Fri. Mar 1st, 2024

✍️ ലിബി. സി.എസ്

ശബരിമലയിൽ സ്ത്രീകൾ കയറിയാൽ ആത്മഹത്യ ചെയ്യുമെന്ന് പ്രഖ്യാപിച്ച്‌ കേരളീയരെ മോഹിപ്പിച്ച ശേഷം മുങ്ങിക്കളഞ്ഞ ശശികലയ്ക്കും പന്തളം പഞ്ചായത്തിലെ ശശിരാജാവിനും, കൂടാതെ സ്ത്രീകൾ കയറിയാൽ തങ്ങളുടെ പ്രവർത്തകർ പമ്പയിൽ ചാടി ആത്മഹത്യചെയ്യുമെന്ന് പ്രഖ്യാപിച്ച ശിവസേന കേരളാ ഘടകത്തിനും ശബരിമല ഡിജിപി ആയിരുന്ന വത്സൻ തില്ലെങ്കേരിജി, രക്തംവീഴ്ത്തൽ, മുള്ളിയൊഴിക്കൽ, തൂറിയേറ് തുടങ്ങിയ പ്ലാൻ A,B,C യുമായി നൈഷ്‌ടീകം സംരക്ഷിക്കാൻ നിന്ന ടാർപ്പോളിൻ ഈശ്വർജി, പ്രതീഷ് വിശ്വനാഥ്ജി തുടങ്ങി സംഘം കാവൽ ഉണ്ടെന്നും ശതം സമർപ്പയാമി എന്നും പറഞ്ഞു വിശ്വാസി പൊട്ടന്മാരെ പറ്റിച്ച് ലക്ഷങ്ങൾ പിരിച്ചു പുട്ടടിച്ച എല്ലാ ശൂദ്ര ആർത്തവലഹള ആക്ടിവിസ്റ്റുകൾക്കും നൈഷ്‌ടീക ആശംസകൾ!

ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ ചരിത്രവിധിക്ക് ശേഷം വിധിനടത്താൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് എൻഎസ്എസ് ആർഎസ്എസ് സ്പോൺസർ ഷിപ്പിൽ നടന്ന ശൂദ്ര ആർത്തവ ലഹളയെ വെല്ലുവിളിച്ചുകൊണ്ട് 2018 ഒക്ടോബർ 17 മുതൽ നടന്ന സ്ത്രീമുന്നേറ്റങ്ങൾ നിരവധി തിരിച്ചടികളെ നേരിട്ടുകൊണ്ട് വിജയം വരിച്ച ദിവസമാണ് 2019 ജനുവരി 2. ബിന്ദു അമ്മിണിയും കനക ദുർഗ്ഗയും ശബരിമല ദർശനം നടത്തിയതിന്റെ നാലാം വാർഷിക ദിനമാണ് ഇന്ന്.

ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച കോടതി വിധി പൊതുവിൽ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും സ്വീകാര്യമായിരുന്നു. എതിർക്കാൻ സാധ്യതയുണ്ടായിരുന്ന ബി.ജെ.പിയും ആർ.എസ്.എസ്സും ആദ്യമേ തന്നെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചതാണ്. പ്രത്യേക നിലപാടുകളൊന്നും ഇല്ലാത്ത കോൺഗ്രസ്സ് സുപ്രീം കോടതി വിധിയെ അനുകൂലിക്കുന്നു എന്ന് വിധി വന്നയുടനെ പറയുകയും ചെയ്തു. വിധി നടപ്പിലാക്കാനുള്ള കരുത്ത് ഇപ്പോഴത്തെ ഇടതുപക്ഷ സർക്കാരിനുണ്ട് എന്ന ബോധ്യം കേരളത്തിലെ പൊതുസമൂഹത്തിനും ഉണ്ടായിരുന്നു.

