എ പി അനിൽകുമാറിനെതിരെയുള്ള ലൈംഗിക പീഡനകേസിൽ; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കും

മുൻ മന്ത്രി എ.പി അനില്‍കുമാറിനെതിരായ ലൈംഗിക പീഡന പരാതിയില്‍ തുടർനടപടിക്കായി പ്രത്യേക സംഘത്തെ നിയോഗിച്ചു. കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കുകയാണ് ആദ്യം ചെയ്യുക. നവംബർ 26 ന് എറണാകുളത്തെ കോടതിയിൽ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും.

സോളാര്‍ കേസ് പ്രതി കൂടിയായ യുവതിയാണ് അനില്‍കുമാറിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയിരുന്നത്. അനില്‍കുമാര്‍ മന്ത്രിയായിരുന്ന കാലഘട്ടത്തിൽ വിവാദത്തിലുള്‍പ്പെട്ട സ്ത്രീയെ വിവിധ സ്ഥലങ്ങളിലായി കൊണ്ടുപോയി പീഢിപ്പിച്ചതായി സോളാര്‍ റിപ്പോര്‍ട്ടിൽ പരാമർശമുണ്ടായിരുന്നു.

അനില്‍കുമാര്‍ മന്ത്രിയായിരിക്കെ ഔദ്യോഗിക വസതിയായിരുന്ന വഴുതക്കാട്ടെ റോസ് ഹൗസ്, ലെ മെറിഡിയന്‍ ഹോട്ടല്‍, ഡല്‍ഹിയിലെ കേരള ഹൌസ് എന്നിവിടങ്ങളിലായി യുവതിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് സോളാർ റിപ്പോര്‍ട്ടിലുള്ളത്. എന്നാൽ 2019ല്‍ ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ സമയത്ത് മൊഴി നല്‍കാതെ നടപടികൾക്ക് കാലതാമസം സൃഷ്ടിച്ചിരുന്നു.

READ IN ENGLISH: Sexual abuse complaint against AP Anil Kumar: Confidential statement of complainant to be recorded