസായിൽ ജനനം, 1585 – 86 ൽ സിയനെയിൽ സർക്കാർ ജോലി കിട്ടിയ ഗലീലിയോ 1586 ൽ വലംബ്രോസയിലും ഗണിതം പഠിപ്പിച്ചു. ആദ്യ ശാസ്ത്രഗ്രന്ഥമായ ‘ദ ലിറ്റിൽ ബാലൻസ്’ പ്രസിദ്ധീകരിച്ചത് 1586ലാണ്. 1592 ൽ പാദുവ യൂണിവേഴ്‌സിറ്റിയിൽ ഗണിത പ്രൊഫസറായി ജോലി ലഭിച്ചു. 18 വർഷം അവിടെ അധ്യാപനം നടത്തി.യഥാർത്ഥത്തിൽ ടെലിസ്‌കോപ്പ് കണ്ടുപിടിച്ചത് ഗലീലിയോ അല്ല. എന്നാൽ പ്രായോഗികമായ ടെലിസ്‌കോപ്പുകൾ വികസിപ്പിച്ചതും വ്യാപകമാക്കിയതും പരീക്ഷണ നിരീക്ഷണങ്ങൾ നടത്തിയതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണത്തിന് ദൂരദർശിനി ആദ്യമുപയോഗിച്ചതും ഗലീലിയോ തന്നെ.1609 ആഗസ്റ്റിൽ എട്ടിരട്ടി വലുതാക്കി കാണിക്കുന്ന ദൂരദർശിനി നിർമ്മിച്ചു.

1610 മേയിൽ വെനീസിൽ പ്രസിദ്ധീകരിച്ച ‘ദ മെസഞ്ചർ ഓഫ് ദ സ്റ്റാർസ്’ എന്ന ചെറു പുസ്തകത്തിലൂടെ വ്യാഴഗ്രഹത്തിന്റെ നാലു ചന്ദ്രന്മാരെ കണ്ടെത്തിയ വിവരം വെളിപ്പെടുത്തി. ജോഹാനാസ് കെപ്ലറാണ് അവയ്ക്ക ഉപഗ്രഹം എന്ന പേര് നല്‍കിയത്. ചന്ദ്രനെപ്പോലെ ശുക്രനും സ്വയം പ്രകാശിക്കുന്നില്ലെന്നും സൂര്യപ്രകാശം തട്ടിയാണ് അത് തിളങ്ങുന്നതെന്നും അദ്ദേഹം കണ്ടെത്തി.

1534-ൽ നിക്കോളാസ്‌ കോപ്പർനിക്കസ്‌ (1473-1543) “ഗോളങ്ങളുടെ ഭ്രമണത്തെപ്പറ്റി” എന്ന തന്റെ വിഖ്യാത രചനയിലൂടെ തീർത്തും വ്യത്യസ്തങ്ങളായ ചിത്രം അവതരിപ്പിച്ചു. സൂര്യനാണ്‌ സൗരയൂഥകേന്ദ്രം എന്ന അദ്ദേഹത്തിന്റെ സൂര്യകേന്ദ്രിത പ്രപഞ്ചസിദ്ധാന്തം ഏറെ കോളിളക്കം സൃഷ്ടിച്ചു.

17-ാ‍ം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഗലീലിയോ ആണ്‌ കോപ്പർ നിക്കസിന്റെ സൂര്യകേന്ദ്രിത പ്രപഞ്ചസിദ്ധാന്തത്തെ ശരിവച്ചത്‌. ഭൂമിയല്ല, സൂര്യനാണ്‌ പ്രപഞ്ചകേന്ദ്രം എന്ന കോപ്പർ നിക്കസിന്റെ സിദ്ധാന്തത്തെ പിന്താങ്ങുകവഴി ഗലീലിയോയെ സഭ അനഭിമതനായി പ്രഖ്യാപിച്ചു.നക്ഷത്രദൂതൻ എന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണവും ഡയലോഗ്‌ കൺസേർണിങ്‌ ടു പ്രിൻസിപ്പൽ സിസ്റ്റംസ്‌ ഓഫ്‌ ദി വേൾഡ്‌ (ഇരുനവശാസ്ത്രങ്ങൾ) എന്ന പുസ്തകത്തിന്റെ രചനയും ഗലീലിയോയ്ക്ക്‌ അനുകൂലമായും പ്രതികൂലമായും പ്രതികരണങ്ങളുണ്ടായി.

കോപ്പർനിക്കസ് സിദ്ധാന്തം ശരിവെച്ചുകൊണ്ട് ഗലീലിയോയുടെ വിദ്യാർഥിയും പിസായിലെ ഗണിത ശാസ്ത്രാധ്യാപകനുമായ കസ്‌റ്റെലിക് 1613 ൽ ഗലീലിയോ അയച്ച കത്ത് അദ്ദേഹത്തിന്റെ ശത്രുക്കൾ എങ്ങനെയോ സംഘടിപ്പിച്ചു റോമിലെ മതവിചാരണ സമിതിയ്ക്കയച്ചു കൊടുത്തു.

കോപ്പർനിക്കസിന്റെ സിദ്ധാന്തത്തെ ബൈബിളിന്റെ വെളിച്ചത്തിൽ പരിശോധിക്കാൻ പോപ്പ് പോൾ അഞ്ചാമൻ ഉത്തരവിട്ടു. 1616 ഫെബ്രുവരി 24ന് മതദ്രോഹ വിചാരണസമിതി കൂടുകയും കോപ്പർനിക്കസിന്റെ പ്രബന്ധങ്ങൾ തെറ്റാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ആശയങ്ങൾ പ്രചരിപിക്കുന്നതിൽ നിന്നും ഗലീലിയോയെ സമിതി വിലക്കി. ഇതിനു വില കല്പിക്കാതെ ഗലീലിയോ 1623 ൽ ‘ലോഹ പരിശോധകൻ’, 1632 ൽ രണ്ടു ലോകവ്യവസ്ഥിതികളെക്കുറിച്ചുള്ള സംവാദം’, 1634 ൽ ‘സംവാദങ്ങൾ’ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.

1632 ൽ ‘ഡയലോഗ്’ പ്രസിദ്ധീകരിച്ചതോടെ ഇൻക്വിസിഷന് ഗലീലിയോയെ റോമിലേയ്ക്ക് വിളിപ്പിച്ചു. വിശ്വാസിയായിരുന്നിട്ടും ശാസ്ത്രസത്യങ്ങൾ വിളിച്ചുപറഞ്ഞതിന് അദ്ദേഹം പള്ളിയുടെ കണ്ണിൽ കരടായി. തുടർന്ന്, അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തി ജീവിതാന്ത്യം വരെ തടവുശിക്ഷയ്ക്ക് വിധിച്ചു.

359 വർഷത്തിനു ശേഷം, ഗലിലിയോയുടെ കാര്യത്തിൽ സഭയ്ക്ക്‌ തെറ്റുപറ്റിയതായി സമ്മതിച്ച് 1992 ഒക്ടോബർ 31-ന്‌ ജോൺപോൾ രണ്ടാമൻ മാർപാപ്പ ഏറ്റുപറഞ്ഞു.