Fri. Mar 29th, 2024

ധനമന്ത്രി തോമസ് ഐസക്കിനെതിരെ ചട്ടലംഘന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി എ ജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനം ചട്ടലംഘനമാണ്. ഭരണഘടനാപരമായ ഉത്തരവാദിത്തം പാലിക്കാതെ മന്ത്രി സി എ ജി റിപ്പോര്‍ട്ട് ചോര്‍ത്തി. റിപ്പോര്‍ട്ട് പുറത്തുവിട്ടത് നിയമസഭയുടെ അവകാശലംഘനമാണെന്നും മന്ത്രിക്ക് നോട്ടീസ് നല്‍കുമെന്നും ചെന്നിത്തല അറിയിച്ചു.

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു മന്ത്രി തന്റെ വകുപ്പിനെപ്പറ്റിയുളള സി എ ജി റിപ്പോര്‍ട്ട് പുറത്തുവിട്ടുകൊണ്ട് വാര്‍ത്താ സമ്മേളനം നടത്തുന്നത്. രാജ്യത്തെ ഒരു നിയമവും തങ്ങള്‍ക്ക് ബാധകമല്ലെന്ന നിലയിലാണ് കേരളത്തിലെ മന്ത്രിസഭ പ്രവര്‍ത്തിക്കുന്നത്. അതിന്റെ അവസാനത്തെ ഉദാഹരണമാണ് ധനമനന്ത്രിയുടെ നടപടി. മന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ കരട് സി എ ജി റിപ്പോര്‍ട്ട് എന്നാണ് പറഞ്ഞത്. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രിക്ക് ഫൈനലൈസ് ചെയ്യാത്ത, നിയമസഭയുടെ മേശപ്പുറത്ത് വെക്കാത്ത റിപ്പോര്‍ട്ട് പരസ്യപ്പെടുത്താനാകില്ല. മന്ത്രി നിയമത്തിനൊപ്പം സത്യപ്രതിജ്ഞ ലംഘനവും നടത്തിയിരിക്കുകയാണ്.