Wed. Apr 17th, 2024

✍️  ഷൈജു ആൻ്റണി

ഒടുവിൽ ക്രൈംബ്രാഞ്ചും ഇടയലേഖനമിറക്കി. കേസന്വേഷിക്കാൻ പോയ ക്രൈം ബ്രാഞ്ചുദ്യോഗസ്ഥനെ ആരോ പിടിച്ചു പട്ടം കൊടുത്തു അച്ചനാക്കിയെന്നു തോന്നുന്നു. ഭൂമിയിടപാട് സംബന്ധിച്ച് ക്രൈംബ്രാഞ്ച് കൊടുത്ത റിപ്പോർട്ട് വായിച്ചാൽ അങ്ങിനെ തോന്നും. ബിഷപ്പുമാരിറക്കുന്ന ഇടയലേഖനത്തേക്കാൾ തരം താഴ്ന്നതായിപ്പോയി ക്രൈം ബ്രാഞ്ച് റിപ്പോർട്ട്. പൊലീസിന് കേസെടുക്കാൻ പോലും താല്പര്യമുണ്ടായിരുന്നില്ല. ഗതികെട്ട് കേസെടുത്തതാണ്. അപ്പോ പിന്നെ വെള്ളപൂശി റിപ്പോർട്ട് കൊടുത്തതിൽ അത്ഭുതപ്പെടേണ്ടതില്ലല്ലോ?
.
കർദ്ദിനാൾ സഹനദാസനാണ് എന്ന മട്ടിൽ കൽദായ റിയൽ എസ്‌റ്റേറ്റ് വിശ്വാസികൾ പ്രചാരണമാരംഭിച്ചു കഴിഞ്ഞു. കോടികൾ മുക്കിയത് കയ്യോടെ പിടിച്ചപ്പോൾ മുണ്ടാട്ടം മുട്ടിയത് സഹനദാസനായതു കൊണ്ടല്ല. ഗതികേടുകൊണ്ടാണ്. ഒന്നും മിണ്ടാതെ നിന്നത് എല്ലാം സഹിച്ചതുകൊണ്ടല്ല. എന്തെങ്കിലും മിണ്ടിയാൽ ജയിലിൽ പോകുമെന്ന പേടി കൊണ്ടാണ്.

ഭൂമി ഇടപാടിൽ ക്രൈം ഉണ്ടോ എന്നതാണ് അന്വേഷണ വിഷയം. സഭയുടെ പൊതു പണം നഷ്ടപ്പെട്ടിട്ടുണ്ടോ ? നിർണ്ണായകമായ അനുമതികൾ ഇടപാടുകൾക്ക് മുമ്പ് വാങ്ങിയിരുന്നോ ? കള്ളപ്പണ ഇടപാടുകൾ നടന്നോ തുടങ്ങിയവയാണ് പരിശോധിക്കേണ്ടത്. അതിനപ്പുറത്തുള്ളതൊന്നും ക്രൈംബ്രാഞ്ചിൻ്റെ വിഷയമേയല്ല.

എന്നാൽ ക്രൈം ബ്രാഞ്ച് റിപ്പോർട്ടിൻ്റെ ഭാഷയും സ്വഭാവവും ഏവരെയും അത്ഭുതപ്പെടുത്തി. അന്വേഷണ റിപ്പോർട്ടെന്നല്ല, പൊലീസിൻ്റെ ഇടയലേഖനം എന്നു തന്നെ വിളിക്കണം. കൽദായവാദവും, ആരാധനക്രമവും, കുർബാന ഏകീകരണവും പാത്രിയർക്കീസ് പദവിയും എല്ലാം റിപ്പോർട്ടിലുണ്ട്. ആകെ ജഗപൊഗയാണ്. കർദ്ദിനാളനുകൂലികളായ റിയൽ എസ്റ്റേറ്റ് വിശ്വാസികൾ ഉപയോഗിച്ചിരുന്ന പദങ്ങളെല്ലാം ഔദ്യോഗിക പൊലീസ് ഭാഷ്യമായിരിക്കുന്നു. കള്ളക്കച്ചവടങ്ങളിൽ നിന്നും കള്ളപ്പണ ഇടപാടിൽ നിന്നും രക്ഷപ്പെടാൻ റിയൽ എസ്റ്റേറ്റ് വിശ്വാസികൾ ഇറക്കിയ തുറുപ്പുചീട്ടാണ് പാത്രീയാർക്കീസ് പദവി. അതും പൊലീസിൻ്റെ കുറ്റപത്രത്തിൽ സ്ഥാനം പിടിച്ചു.