മൊത്തത്തിൽ വളരെ സുഗമമായി അതങ്ങ് നടപ്പിലാക്കപ്പെടുമായിരുന്നു. കാലങ്ങളായി നിലവിലുള്ള ഒരു ദുഷ്പ്രവണത നിയമത്തിന്റെ ഇടപെടലിലൂടെ ഇല്ലാതാവുന്നു എന്ന രീതിയിൽ കണ്ട് കേരളത്തിലെ ഹിന്ദു സമൂഹവും പൊതു സമൂഹവും അതിനോടൊപ്പം നിൽക്കുമായിരുന്നു. നിയമത്തിന്റെ കണക്കിലായതുകൊണ്ട് രാഷ്ട്രീയക്കാർ സന്തോഷത്തോടെ കൈ കഴുകി കാര്യം നടത്തിയേനെ. എന്നാൽ ശബരിമലയുടെ കുത്തകാവകാശം സ്വയം ഏറ്റെടുത്ത രാഹുൽ ഈശ്വറെന്ന ‘ടെലിവിഷൻ അവതാരം’ അയാളുടെ പ്രമോഷനായി ചെലവാക്കിയ പണത്തിൻറെ മഞ്ഞളിപ്പിൽ ചെറിയ സമയം കൊണ്ട് കാര്യങ്ങളെ കുഴച്ചു മറിച്ചു. ഈ വിഷയത്തിന്റെ വർഗീയ ധ്രുവീകരണ സാധ്യത അയാളും അതി ഹൈന്ദവരും തിരിച്ചറിഞ്ഞു. അതോടെ കോൺഗ്രസ്സും ബി.ജെ.പിയും മലക്കം മറിഞ്ഞു . കമ്മ്യൂണിസ്റ്റു വീടുകളിലെ ഹൈന്ദവ മനസ്സുകളും മറിച്ചു ചിന്തിച്ചു തുടങ്ങി. അതോടെ വോട്ടുബാങ്കിന്റെ മലീമസ ബുദ്ധി എല്ലായിടത്തും പ്രവർത്തനമാരംഭിച്ചു. തുടർന്ന് കേരളം കണ്ട ഏറ്റവും വലിയ ഫാസിറ്റ് വെല്ലുവിളിയും ശൂദ്രലഹളയും നാം കണ്ടതാണല്ലോ?

സുപ്രീംകോടതിയുടെ ശബരിമല സ്ത്രീപ്രവേശന വിധിയെത്തുടർന്ന് ഉണ്ടായ കേരളം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റ് അതിക്രമത്തെ വെല്ലുവിളിച്ചുകൊണ്ട് വിരലിലെണ്ണാവുന്ന ഏതാനും സ്ത്രീകൾ നടത്തിയ മുന്നേറ്റങ്ങളുടെ തുടർച്ചയായി 2019 ജനുവരി 2 ന് രണ്ട് സ്‌ത്രീകൾ ശബരിമലയിൽ കാലു കുത്തിയതിന്റെ ആഘാതത്തിൽ പിറ്റേന്ന് നടന്ന ഹർത്താലും തുടർന്ന് പലയിടത്തും അരങ്ങേറിയ തെരുവ് യുദ്ധവും പിന്നീട് ഉണ്ടായ കേരളത്തിലെ പുരോഗമന നാട്യക്കാരുടെ നിലപാടുകളും ചില കാര്യങ്ങൾ ചിന്തിക്കാൻ വക നൽകുകയുണ്ടായി.

സംഘിപ്പേടിമൂലം ശബരിമകയറിയ സ്ത്രീകളെ ബലിയാടുകളാക്കി സ്വന്തം ജീവിതം സെയ്ഫ് ആക്കാനാണ് കേരളത്തിലെ സകല രാഷ്ട്രീയ പാർട്ടികളും അവയുടെ യുവജന സംഘടനകളും വനിതാസംഘടനകളും ചെയ്തത്. സ്ത്രീകൾക്കെതിരെ സൈബർ ആക്രമണങ്ങളും കായികമായ ആക്രമണങ്ങളുമെല്ലാം ഉണ്ടായപ്പോഴും കേരളത്തിലെ പുരോഗമന നാട്യക്കാർ ആയ ഒരു സംഘടനയും അറിഞ്ഞഭാവം നടിച്ചില്ല. സംഘികൾക്കെതിരെ സ്ത്രീകൾ നൽകിയ ഒരു പരാതിയിൽ പോലും കേസെടുക്കാതിരുന്ന പോലീസ് സംഘികൾ കൊടുത്ത കേസുകളെല്ലാം കൃത്യമായി ചാർജ്ജ് ചെയുകയും സ്ത്രീകളുടെ ആത്മാഭിമാനമുയർത്താനുള്ള വിധിയെന്ന് സുപ്രീംകോടതി വിശേഷിപ്പിച്ച വിധിയുടെ പേരിൽ രണ്ടു സ്ത്രീകളെ ജയിലിലടയ്ക്കുകയും ചെയ്തു. നാളിതുവരെ രണ്ടുകേസിലും പോലീസ് ചാർജ്ജ് ഷീറ്റ് കൊടുത്തിട്ടില്ല.

ബിന്ദു അമ്മിണിയുടെ പേരിൽ വ്യാജ ബ്ലൂഫിലിം വീഡിയോ ഇറക്കിയിട്ടുപോലും പോലീസ് കേസെടുത്തില്ല. പോലീസ് കമ്മീഷണറുടെ ഓഫീസിനുമുന്നിൽ വെച്ച് ആക്രമിക്കപ്പെട്ട കേസിൽപോലും പ്രതിയെ രക്ഷിക്കാൻ SC/ ST അട്രോസിറ്റീസ് ആക്റ്റ് ഇടുകയുണ്ടായില്ല. വ്യാജ ബ്‌ളൂ ഫിലിം വീഡിയോകൾ പ്രചരിപ്പിച്ചവരിൽ ചിലരെ സ്വയം പിടികൂടേണ്ട അവസ്ഥയാണ് കേരളത്തിൽ ഉണ്ടായത്. പ്രതികരിക്കാൻ എത്രപേരാണ് ഉണ്ടായിരുന്നതെന്ന് നാം കണ്ടതാണ്. കേസരി ലേഖകനും ബൗദ്ധീക പ്രമുഖനുമായിരുന്ന ഡോ. വിജയൻനായർ ഇറക്കിയ ഷഡി മാഹാത്മ്യ വീഡിയോയും ശബരിമലയിൽ പോയ സ്ത്രീകളെ അധിക്ഷേപിക്കുന്നതാണ്.

