Thu. Mar 28th, 2024

യാതൊരു പ്രകോപനവുമില്ലാതെ രാത്രി അപരിചിതനായ ഒരാൾ തന്നെ ഫോണിൽ വിളിച്ച് അസഭ്യം പറയുകയും ആസിഡ് ഒഴിച്ച് കത്തിക്കുമെന്ന് വധ ഭീഷണി മുഴക്കുകയും ചെയ്തതിന് പോലീസിൽ പരാതിനൽകിയിട്ടും യാതൊരു നടപടിയുമില്ലെന്നും; ദിലീപ് വേണുഗോപാൽ എന്ന സംഘപരിവാർ പ്രവർത്തകനാണ് ഇത് ചെയ്തതെന്ന് മനസിലായപ്പോൾ പ്രതിയെ രക്ഷിക്കുന്ന സമീപനമാണ് പോലീസ് സ്വീകരിക്കുന്നതെന്നും; ഇയാളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ അടുത്ത ശനിയാഴ്ച മുതൽ കൊയിലാണ്ടി പൊലീസ് സ്റ്റേഷന് മുന്നിൽ താൻ സത്യാഗ്രഹം ആരംഭിക്കുമെന്നും സ്ത്രീപക്ഷ പ്രവർത്തകയും ലോകോളേജ് അദ്ധ്യാപികയുമായ ബിന്ദു അമ്മിണി.

സംഘ്പരിവാ‌റിന്റെ വധഭീഷണിയെ കുറിച്ച് ഡിജിപി തലം മുതൽ പോലീസ് സ്റ്റേഷനുകളിൽ വരെ പരാതി നൽകിയിട്ടും പൊലീസിൽ തനിക്ക് നീതി ലഭിച്ചില്ലെന്ന് ബിന്ദു അമ്മിണി പറഞ്ഞു. ഫോണിലൂടെ ദിലീപ് വേണുഗോപാൽ തന്നെ കത്തിച്ചു കളയുമെന്ന് ഭീഷണിപ്പെടുത്തി. കൊയിലാണ്ടി പൊലീസിൽ ഫോൺ നമ്പറും കോൾറിക്കോഡു ഉൾപ്പെടെ പരാതി നല്കിയപ്പോൾ കൊയിലാണ്ടി സ്റ്റേഷൻ പരിധിയിൽ സ്ഥിരതാമസക്കാരിയായ തന്നോട് പത്തനംതിട്ടയിൽ നൽകാനാണ് പോലീസ് പറഞ്ഞതെന്ന് ബിന്ദു അമ്മിണി പറഞ്ഞു. ഡി.ജി.പിക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. ദളിതരുടെ പരാതി സ്വീകരിക്കാത്ത അവസ്ഥയാണെന്നും സുപ്രീം കോടതിയുടെ പൊലീസ് സംരക്ഷണ ഉത്തരവ് ഉണ്ടായിട്ടും തനിക്ക് സംരക്ഷണം കിട്ടുന്നില്ലെന്നും ബിന്ദു അമ്മിണി ആരോപിച്ചു.

തൻറെ ചിത്രങ്ങളും വീഡിയോയും മോർഫ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിന് കൊയിലാണ്ടി പൊലീസിൽ പരാതി നൽകിയിരുന്നു. ഒന്നര വർഷം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടിയില്ല. കൊയിലാണ്ടി പൊലീസ് തനിക്കു സംരക്ഷണം തരാത്തതിനെതിരെ വീണ്ടും സുപ്രീംകോടതിയെ സമീപിക്കുമെന്നും ബിന്ദു അമ്മിണി പറഞ്ഞു.

ശബരിമലയിൽ ഇപ്പോൾ പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും മുമ്പ് പോയത് സ്ത്രീകളെ പത്തനംതിട്ട ജില്ലയിൽപോലും കടത്തില്ലെന്ന സംഘപരിവാർ വെല്ലുവിളിക്കും അഴിഞ്ഞാട്ടത്തിന് മറുപടി നൽകാനായിരുന്നെന്നും എല്ലാവർഷവും ശബരിമലയിൽ പൊയ്ക്കോളാമെന്ന് താൻ വഴിപാടൊന്നും നേർന്നിട്ടില്ലെന്നും എന്നാൽ താൻ എവിടെ പോകുന്നു വരുന്നു എന്നൊന്നും സംഘപരിവാർ അന്വേഷിക്കേണ്ട കാര്യമില്ലെന്നും അവർ പറഞ്ഞു. അനാവശ്യമായി തന്നെ ഫോണിൽ വിളിച്ച് അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്ത ദിലീപ് വേണുഗോപാലിനെ അറസ്റ്റ് ചെയ്യുന്നതുവരെ താൻ കൊയിലാണ്ടി പൊലീസ് സ്റ്റേഷന് മുന്നിൽ സത്യാഗ്രഹം നടത്തുമെന്നും ബിന്ദു അമ്മിണി പറഞ്ഞു. വത്സൻ തില്ലങ്കേരിക്ക് ശേഷം ഇദ്ദേഹമാണ് സ്വയം പ്രഖ്യാപിത ശബരിമല ഡിജിപി എന്നാണ് പറയുന്നത്.