എസ്ബിഐയുടെ ഇന്റര്‍നെറ്റ് ബേങ്കിംഗ് ഞായറാഴ്ച തടസ്സപ്പെടും

ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോം നവീകരണത്തിന്റെ ഭാഗമായി മറ്റന്നാള്‍ (ഞായറാഴ്ച) സ്‌റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയുടെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ രാജ്യവ്യാപകമായി തടസ്സപ്പെടുമെന്ന് മുന്നറിയിപ്പ്. ഇന്റര്‍നെറ്റ് ബേങ്കിംഗ്, യോനോ, യോനോ ലൈറ്റ് എന്നിവയുടെ പ്രവര്‍ത്തനം നവംബര്‍ 22ന് ഞായറാഴ്ച തടസ്സപ്പെടുമെന്നും ഉപഭോക്താക്കള്‍ സഹരിക്കണമെന്നും എസ്ബിഐ അധികൃതര്‍ അറിയിച്ചു.

എസ്ബിഐയുടെ ഇന്റര്‍നെറ്റ് ബേങ്കിംഗ് സേവനം 81 ദശലക്ഷം ആളുകള്‍ ഉപയോഗിക്കുന്നുണ്ട്. 18 ദശലക്ഷത്തിലധികം ആളുകള്‍ മൊബൈല്‍ ബേങ്കിംഗും ഉപയോഗപ്പടുത്തുന്നു.

കൊവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് ഡിജിറ്റല്‍ പണമിടപാടുകള്‍ കൂടിയതിനാല്‍ ഇന്റര്‍നെറ്റ് ബേങ്കിംഗ് സേവനം തടസപ്പെടുന്നത് ഉപഭോക്താക്കള്‍ക്ക് പ്രയാസം സൃഷ്ടിക്കും. ഇത് മുന്നില്‍ കണ്ടാണ് രണ്ട് ദിവസം മുമ്പ് തന്നെ എസ്ബിഐ മുന്നറിയിപ്പ് നല്‍കിയത്. ഞായറാഴ്ച ഓൺലെെൻ പണമിടപാടുകൾ നടത്താൻ ഉദ്ദേശിക്കുന്നവർ അത് മുൻകൂട്ടി നടത്തുകയോ അടുത്ത ദിവസങ്ങളിലേക്ക് മാറ്റിവെക്കുകയോ ചെയ്യുന്നത് നന്നായിരിക്കും.