Sat. Apr 20th, 2024

സീറോമലബാർ സഭയുടെ കീഴിലുളള പാലാ ചെറുകര ക്നാനായ ഇടവകയിലെ ഇടവക വികാരി ഫാ. ഷാജിയിൽ നിന്ന് ഏൽക്കേണ്ടി വന്ന ക്രൂരമായ മനസികപീഡനങ്ങളും അപമാനിക്കലും സഹിക്കാതെ മനം നൊന്ത് ആത്മഹത്യ ചെയ്ത പൂവക്കുളത്തിൽ സിബി മാത്യുവിൻറെ മരണം വിശ്വാസികൾക്കിടയിൽ ചർച്ചയാകുകയാണ്.

ക്നാനായിൽ നിന്ന് വിവാഹാലോചനകൾ ഒത്തുവരാഞ്ഞതിനാൽ സീറോ മലബാറിൽ പെട്ട മറ്റൊരു കുടുംബവുമായി മകൻറെ കല്യാണം ഉറപ്പിച്ചതിന് ഗൃഹനാഥനായ സിബി മാത്യു ക്രൂര പീഡനങ്ങളാണ് ഇടവക വികാരി ഫാ. ഷാജിയിൽ നിന്ന് ഏൽക്കേണ്ടി വന്നത്. ഒടുവിൽ മനം നൊന്ത് ആ മനുഷ്യൻ തൂങ്ങിമരിക്കുകയായിരുന്നു

ക്നാനായ സഭയിലെ സ്വവംശ വിവാഹ നിഷ്ഠയും പുറത്താക്കല്‍ നടപടിയും നിയമവിരുദ്ധവും മനുഷ്യാവകാശ ലംഘനവും ആണെന്ന് കോടതിവിധിയുള്ളതാണ്. ക്‌നാനായ കത്തോലിക്ക സഭയില്‍ രക്തശുദ്ധിയുടെയും പാരമ്പര്യത്തിന്റെയും പേരില്‍ സഭാംഗങ്ങള്‍ക്ക് ഉരൂവിലക്ക് പലപ്പോഴും ഉണ്ടാകാറുണ്ട്. കോട്ടയം രൂപതയില്‍ പെട്ട ക്‌നാനായ കത്തോലിക്ക സഭയിലാണ് പ്രാകൃതമായ ഈ നിയമം ഇപ്പോഴും നടപ്പാക്കുന്നത്.ക്‌നാനായ കത്തോലിക്ക സഭ മറ്റ് കത്തോലിക്ക സഭയില്‍ നിന്നുള്ള വിവാഹബന്ധങ്ങള്‍ വിലക്കിയിട്ടുണ്ട്. വിശ്വാസികളുടെ രക്തശുദ്ധിയുടെ പേരിലാണ് ഈ നടപടിയെന്നാണ് സഭ വിശ്വാസികള്‍ക്ക് നല്‍കിയിരിക്കുന്ന ഉപദേശം. ഇത് അനുസരിക്കാത്തവര്‍ക്ക് സഭ ജാതീയമായി ഭ്രഷ്ട് ഏര്‍പ്പെടുത്തുകയാണ്.

ക്നാനായ സഭ വിട്ടു പുറത്തു പോകാൻ തയ്യാറാണെന്ന് എഴുതി നൽകിയാൽ മാത്രമേ ക്നാനായ ഇതര ആളുകളുമായി വിവാഹം അനുവദിക്കൂ. PLEK എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന സ്വയം ഭ്രഷ്ട് സ്വീകരിക്കുന്ന സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ മറ്റു സീറോ മലബാർ പള്ളികളിൽ വിവാഹം നടത്താവു എന്നാണ് സഭാ നിയമം.

ഇത്തരമൊരു PLEK സർട്ടിഫിക്കറ്റ് നൽകാൻ വികാരിയായ ഫാ. ഷാജി സിബി മാത്യുവിനോട് ആവശ്യപ്പെട്ടത് 15000 രൂപയാണ്. ഗതികെട്ട് പണവുമായി ചെന്ന ഗൃഹനാഥന് വികാരിയച്ചനിൽ നിന്ന് ഗുരുതരമായ അഭിമാനക്ഷതമേൽക്കേണ്ടി വന്നു. കുറി ചോദിക്കാൻ ചെന്ന അപ്പനോടും മകനോടും കെട്ടുന്ന പെണ്ണിന് ഗർഭമുണ്ടോ എന്നും അവൾ ഇപ്പഴും അവൻ്റെ കൂടെത്തന്നെയാണോ ഉറങ്ങുന്നത് എന്നൊക്കെ സ്വന്തം മകൻറെ മുന്നിൽവെച്ച് ചെറുകര സെൻ്റ് മേരീസ് പള്ളി വികാരി ഫാദർ ഷാജിയിൽ നിന്നും കേൾക്കേണ്ടി വന്നതും, വേറെ സമുദായത്തിൽ നിന്നും കല്യാണം കഴിക്കുമ്പോൾ ഒരു വീട്ടിൽ സ്വന്തം മകൻ വേറെ ഇടവകയിൽ അംഗമായി ജീവിക്കേണ്ടി വന്നതുമൊക്കെ ഒരു നീറുന്ന പ്രശ്നമായി ആ വ്യക്തിയിൽ നിലനിന്നിരുന്നു. അതിനു ശേഷം ആ മനുഷ്യൻ ആകെ മാറി. ഹൃദയം നൊന്തു മനം നീറി ഒടുവിൽ ഒരു തുണ്ടു കയറിൽ ജീവനൊടുക്കുകയായിരുന്നു. കേസാകുമെന്ന് ഉറപ്പായപ്പോൾ സഭ ഇടപെട്ട് മക്കളെ പറഞ്ഞ് പാട്ടിലാക്കിയും ഭീഷണിപ്പെടുത്തിയും പരാതിയില്ലാതെ കാര്യങ്ങൾ ഒതുക്കി തീർത്തു.