ഒരു കുറ്റാന്വേഷണത്തിൻ്റെ അടിസ്ഥാന തത്വങ്ങൾ പോലും പാലിക്കാതെയുണ്ടാക്കിയ ഒരു തട്ടിക്കൂട്ട് റിപ്പോർട്ടാണിതെന്ന് ഒറ്റനോട്ടത്തിൽ പറയാനാവും. അന്വേഷണമോ ഇൻവെസ്റ്റിഗേഷനോ ഒന്നും നടത്തിയിട്ടില്ലെന്ന് റിപ്പോർട്ടെന്ന പേരുള്ള ഈ ഇടയലേഖനം വായിക്കുന്ന ഏതു കൊച്ചുകുട്ടിക്കും മനസ്സിലാവും. അടിസ്ഥാനപരമായി അതിരൂപതയുടെ പൊതു സ്വത്താണ് വിറ്റു തുലച്ചത് എന്ന കാര്യം അവർ പരിഗണിച്ചതേയില്ല. കർദ്ദിനാളിൻ്റെ സ്വകാര്യ സ്വത്തുക്കൾ വിറ്റതു പോലെയാണ് അവർ കാര്യങ്ങൾ കണ്ടത്.  സഭാചട്ടങ്ങൾ പാലിച്ചിട്ടില്ലന്നും എന്നാൽ ഇന്ത്യൻ ശിക്ഷാ നിയമം ലംഘിച്ചിട്ടില്ല എന്ന് റിപ്പോർട്ട് പറയുന്നു.

എന്നാൽ സഭാ ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ ഈ ഭൂമി ഒന്നും തന്നെ വിൽക്കാനോ വാങ്ങാനോ കർദ്ദിനാളിന് അധികാരമുണ്ടാകില്ല എന്നതാണ് വസ്തുത. വിൽക്കാനും വാങ്ങാനും അധികാരമില്ലാതെ ഭൂമി വിൽക്കുകയും വാങ്ങുകയും ചെയ്യുന്നത് ഇന്ത്യൻ ശിക്ഷാ നിയമത്തിൽ കുറ്റകരമല്ലേ ?

ഈ ഭൂമിഇടപാടുകൾ സംബന്ധിച്ച രേഖകളൊന്നും തന്നെ അവർ പരിശോധിച്ചതായി തോന്നുന്നേയില്ല. ആധികാരികമായ പഠനം നടത്തിയ ഇൻജോഡി കമ്മീഷൻ റിപ്പോർട്ടും സോഷ്യൽ ഓഡിറ്റിംഗ് നടത്തിയ KPMG റിപ്പോർട്ടും അവർ വിളിച്ചു വരുത്തി പരിശോധിച്ചില്ല. അതിരൂപതയിലെ കാനോനിക സമിതികൾ മുഴുവൻ അംഗീകരിച്ച 12 അംഗ കമ്മിറ്റിയുടെ പoന റിപ്പോർട്ടും റസ്റ്റിറ്റ്യൂഷൻ ആവശ്യപ്പെട്ട് സിനഡിന് സമർപ്പിച്ച റിപ്പോർട്ടും അവർ പരിഗണിച്ചില്ല.

