Thu. Mar 28th, 2024

✍️ അഡ്വ. ഹാഷിക്ക് തൈക്കണ്ടി, ദുബൈ 

ഖത്തറിന് മേല്‍ മൂന്നു വര്‍ഷമായി ചുമത്തിയിരുന്ന ഉപരോധം പിന്‍വലിച്ച് സൗദി ബോര്‍ഡര്‍ തുറന്നതോടെ, പൂര്‍വ്വാധികം ഭംഗിയായി മിഡില്‍ ഈസ്റ്റിന്റെ ബഹുമുഖ മേഖലകളിലെ വളര്‍ച്ച നടക്കും സൗദിയില്‍ നടന്ന ജി.സി.സി നാല്പത്തിയൊന്നാം സമ്മിറ്റില്‍ പ്രശംസനീയമായ ഈ തീരുമാനത്തിന് നേതൃത്വം നല്‍കിയ യു.എ.ഇ വൈസ് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം, സൗദി ക്രൗണ്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ്, കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ റഹ്മാന്‍ സബാഹി, ഖത്തര്‍ അമീര്‍ ഹിസ് ഹൈനസ് തമീം ബിന്‍ ഹമദ് അല്‍ അസാനി, ഒമാന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി ശൈഖ് ഫഹദ് ബിന്‍ മഹമൂദ്, ബഹ്റൈന്‍ ക്രൗണ്‍ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ എന്നീ ഭരണകര്‍ത്താകളെ അനുമോദിക്കുന്നു.

ജി സി സി രാജ്യങ്ങള്‍ക്കിടയില്‍ ഒരുമയും സൗഹൃദവും ഊഷ്മളമായത് പ്രവാസികൾക്ക് അത്യന്തം സന്തോഷകരമായൊരു സംഭവവും മിഡില്‍ ഈസ്റ്റിന്റെ വികസനത്തിനും മുന്നേറ്റത്തിനും ഈ യോജിപ്പ് കരുത്തുപകരുകയും ചെയ്യും. ജി സി സി രാഷ്ട്രങ്ങള്‍ ഒരുമിച്ചു നിന്ന് സാമൂഹിക-സാമ്പത്തിക പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നത് അറബ് ലോകത്തിന്റ സുസ്ഥിര വളര്‍ച്ചയെ ത്വരിതപ്പെടുത്തും.
അറബ്-ഇസ്ലാമിക പൈതൃകം ആഴത്തില്‍ നിലനില്‍ക്കുന്ന ഈ രാജ്യങ്ങളുടെ യോജിച്ചുള്ള പ്രവര്‍ത്തനങ്ങളും, പദ്ധതികളും ഏഷ്യ-ആഫ്രിക്ക വന്കരകളിലെ നിരവധി രാജ്യങ്ങള്‍ക്കും സഹായകരമാകും. ആഫ്രിക്കയിലെ പല ദരിദ്ര രാജ്യങ്ങളുടെയും ജി ഡി പിയെ വര്‍ദ്ധിപ്പിക്കുന്നതില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കും, അവിടെ നിലനില്‍ക്കുന്ന തൊഴില്‍ – വ്യാപാര സാഹചര്യങ്ങള്‍ക്കും വലിയ പങ്കുണ്ട്. ഇന്ത്യയുടേയും പ്രധാന വാണിജ്യ സൗഹൃദ രാജ്യങ്ങളാണ് ജി സി സി രാഷ്ട്രങ്ങള്‍. ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.

അമേരിക്കയില്‍ അധികാരത്തില്‍ നിന്ന് പുറത്തേക്ക് പോകുന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സൗദി ഖത്തര്‍ വിഷയത്തില്‍ കാര്യമായ ഇടപെടല്‍ നടത്തിയിരുന്നു. കൂടാതെ ജി സി സി അംഗ രാജ്യമായ കുവൈത്തും ഈ വിഷയത്തില്‍ ട്രംപിനോട് കൈകോര്‍ത്തു. ഇതോടെ അതിര്‍ത്തികള്‍ തുറക്കാന്‍ സമ്മതിച്ച സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഖത്തര്‍ അമീറിനെ ഉച്ചകോടിക്ക് ക്ഷണിച്ചു. ജി സി സി സെക്രട്ടറി ജനറല്‍ ഡോ. നെയ്ഫ് ഫലാങ് അല്‍ ഹജ്‌റാഫാണ് സൗദി രാജാവിന്റെ ക്ഷണപത്രം ഖത്തര്‍ അമീറിന് നേരിട്ട് കൈമാറിയത്. പുതിയ തീരുമാനത്തോടെ ഉച്ചകോടിയില്‍ സുപ്രധാന പ്രഖ്യാപനങ്ങളാണുണ്ടായത്. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാര, നയതന്ത്ര ബന്ധങ്ങളെല്ലാം പുനഃസ്ഥാപിക്കപ്പെട്ടു.

