കാമുകിയുമായുള്ള വിവാഹത്തിന് എതിര്‍പ്പ്; ചേർത്തല സ്വദേശി വാഗമണ്ണിലെത്തി ആത്മഹത്യചെയ്തു

ഇരുവീട്ടുകാരും കാമുകിയുമായുള്ള വിവാഹത്തെ എതിര്‍ത്തതിനെത്തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. ചേർത്തല പട്ടണക്കാട് പഞ്ചായത്ത് എട്ടാം വാര്‍ഡ് പുതിയകാവ് വെളിയില്‍ വീട്ടില്‍ പ്രസാദിന്റെ മകന്‍ പ്രവീണ്‍ ( 28) ആണ് കോട്ടയം വാഗമണ്ണില്‍മരിച്ച നിലയില്‍ കണ്ടെത്തിയത്.പ്രവീണിനെ കാണാതായെന്നപരാതിയെത്തുടര്‍ന്ന് പട്ടണക്കാട് പൊലീസ് കേസെടുത്ത് അന്വേഷിച്ച് വരികയായിരുന്നു. ഇതിനിടയില്‍ഇന്നലെ വൈകുന്നേരത്തോടെ ആയിരുന്നു സംഭവം.

കഴിഞ്ഞ ദിവസം ഇയാള്‍ കാമുകിയുമായി ബൈക്കില്‍ സഞ്ചരിക്കുന്നത് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിയുകയും ഇരുവരെയും ശാസിക്കുകയും ചെയ്തു. പെണ്‍കുട്ടിയുമായി ഇരുവരുടേയും വീട്ടിലെത്തിയപ്പോള്‍ ഇരു വീട്ടിലും പ്രവേശിപ്പിച്ചില്ല. ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയെ മറ്റൊരു ബന്ധുവിന്റെ വീട്ടില്‍ നിര്‍ത്തിയ ശേഷം ബൈക്കില്‍ കോട്ടയം വാഗമണ്ണിലേക്ക് പോയി അവിടെ ഒരു ലോഡ്ജില്‍ വ്യാജ വിലാസത്തില്‍ മുറിയെടുത്ത് താമസിച്ചു.

ഇതിനുശേഷം ലോഡ്ജിനു സമീപത്തുള്ള മരത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ഇയ്യാള്‍ താമസിച്ച മുറിയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ പട്ടണക്കാട് ഉള്ള വിലാസം കണ്ടെത്തുകയും ബന്ധുക്കളെ വിവരം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പൊലീസ് കേസെടുത്തു.മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ ഇന്ന് പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് ​കൈമാറുമെന്ന് പൊലീസ് അറിയിച്ചു. പ്രവീണീന് ഒരു സഹോദരനുണ്ട്. അമ്മ കര്‍മ്മല.