Fri. Mar 29th, 2024

തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബി ജെ പി വലിയ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന തിരുവനന്തപുരം കോര്‍പറേഷനില്‍ കോണ്‍ഗ്രസുമായി രഹസ്യ ധാരണയുണ്ടെന്ന ആരോപണവുമായി സി പി ഐ രംഗത്ത്. ബി ജെ പി ജില്ലാ അധ്യക്ഷന്‍ വി വി രാജേഷ് മത്സരിക്കുന്ന പൂജപ്പുര വാര്‍ഡില്‍ കോണ്‍ഗ്രസ് ദുര്‍ബല സ്ഥാനാര്‍ഥിയേയാണ് ഇറിക്കിയിരിക്കുന്നതെന്ന് സി പി ഐ ജില്ലാ സെക്രട്ടറി അഡ്വ. ജി ആര്‍ അനില്‍ കുറ്റപ്പെടുത്തി. രഹസ്യ ധാരണയുടെ പുറത്താണ് ഇത്തരം നീക്കം. രാജേഷിനെ നേരിടാന്‍ യു ഡി എഫ് ശക്തനായ സ്ഥാനാര്‍ഥിയെ ഇറക്കുമെന്നായിരുന്നു എല്‍ ഡി എഫ് കരുതിയിരുന്നതെന്നും സി പി ഐ നേതാവ് സ്വകാര്യ ചാനലിനോട് പറഞ്ഞു.

അതിനിടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ വി വി രാജേഷിന് വേണ്ടി തയ്യാറാക്കിയ പോസ്റ്ററിന്റെ ക്യാപ്ഷന്‍ മോഷ്ടിച്ചതാണെന്ന ആരോപണവുമായി സി പി എമ്മും രംഗത്തെത്തി. കോര്‍പ്പറേഷന്‍ മുന്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കൂടിയായ സി പി എം നേതാവ് ഐ പി ബിനുവാണ് ആരോപണം ഉയര്‍ത്തിയത്. എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഗായത്രി ബാബുവിന് വേണ്ടി തയ്യാറാക്കിയ ‘ചിലതിന്റെ തുടര്‍ച്ചയാണ് ചിലതിന്റെ തുടക്കം’ എന്ന ക്യാപ്ഷന്‍ വി വി രാജേഷ് തന്റെ പോസ്റ്ററില്‍ ഉപയോഗിക്കുകയായിരുന്നു.