Thu. Mar 28th, 2024

തിരുവനന്തപുരം ജില്ലാപഞ്ചായത്ത് വെഞ്ഞാറമൂട് ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥി ആകാനുള്ള മത്സരം ഇതുവരെ കഴിഞ്ഞില്ല. അതുകഴിഞ്ഞിട്ടുവേണം സിപിഎംഎ സ്ഥാനാർത്ഥിയുമായി മത്സരിക്കാൻ. യുഡിഎഫ് സീറ്റിനുവേണ്ടിയുള്ള പ്രധാന മത്സരം ഐഗ്രൂപ്പിലെ പ്രവാസി കോൺഗ്രസുകാരും നാടൻ കോൺഗ്രസുകാരും തമ്മിലാണ്. സ്ഥാനാർഥി വിവാദം മൂർഛിച്ച് ഐ വിഭാഗത്തിൽ തന്നെ പൊട്ടിത്തെറിയായിരിക്കുകയാണ്. പലയിടത്തും സഥാനാർഥിക്കെതിരെ മണ്ഡലം കമ്മറ്റികളും ബ്ലോക്ക് കമ്മറ്റികളുമൊക്കെ പ്രമേയം പാസാക്കിക്കഴിഞ്ഞു. ജില്ലയിൽ ഐ ഗ്രൂപ്പിന് അനുവദിച്ച 11 സീറ്റുകളിൽ ഒന്നാണ് വെഞ്ഞാറമൂട് ഡിവിഷൻ.

വെഞ്ഞാറമൂട് ഡിവിഷനിൽ മുൻ ജില്ലാ പ‍ഞ്ചായത്ത് പ്രസിഡന്റ് രമണി പി.നായർ മത്സരിക്കണമെന്നായിരുന്നു പാർട്ടി തീരുമാനം. എന്നാൽ തനിക്ക് മത്സരിക്കാൻ താൽപര്യമില്ലെന്ന് രമണി പി.നായർ അറിയിച്ചതിനെത്തുടർന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി, ഡിസിസി നേതൃത്വം എന്നിവരുടെ തീരുമാനത്തിൽ മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായ എം. സുനിതകുമാരിയെ സ്ഥാനാർഥിയാക്കാമെന്നു തീരുമാനിക്കുകയും ആദ്യഘട്ട പ്രചാരണം ആരംഭിക്കുകയും ചെയ്തിരുന്നു.

എം. സുനിതകുമാരിയെ സ്ഥാനാർഥിയാക്കണമെന്ന് ഒരു വിഭാഗവും കേരള പ്രദേശ് പ്രവാസി ഗാന്ധി ദർശൻവേദി തിരുവനന്തപുരം ജില്ലാ ജനറൽ കൺവീനർ ദീപാഅനിലിനെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ടു മറ്റൊരു വിഭാഗവും രംഗത്തെത്തിയതോടെയാണ് ഐഗ്രൂപ്പിനുള്ളിൽ പൊട്ടിത്തെറി തുടങ്ങിയതെന്നാണ് വിവരം. ജില്ലാപഞ്ചായത്തിലേക്ക് ആരു സ്ഥാനാർഥിയായി വന്നാലും അവരുടെ പ്രചാരകരായി പ്രവർത്തിക്കുന്നത് ഗ്രാമപ്പഞ്ചായത്ത് വാർഡ് സ്ഥാനാർഥികളാണ്. മുൻകാലങ്ങളിലും ഇത്തരത്തിലുള്ള അഭിപ്രായ ഭിന്നത വന്ന സ്ഥലങ്ങളിൽ വാർഡ് സ്ഥാനാർഥി നേടിയ വോട്ട് ജില്ലാപഞ്ചായത്തിലും ബ്ളോക്കിലും സ്ഥാനാർഥിക്കു ലഭിക്കാതിരുന്നിട്ടുണ്ട്.

