കര്‍ഷക പ്രക്ഷോഭത്തിനെത്തിയയാള്‍ കാറിന് തീപിടിച്ച് മരിച്ചു

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക വിരുദ്ധ നയങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തില്‍ കര്‍ഷകര്‍ ഉപയോഗിക്കുന്ന ട്രാക്ടറുകളുടെ കേടുപാട് പരിഹരിക്കാനെത്തിയയാള്‍ കാറിന് തീപിടിച്ചു മരിച്ചു. പഞ്ചാബിലെ ബര്‍നാള ജില്ലയിലെ ദനൗല സ്വദേശി ജനക് രാജ് (55) ആണ് മരിച്ചത്. ഹരിയാന-ഡല്‍ഹി അതിര്‍ത്തിയില്‍ നിര്‍ത്തിയിട്ട കാറില്‍ ഇയാള്‍ കിടന്നുറങ്ങുമ്പോഴാണ് തീപിടിച്ചത്.

അതിര്‍ത്തിയിലെ ബഹാദുര്‍ഗഡില്‍ നിരവധി ട്രാക്ടറുകളുടെ കേടുപാടുകള്‍ പരിഹരിച്ചതിന് ശേഷം ജനക് രാജ് സ്വന്തം കാറിനുള്ളില്‍ കിടന്നുറങ്ങുന്നതിനിടെയാണ് സംഭവം.