Fri. Mar 1st, 2024

✍️  സി.ആർ.സുരേഷ്

മലയാള സിനിമയിൽ സാഹസികരംഗങ്ങൾക്ക് പുതിയ അധ്യായം രചിക്കുകയും യുവാക്കൾക്കിടയിൽ വേഷാലങ്കാരങ്ങളുടെ തനത് ശൈലിയും നേടിയെടുത്ത് ഇന്നും ജീവിക്കുന്ന നടനാണ് ജയൻ. ശരിയായ പേര് കൃഷ്ണൻ നായർ.

തിളങ്ങുന്ന കണ്ണുകളും പ്രത്യേകതയുള്ള നടത്തവും വസ്ത്രത്തിന്റെ ശൈലിയും ശബ്ദഭേദവും ഇന്നും ഹരമായി നിൽക്കുന്നു. ഇന്ത്യൻ നാവികസേനയിൽ നാവികനായി ജീവിതമാരംഭിച്ച ജയൻ നാടകങ്ങളിലുംമറ്റും അഭിനയിക്കാൻ താത്പര്യം കാട്ടിയിരുന്നു. അമ്മാവന്റെ മകളും നടിയുമായ ജയഭാരതിയാണ് സിനിമാരംഗത്തേക്കെത്തിച്ചത്.

1974-ൽ ജേസി സംവിധാനം ചെയ്ത ‘ശാപമോക്ഷം’ ആയിരുന്നു ജയൻ എന്ന പേരിൽ അഭിനയിച്ച ആദ്യ ചിത്രം. ചിത്രീകരണത്തിനിടെ നടൻ ജോസ് പ്രകാശാണ് ഈ പേര് നൽകിയത്. ഇതിനു മുമ്പ് ‘പോസ്റ്റ്മാനെ കാണ്മാനില്ല’ എന്ന ചിത്രത്തിൽ ചെറിയവേഷം ചെയ്തിരുന്നു.

1976-ൽ ‘പഞ്ചമി’യിൽ ഫോറസ്റ്റ് റേഞ്ചറുടെ വേഷമാണ് അദ്യമായി ശ്രദ്ധിക്കപ്പെട്ടത്. 1977-ൽ പത്മരാജൻ – ഐ വി ശശി ടീമിന്റെ ‘ഇതാ ഇവിടെ വരെ’ സിനിമാജീവിതത്തെ മാറ്റിമറിച്ചു. 1979-ൽ ഹരിഹരന്റെ ‘ശരപഞ്ചരം’ യുവത്വത്തിന്റെ എക്കാലത്തെയും വാഴ്ത്തപ്പെട്ട ആക്ഷൻഹീറോ പദവി കയ്യടക്കുകയും നായകനിരയിലേക്ക് ഉയർത്തുകയും ചെയ്തു.

അഭ്യസ്തവിദ്യനായ തൊഴിലാളിയുടെ വേഷം ചെയ്ത ഐ വി ശശിയുടെ ‘അങ്ങാടി’ അക്കാലത്തെ കളക്ഷൻ റെക്കോഡ് ഭേദിച്ച ചിത്രമായിരുന്നു. 1980-ൽ മദ്രാസിലെ ഷോളവാരത്ത് പി സുന്ദരം സംവിധാനം ചെയ്ത ‘കോളിളക്ക’ത്തിലെ സാഹസികമായ രംഗത്തിനിടെ ഹെലികോപ്റ്റർ അപകടത്തിൽ മരിക്കുകയായിരുന്നു.

മീൻ, തീനാളങ്ങൾ, കാന്തവലയം, മനുഷ്യമൃഗം, ഇത്തിക്കരപക്കി, ശക്തി, ലവ് ഇൻ സിങ്കപ്പൂർ, നായാട്ട്, മൂർഖൻ, സഞ്ചാരി, തടവറ, മാമാങ്കം, ലിസ, കരിപുരണ്ട ജീവിതങ്ങൾ, ഇരുമ്പഴികൾ, കഴുകൻ, കരിമ്പന തുടങ്ങി 125 ചിത്രങ്ങളിൽ അഭിനയിച്ചു. മരണസമയത്ത് 37 ചിത്രങ്ങളുടെ കരാറുകൾ അവശേഷിക്കുന്നുണ്ടായിരുന്നു.