മാറഡോണയുടെ മരണം ചികിത്സാപ്പിഴവ്? മക്കളുടെ പരാതിയിൽ ഡോക്ടര്‍ക്കെതിരെ അന്വേഷണം

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മാറഡോണയുടെ മരണകാരണം ചികിത്സാപ്പിഴവെന്ന ആരോപണത്തില്‍ അന്വേഷണവുമായി അര്‍ജന്റീനാ പോലീസ്. അദ്ദേഹത്തിന്റെ ഡോക്ടര്‍ ലിയപോര്‍ഡോ ലൂഖിന്റെ വസതില്‍ പോലീസ് റെയ്ഡ് നടത്തി. അമ്പതോളം പോലീസ് – ജുഡീഷ്യറി ഉദ്യോഗസ്ഥരാണു പരിശോധന നടത്തിയത്. ചികിത്സാ സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവരെയും ചോദ്യം ചെയ്യുമെന്നു പോലീസ് വക്താവ് അറിയിച്ചു.

മാറഡോണ അന്തരിച്ച ദിവസം തന്നെ ഗൂഢാലോചന ആരോപിച്ച് ആരാധകര്‍ രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ മക്കളായ ഡല്‍മ, ഗിയാനീന, ജാന എന്നിവരാണു പരാതി നല്‍കിയത്. തുടര്‍ന്ന് മാറഡോണയുടെ അഭിഭാഷകന്‍ മത്തിയാസ് മോളയും ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടു.

മാറഡോണയെ ചികിത്സിച്ച സംഘത്തിലെ ഒരു നഴ്‌സിന്റെ മൊഴിമാറ്റമാണു പെട്ടെന്നുള്ള നടപടിയിലേക്കു പോലീസിനെ നയിച്ചത്. അദ്ദേഹത്തിനു ഹൃദയാഘാതമുണ്ടായ ദിവസം രാവിലെ പരിശോധന നടത്തിയെന്നായിരുന്നു അവരുടെ മൊഴി. ഇതു തെറ്റാണെന്ന് അവര്‍ പിന്നീട് സമ്മതിച്ചു. ഹൃദയാഘാതം ഉണ്ടാകുന്നതിനു മുമ്പുള്ള 12 മണിക്കൂറില്‍ അദ്ദേഹത്തിനു മെഡിക്കല്‍ പരിശോധന നടന്നില്ലെന്ന ആരോപണം ശരിവയ്ക്കുന്ന സൂചന ലഭിച്ചിട്ടുണ്ടെന്നാണ് അര്‍ജന്റീനയിലെ മാധ്യമങ്ങളുടെ നിലപാട്.

ഉറങ്ങാന്‍ പോകും മുമ്പ് സുഖമില്ല എന്നു സാന്‍ ആന്‍ഡ്രേസിലെ വസതിയില്‍ ഒപ്പമുണ്ടായിരുന്ന ബന്ധുവിനോട് മാറഡോണ പറഞ്ഞിരുന്നു. ഇതു മെഡിക്കല്‍ സംഘം ഗൗരവമായിട്ട് എടുത്തില്ലത്രേ. ഉറക്കത്തിനിടെയാണ് അദ്ദേഹത്തിനു ഹൃദയാഘാതം ഉണ്ടായത്.

അദ്ദേഹത്തിന്റെ ഹൃദയപേശികള്‍ക്കു ബലക്ഷയം ഉണ്ടായിരുന്നെന്നും ശരീരത്തിനാവശ്യമായ രക്തം പമ്പ് ചെയ്യാന്‍ കഴിയില്ലായിരുന്നെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടിലുണ്ട്. ഇതു ശ്വാസകോശത്തെയും ബാധിച്ചു. മദ്യം, കൊക്കെയ്ന്‍ എന്നിവയ്ക്ക് അടിമയായിരുന്നതു മൂലമുള്ള ആരോഗ്യപ്രശ്‌നവും മാറഡോണയ്ക്ക് ഉണ്ടായിരുന്നു. ഇതു ഹൃദയാഘാതത്തിലേക്ക് നയിച്ചെന്നാണു കണ്ടെത്തല്‍.