റിപ്പോർട്ടുകൾ പഠിച്ച വത്തിക്കാൻ കർദ്ദിനാൾ ആലഞ്ചേരിയെ അധികാരസ്ഥാനത്ത് നിന്ന് മാറ്റിയതും റസ്റ്റിറ്റ്യൂഷൻ /നഷ്ടപരിഹാരം നടത്തണമെന്നാവശ്യപ്പെട്ടതും ക്രൈംബ്രാഞ്ചിൻ്റെ ഇടയലേഖനത്തിൽ പരാമർശിച്ചിട്ടില്ല.

ക്രൈംബ്രാഞ്ച് കാണാതെ പോയ ചില കുരുത്തക്കേടുകൾ ഇവയാണ്:

1) ഡീമോണിറ്റൈസേഷൻ / നോട്ടു നിരോധനം വന്നതു കൊണ്ടാണ് സ്ഥലത്തിന് വില കിട്ടാതെ പോയതെന്ന വിചിത്ര വാദവും ക്രൈംബ്രാഞ്ചിൻ്റെ ഇടയലേഖനത്തിലുണ്ട്. പ്രധാനമന്ത്രി ഡീമോണിറ്റൈസേഷൻ പ്രഖ്യാപിച്ചത് 2016 നവം. 8 നാണ്. എന്നാൽ വ്യാജപട്ടയമുണ്ടാക്കിയ തൃക്കാക്കരയിലെ ഭൂമിയിലെ 7 ആധാരങ്ങളൊഴിച്ച് മറ്റെല്ലാ ആധാരങ്ങളും മാസങ്ങൾക്ക് മുമ്പേ കഴിഞ്ഞിരുന്നു എന്ന കാര്യം ക്രൈംബ്രാഞ്ച് മറച്ചു വച്ചു.

2) മറ്റൂർ ഭൂമി വാങ്ങാൻ രണ്ടായിരത്തിപ്പതിനാല് ഡിസംബർ 16ന് തീരുമാനമെടുത്തു എന്ന് അന്വേഷണ റിപ്പോർട്ട് പറയുന്നു. എന്നാൽ അതിനും മാസങ്ങൾക്ക് മുമ്പേ രണ്ടായിരത്തിപ്പതിനാല് ജൂലൈ 30ന് പതിനായിരം രൂപയും ജൂലൈ 31 ന് ഒരു കോടി രൂപയും ഒക്ടോബറിൽ 3 കോടി രൂപയും അഡ്വാൻസ് കൊടുത്തിരുന്നു എന്ന കാര്യം ക്രൈംബ്രാഞ്ച് മറച്ചുവച്ചു.

3) രണ്ടായിരിത്തീപ്പതിനാറ് ജൂൺ 21 ന് കൂരിയ തീരുമാനിച്ചു എന്ന മട്ടിൽ അജാസ് N. S. എന്നയാൾക്ക് കൊടുത്ത ഓഫർ ലെറ്റർ കൂരിയ മിനിട്സിലില്ല.

4) കൂരിയയിൽ നിന്ന് വാങ്ങി നൽകി എന്നു പറയുന്ന ഓഫർ ലെറ്ററിൽ പറഞ്ഞ നിബന്ധനകളൊന്നും വില്പനയിൽ പാലിച്ചില്ല. എല്ലാം ലംഘിച്ചു. എന്നു വച്ചാൽ അനുവാദമില്ലാത്ത കച്ചവടങ്ങളായിരുന്നു മുഴുവനുമെന്നർത്ഥം.

5) 3 കോടി 96 ലക്ഷം രൂപ കിട്ടി എന്ന് ആധാരത്തിൽ രേഖപ്പെടുത്തിയിട്ട് ഒരു രൂപ പോലും വാങ്ങാതെ സാജു വർഗ്ഗീസിന് രജിസ്ട്രേഷൻ നടത്തിക്കൊടുത്തു. ഒരു സാധാരണക്കാരനാണ് ചെയ്തതെങ്കിൽ പണ്ടെ അകത്തു പോയേനെ. പക്ഷെ ക്രൈംബ്രാഞ്ച് കണ്ടില്ല.

