ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യവീട്ടുകാരുടെ പത്രസമ്മേളനം

ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറിയും പാര്‍ട്ടി ഭരണമുള്ള ഏക നഗരസഭയായ പാലക്കാടിന്റെ വൈസ് ചെയര്‍മാനുമായ സി കൃഷ്ണകുമാറിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യയുടെ കുടുംബം. ഭാര്യടെ സഹോദരി സിനി സേതുമാധവനും അമ്മ സി കെ വിജയകുമാരിയുമാണ് വാര്‍ത്താസമ്മേളനത്തിലൂടെ പരാതി ഉന്നയിച്ചത്. കൃഷ്ണകുമാര്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയാണ്. സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു. ഇതുവരെ മൂടിവെച്ച കാര്യങ്ങള്‍ പുറത്തുപറയാന്‍ നിര്‍ബന്ധിതമായത് ബി ജെ പിയും തങ്ങളെ കൈവിട്ടതുകൊണ്ടാണ്. സ്വന്തം വീട്ടില്‍ തന്നെ അഴിമതിക്ക് തുടക്കമിട്ടയാളാണ് കൃഷ്ണകുമാര്‍.

ആ മുഖം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാണിക്കാനാണ് നഗരസഭയിലെ 18-ാം വാര്‍ഡില്‍ താന്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ തന്റെ സ്ഥാനാര്‍ഥിത്വം തള്ളിക്കാന്‍ ബി ജെ പി നേതാക്കള്‍ ഇടപെട്ടു. നിര്‍ദേശകനെ ഭീഷണിപ്പെടുത്തി സത്യവാങ്മൂലം കൊടുപ്പിച്ചു. ഇതുകൊണ്ടൊന്നും താന്‍ പിന്തിരിയില്ല. കൃഷ്ണകുമാറിന്റെ ഭാര്യയും തന്റെ മകളുമായ മിനി കൃഷണകുമാറിനെതിരെ താന്‍ പ്രചാരണത്തിന് ഇറങ്ങും.സ്വന്തം കുടുംബത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇവര്‍ക്ക് എങ്ങനെയാണ് നാടിനെ സംരക്ഷിക്കാകൂക. ബി ജെ പിയിലുള്ള എല്ലാ വിശ്വാസവും നഷ്ടപ്പെട്ടെന്നും ഇരുവരും പറഞ്ഞു.