മഹിളാ കോൺഗ്രസിൻറെ സംസ്ഥാന നേതാവിനെ തഴഞ്ഞുകൊണ്ട് പ്രവാസി ഗാന്ധി ദർശൻവേദി എന്ന കടലാസ് സംഘടനയുടെ നേതാവിനെ കെട്ടിയിറക്കിയത് ചിലരുടെ പ്രത്യേക താൽപര്യങ്ങൾക്കു വേണ്ടിയാണെന്നും അതിനായി കെപിസിസിയിലെ ചില ഉന്നതർ ഇടപെടുന്നുവെന്നാരോപിച്ച് നേതാക്കൾക്കെതിരെ പ്രദേശിക തലത്തിൽ പ്രതിഷേധം ഉയരുകയാണ്. അതോടൊപ്പംതന്നെ പിന്നോക്കക്കാരിയായ സ്ഥാനാർത്ഥിയെ ആദ്യഘട്ട പ്രചരണം കഴിഞ്ഞു ഒഴിവാക്കി സവർണ്ണയായ സ്ഥാനാർത്ഥിയെ എഴുന്നൊള്ളിച്ചാൽ ഏറാൻ മൂളാൻ തങ്ങളെ കിട്ടില്ലെന്ന്‌ പ്രഖ്യാപിച്ച് ദളിത്, പിന്നാക്ക, മുസ്ലീം കോൺഗ്രസുകാരും രംഗത്തുവന്നിട്ടുണ്ട്.

വെഞ്ഞാറമൂട് ജില്ലാ ഡിവിഷനിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും തീരുമാനിച്ച എം.സുനിതകുമാരിയെ സ്ഥാനാർഥിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് വാമനപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രമേയം പാസാക്കി കെപിസിസി, ഡിസിസി പ്രസിഡന്റുമാർക്ക് അയച്ചിട്ടുണ്ട്. ഇന്നലെ പത്രിക സമർപ്പണം പൂർത്തിയായതോടെ പഞ്ചായത്ത് വാർഡുകളിൽ സ്ഥാനാർഥികൾ സജീവമായി വോട്ട് അഭ്യർഥന തുടങ്ങി. വെഞ്ഞാറമൂട് ജില്ലാ ഡിവിഷന്റെ പരിധിയിലെ വാർഡുകളിൽ യുഡിഎഫ് സ്ഥാനാർഥികൾ ജില്ലാ ഡിവിഷൻ സ്ഥാനാർഥിയുടെ പേരു പറയാതെയാണു വോട്ട് അഭ്യർഥന നടത്തുന്നത്. വാർഡുകളിൽ രണ്ടു റൗണ്ട് പ്രചാരണം പൂർത്തിയാക്കി.

യുഡിഎഫ് ജില്ലാ ഡിവിഷൻ സ്ഥാനാർഥിയായി തീരുമാനിച്ചിരുന്ന എം.സുനിതകുമാരി ആദ്യഘട്ട പ്രചാരണം പൂർത്തിയാക്കിയിരുന്നു. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസം പ്രവാസി ഗാന്ധി ദർശൻവേദിയുടെ ദീപാ അനിൽ കൂടി വെഞ്ഞാറമൂട് ഡിവിഷനിലേക്കു യുഡിഎഫ് സ്ഥാനാർഥിയായി പത്രിക സമർപ്പിച്ചതോടെയാണ് അണികൾക്കിടയിലും ഐഗ്രൂപ്പിനുള്ളിലും ആശയക്കുഴപ്പമുണ്ടാകുന്നത്.

ഡിസിസിയിലെ പ്രമുഖ നേതാവിന്റെ അറിവോടെയാണ് രണ്ടാമത് ഒരാൾകൂടി പത്രിക സമർപ്പിച്ചതെന്നാണ് പ്രവർത്തകർ പറയുന്നത്. എന്നാൽ സ്വയം പ്രഖ്യാപിത സ്ഥാനാർഥികളെ പ്രോൽസാഹിപ്പിക്കാൻ കഴിയില്ലെന്നാണ് പ്രാദേശിക നേതാക്കൾക്ക് കെപിസിസി നേതൃത്വം നൽകുന്ന മറുപടി.എന്തായാലും നാടൻ കോൺഗ്രസുകാരും പ്രവാസി കോൺഗ്രസുകാരും തമ്മിലുള്ള മത്സരം കഴിഞ്ഞു അതിൽ വിജയിക്കുന്നവർക്ക് സിപിഎം സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കാം എന്നതാണ് വെഞ്ഞാറന്മൂടിലെ സ്ഥിതി.

തിരുവനന്തപുരം ജില്ലാപഞ്ചായത്തിലേക്ക് വെഞ്ഞാറമൂട് ഡിവിഷനിൽ നിന്നും കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്ന രണ്ട് സ്ഥാനാർത്ഥിമാർ ചുവടെ.