6) സമിതികളിൽ നിന്ന് അനുവാദം വാങ്ങിയെന്ന് ആധാരത്തിൽ പറയുന്ന ഭൂമിക്ക് പകരം മറ്റു ഭൂമികൾ വിറ്റു.

7) വ്യാജ പട്ടയം നിർമിച്ച് ആധാരം നടത്തിയെന്നത് പകൽ പോലെ വ്യക്തമാണ്.

8) മുദ്രപത്രങ്ങൾ അച്ചടിച്ച തീയതിക്കു മുമ്പ് കരാറെഴുതിയ വിചിത്ര സംഭവങ്ങൾ ക്രൈംബ്രാഞ്ചിന് മനസ്സിലായില്ല.

9) സാജു വർഗ്ഗീസ് വഴി കച്ചവടം നടത്താൻ അതിരൂപയുടെ ഒരു സമിതിയും തീരുമാനമെടുത്തിട്ടില്ലായിരുന്നു.

10) 2016 ഡിസംബർ 19 ന് നടന്ന ഫിനാൻസ് കൗൺസിലിൽ രേഖകൾ ശരിയാവാത്തതിനാൽ ഭൂമി വില്പന നടക്കുന്നില്ലെന്ന് കർദ്ദിനാൾ പറഞ്ഞു. അതിനാൽ ജോഷി പുതുവയെ ചുമതലപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ഈ തീയതിക്കു മുമ്പു 24 ആധാരങ്ങൾ കഴിഞ്ഞിരുന്നു.

11) കർദ്ദിനാൾ ആലഞ്ചേരി എറണാകുളം നഗരത്തിൻ്റെ ഹൃദയഭാഗത്ത് ആദായസ്ഥലവില്പന നടത്തിയപ്പോൾ അതിരൂപതക്ക് കിട്ടിയത് സെൻ്റിന് 4 ലക്ഷത്തി 81 ആയിരം രൂപ മാത്രമാണ്. നഗരപരിസരത്തെ ഗ്രാമങ്ങളിൽ പോലും ആ വിലക്ക് സ്ഥലം ലഭിക്കാത്ത സമയത്താണിത് എന്നോർക്കണം.

എറണാകുളത്തെ ഭൂമിയിടപാടിൽ സകല മേഖലകളിലും ഗുരുതരമായ പിഴവുകളും നടുക്കുന്ന അഴിമതിയുമാണ് നടന്നതെന്നത് പകൽ പോലെ വ്യക്തമാണ്. അടിമുടി തട്ടിപ്പും വെട്ടിപ്പും മാത്രമാണ്. സമിതികളുടെ കണ്ടെത്തലിനേക്കാൾ എത്രയോ ഇരട്ടിയാണ് അടിച്ചുമാറ്റിയ കോടികൾ എന്നു പറയാനാവില്ല. എന്നാൽ ജൻജോഡി കമ്മീഷനും KPMG യും ആധികാരികമായി കണ്ടെത്തിയ 42 കോടി ആവിയായിപ്പോയിയെന്ന് വിശ്വസിക്കാൻ ഞങ്ങൾ വിശ്വാസികൾക്കാവില്ല.

ക്രൈംബ്രാഞ്ച് കോടതിയിൽ കൊടുത്തത് ഇടയലേഖനമാണ്. അന്വേഷണ റിപ്പോർട്ടല്ല. ഒരന്വേഷണവും ഒരു മണ്ണാങ്കട്ടയും നടന്നിട്ടില്ല. എല്ലാം വെറും പ്രഹസനം. ക്രൈംബ്രാഞ്ചിനോട് ഒന്നോ ചോദിക്കാനുള്ളൂ. എന്ത് പ്രഹസനമാണ് സജി ?