ഈ വീഡിയോയ്ക്കെതിരെ ഡിജിപി തലം മുതൽ സ്റ്റേഷൻ തലം വരെ പരാതിനൽകിയിട്ടും യാതൊരു ഫലവുമുണ്ടായില്ല. ഒരുമാസത്തിലധികമായി പ്രചരിച്ചുകൊണ്ടിരുന്ന ഈ വീഡിയോയെക്കുറിച്ച് അന്വേഷിച്ചപ്പോഴും പതിവുപോലെ സൗദി അറേബ്യയിൽ ഇരുന്നാണ് ഇയാൾ ഇതൊക്കെ ചെയ്തിരുന്നതെന്നാണ് പോലീസ് നൽകിയിരുന്ന മറുപടി. അവസാനം സെക്രെട്ടറിയേറ്റിന് സമീപം ഗാന്ധാരിയമ്മൻ കോവിലിന്‌ സമീപം നിന്ന് പോലീസിന്റെ സഹായമില്ലാതെ ഇരകൾ തന്നെ കയ്യോടെ പൊക്കിയപ്പോഴാണ് ഇന്ത്യാ മഹാരാജ്യത്തിൽ പെട്ടതല്ല ഗാന്ധാരിയമ്മൻ കോവിൽ പരിസരം എന്ന് നമ്മൾ തിരിച്ചറിഞ്ഞത്. ഇതുപോലെ ശബരിമല സന്നിധാനവും കേരളാപോലീസിന് കുറേക്കാലത്തേയ്ക്ക് ഇന്ത്യാമഹാരാജ്യത്തിൽ പെട്ടതല്ലായിരുന്നു.

ശബരിമലവിധിയുടെ പേരിൽ സ്ത്രീകൾ വഞ്ചിക്കപ്പെട്ടതിൻറെ 4 വർഷമാണ് പിന്നിടുന്നതെങ്കിലും കേരളം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റ് വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറായ, അതിൻറെ പേരിൽ നിരന്തരം ആക്രമിക്കപ്പെട്ടുകൊണ്ടിരുന്ന വിരലിലെണ്ണാവുന്ന വരെങ്കിലും ചില സ്ത്രീകൾക്ക് ആത്മാഭിമാനം തോന്നുന്ന ദിവസമാണ് ജനുവരി 2.

ഫാസിസത്തിന്റെ ഏറ്റവും വലിയ രാഷ്ട്രീയ ആയുധം ‘ഭയം’ ജനിപ്പിക്കൽ ആണ്. ’സങ്കിപ്പേടി’ ബാധിച്ച വലിയൊരു വിഭാഗം രൂപപ്പെട്ടുവന്നത് ഇവരുടെ ഭയപ്പെടുത്തലിലൂടെയാണ്. ഈ ഭയപ്പെടുത്തൽ തന്നെയാണ് ഇവർ ദളിതർക്കും ന്യൂനപക്ഷങ്ങൾക്കും നേരെയും നടത്തിവരുന്നത്. ഇതുകൊണ്ടൊന്നും ഭയപ്പെടാത്ത ചിലരെങ്കിലും കേരളത്തിലുണ്ടെന്ന് സംഘികളെ ബോധ്യപ്പെടുത്തുന്നതായിരുന്നു കേരളത്തിലെ സകല ഊടുവഴികളിലും ബസ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും ടാക്സി സ്റ്റാന്റുകളിലും മുതൽ ശബരിമല സന്നിധാനം വരെ ‘കൊല്ലണം അപ്പാ അയ്യപ്പാ’ എന്ന കൊലവിളിയുമായി നിന്ന സംഘികളെ നവോത്ഥാനകേരളം കൂട്ടായ്മയുടെ സ്ത്രീകൾ മുഖാമുഖം നേരിടുകയും ശൂദ്ര ആർത്തവ ലഹളയുടെ പ്രായോജകരായ എൻഎസ്എസ് ൻറെ സ്ഥാപകൻ മന്നത്ത് പപ്പനാവൻറെ ജന്മദിനത്തിൽ തന്നെ നൈഷ്‌ടീകം തകർക്കുകയും ചെയ്ത ശബരിമല സ്ത്രീപ്രവേശന മുന്നേറ്റം.