2017 ജൂണ്‍ അഞ്ചിനാണ് ഖത്തര്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപിച്ച് സൗദി ഉപരോധം തുടങ്ങിയത്. തുടര്‍ന്ന് യു എ ഇ, ബഹ്റൈന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളും ഈജിപ്തും ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിക്കുകയായിരുന്നു.

മൂന്ന് വര്‍ഷത്തിലധികമായി നീണ്ടുനിന്ന ഉപരോധങ്ങള്‍ അവസാനിപ്പിച്ച് അംഗ രാജ്യങ്ങള്‍ തങ്ങളുടെ കര -നാവിക -വ്യോമ കവാടങ്ങള്‍ തുറന്ന 41-ാമത് ഗള്‍ഫ് ഉച്ചകോടിക്ക് ചരിത്രമുറങ്ങുന്ന സഊദി അറേബ്യയിലെ  പര്‍വത നിരകളുടെ നാടായ അല്‍ ഉലയിലെത്തി. സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അദ്ധ്യക്ഷതയിലാണ് ഉച്ചകോടി ആരംഭിച്ചത്.

മൂന്ന് വര്‍ഷത്തിലധികമായി തുടരുന്ന ഉപരോധങ്ങള്‍ അവസാനിപ്പിച്ച് ഖത്തര്‍ അതിര്‍ത്തി തുറക്കാന്‍ സൗദി അറേബ്യയെ പ്രേരിപ്പിച്ചത് അമേരിക്കയുടേയും കുവൈത്തിന്റേയും നേതൃത്വത്തില്‍ നടന്ന അനുരഞ്ജന ശ്രമങ്ങള്‍ കൂടിയായിരുന്നു. തുറന്ന വ്യോമതിര്‍ത്തി വഴി ജി സി സി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി സഊദിയിലെത്തിയത് ഗള്‍ഫ് മേഖലയില്‍ സൗഹൃദത്തിന്റെ ഒരു പുതിയ നാഴികകല്ലായിത്തീർന്നതുപോലെ അദ്ദേഹം നടത്തിയ പ്രസംഗവും വർത്തമാന ലോക സാഹചര്യത്തിൽ ഏറെ പ്രസക്തമാണ്.

ഖത്തർ അമീറിന്റെ കോലാലാമ്പൂർ ഉച്ചകോടി പ്രസംഗം ചുവടെ:

“മതം ആർക്കും ഭക്ഷണം കൊടുത്തിട്ടില്ല. പാർപ്പിടം കൊടുത്തിട്ടില്ല. മാറിയുടുക്കാൻ തുണി കൊടുത്തിട്ടില്ല.തണുക്കുമ്പോൾ പുതപ്പ് കൊടുത്തിട്ടില്ല. പക്ഷെ,സഹിഷ്ണുത മനുഷ്യന് എല്ലാം നൽകിയിട്ടുണ്ട്. അതുകൊണ്ടാണ് ക്രിസ്ത്യാനികൾക്ക് ഭൂരിപക്ഷമുള്ള യൂറോപ്യൻ രാജ്യങ്ങളിൽ എല്ലാ മതങ്ങളിലും പെട്ടവർ നന്നായി ജോലി ചെയ്ത് സുഖമായി ജീവിക്കുന്നത്. അതുകൊണ്ടു തന്നെയാണ് ലോക മുസ്ലിംകളുടെ പുണ്യഭൂമിയായ മക്കയും മദീനയും ഉൾപെടുന്ന സൗദി ഉൾപെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ പോലും എല്ലാ മതങ്ങളിലും പെട്ടവർ ഉന്നത സ്ഥാനങ്ങളിലിരുന്ന് യാതൊരു തരത്തിലുള്ള മതവിവേചനവും നേരിടാതെ അന്തസ്സോടെ ജീവിക്കുന്നു, വംശീയതയും വിവേചനവും ദാരിദ്ര്യം മാത്രമേ ലോകത്തിനു നൽകുന്നുള്ളൂ. ഹിന്ദുരാഷ്ട്രമായാലും മുസ്ലിം രാഷ്ട്രമായാലും മതേതര രാഷ്ട്രമായാലും മനുഷ്യനെ വംശീയമായി വേർതിരിക്കുന്നത് ലോകത്തെ നിത്യദാരിദ്ര്യത്തിലേക്കു നയിക്കും.”