Wed. Apr 24th, 2024

ആലപ്പുഴയിൽ സി പി എമ്മിനെതിരെ വി എസ് അച്യുതാനന്ദന്റെ മുൻ പേഴ്‌സണൽ സ്റ്റാഫ് അംഗം. അഡ്വ. ലതീഷ് ബി ചന്ദ്രൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. മുഹമ്മ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ആണ് ലതീഷ് മത്സരിക്കുന്നത്. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ച ലതീഷ് ഇന്നലെ നാമനിർദേശപത്രിക സമർപ്പിച്ചു.നിലവിൽ പഞ്ചായത്ത് പ്രസിഡന്റായ ജയലാലാണ് വാർഡിൽ സി പി എം ൻറെ ഔദ്യോഗിക സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.

മുഹമ്മ കണ്ണാർകാട്ടെ പി കൃഷ്‌ണപിളള സ്‌മാരകം തകർത്ത കേസിലെ പ്രതിയായിരുന്നു ലതീഷ് ബി ചന്ദ്രൻ. കേസിൽ ലതീഷടക്കമുളള എല്ലാ പ്രതികളേയും ആലപ്പുഴ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വെറുതെവിട്ടിരുന്നു. വി എസ് അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ അദ്ദേഹത്തിന്റെ പേഴ്‌സണൽ സ്റ്റാഫിലെ അംഗമായിരുന്നു ലതീഷ്.

പാർട്ടിയിലെ വിഭാഗീയതയാണ് ചെയ്യാത്ത കുറ്റത്തിന് താൻ അടക്കമുളളവരെ കളളക്കേസിൽ കുടുക്കിയതെന്നായിരുന്നു ലതീഷിന്റെ ആരോപണം. 2006ൽ വി എസിന് സീറ്റ് നിഷേധിച്ചപ്പോൾ അതിനെതിരെ കോലം കത്തിച്ചതിന് ലതീഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. അതിനു ശേഷമാണ് സ്‌മാരകം കത്തിച്ച കേസിൽ ലതീഷിന്റെ പേര് പ്രതിപ്പട്ടികയിൽ ഇടം നേടുന്നത്.

കണ്ണർക്കാട് മുൻ ലോക്കൽ സെക്രട്ടറി പി സാബു, സി പി എം പ്രവർത്തകരായ ദീപു, രാജേഷ്, പ്രമോദ് എന്നിവരായിരുന്നു മറ്റ് പ്രതികൾ. കേസിൽ 72 സാക്ഷികളുണ്ടായിരുന്നു. തെളിവുകളുടെ അഭാവത്തിലാണ് കോടതി പ്രതികളെ വെറുതെ വിട്ടത്.