ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം: കേരള തീരത്ത് മത്സ്യബന്ധനത്തിന് തിങ്കളാഴ്ച മുതല്‍ വിലക്ക്; സംസ്ഥാനത്ത് ചൊവ്വാഴ്ച മുതൽ കനത്ത മഴയുണ്ടാകും

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രതാ നിര്‍ദേശവുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. നാളെ മുതല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ മത്സ്യബന്ധനത്തിനായി പോയിട്ടുള്ളവര്‍ നാളെ രാത്രിയോടെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തണം.

തെക്കന്‍ കേരളത്തില്‍ കനത്ത മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തെക്കന്‍ കേരളത്തിലെ മലയോര മേഖലയിലുള്ളവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം. തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലാണ് അതീവ ജാഗ്രതക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. എന്നാല്‍, തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാനും നഗരങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്.

ചൊവ്വാഴ്ച രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കോട്ടയം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ബുധൻ ,വ്യാഴം ദിവസങ്ങളിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്.