“ഞങ്ങൾക്ക് പോകാനുള്ളതു പോയി, വീട്ടിൽ നിന്ന് കന്യാസ്ത്രീമാരും അച്ചൻമാരുമുണ്ട്, പരാതിപ്പെട്ടാൽ അവർ ദുരിതമനുഭവിക്കും. അതിനാൽ പരാതിപ്പെടാനില്ല” എന്നാണ് മക്കളുടെ ഇപ്പോഴത്തെ നിലപാട്. ആത്മഹത്യ ചെയ്ത മനുഷ്യൻ്റെ സഹോദരൻ വൈദികനാണ്. “ഒരു വികാരിയച്ചനിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത പെരുമാറ്റമാണ് ഫാ. ഷാജിയിൽ നിന്നുണ്ടായത്” എന്ന് അദ്ദേഹം പറയുന്നു. “ആർക്കും ഒരു ഉപദ്രവവും ചെയ്യാത്ത വളരെ നിഷ്കളങ്കനായ വ്യക്തി ആയിരുന്നു ഇദ്ദേഹം ആ നിഷ്കളങ്കത തന്നെയാണ് ഇദ്ദേഹത്തിന് വിനയായതെന്ന്” പരിസരവാസികളെല്ലാം ഒരേസ്വരത്തിൽ പറയുന്നു.

പ്രൈവറ്റ് ബസിൽ കണ്ടക്ടറായി ജോലി ചെയ്തിരുന്ന സിബി മാത്യു അടിയുറച്ച ഒരു ദൈവ വിശ്വാസിയായിരുന്നു. ലോക് ഡൌൺ സമയത്ത് ജോലി നഷ്ടപ്പെട്ടിരുന്ന ഇദ്ദേഹം സാമ്പത്തീക ഞെരുക്കത്തിലുമായിരുന്നു.ആ മനുഷ്യനെ പിഴിഞ്ഞ് 15000 രൂപാ വാങ്ങിയെടുത്തിട്ടാണ് അയാളെയും മകനെയും മകൻറെ ഭാര്യയെയുമൊക്കെ നാലാംകിട ഞരമ്പുരോഗികളെപ്പോലെ വൃത്തികെട്ട ഭാഷയിൽ വികാരി അപമാനിച്ചത്. ക്നാനായ സമുദായത്തിൽ ജീവിച്ച് അവരുടെ പള്ളിയിലും പ്രാർത്ഥനയിലും സഭാകാര്യങ്ങളിലുമൊക്കെ സജീവമായി പങ്കെടുത്തിരുന്ന ആളായിരുന്നു സിബി മാത്യു.

ക്നാനായ സമുദായത്തെയും സഭയെയും അവിടത്തെ പുരോഹിതരെയും അന്ധമായി വിശ്വസിക്കുകയും അവരുടെ വാക്കുകൾക്ക് ജീവിതത്തിൽ അർഹിക്കുന്നതിലപ്പുറം വിലകൊടുക്കുകയും ചെയ്തതിനാൽ സ്വയം ജീവനൊടുക്കേണ്ടി വന്ന ഒരാളാണ് സിബിമാത്യു. ഇത് കേവലം ഒരു സിബിമാത്യൂവിന്റെ മാത്രം പ്രശ്നമല്ല.ഒരുപാട് ക്നാനായ കുടുംബങ്ങളിൽ ഇത്തരം അവസ്ഥകൾ ഉണ്ട് എന്നത് ഒരു യാഥാർഥ്യമാണ്. അന്ധമായ സഭാ വിധേയത്വവും പുരോഹിതന്മാരുടെ അധിക്ഷേപങ്ങളും ഭീഷണികളും ഭയന്ന് ആരും ഇത് പുറത്ത് പറയാൻ തയ്യാറാവില്ല എന്ന് മാത്രം.

കോട്ടയം രൂപതയുടെ സ്വവംശ വിവാഹ നിഷ്ഠയും പുറത്താക്കല്‍ നടപടിയും നിയമവിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണെന്ന് ഹൈക്കോടതി വിധിയുണ്ടെങ്കിലും അതിനെല്ലാം തുണ്ടു കടലാസിൻറെ വിലപോലും കൽപ്പിക്കാതെ ഇപ്പോഴിതാ ഭ്രഷ്ട് കൂലിയും ഏർപ്പെടുത്തിയിരിക്കുകയാണ് ക്നാനാനായ സഭ.

സ്വവംശവാദത്തിന്റെ പേരില്‍ സഭ നടത്തുന്ന ഇത്തരം പുറത്താക്കലുകള്‍ ശരിക്കും ഭരണഘടന പൗരന് ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ്. മനുഷ്യാവകാശ വിരുദ്ധമാണ്. ഇഷ്ടപ്പെട്ട ഇണയെ വിവാഹം കഴിച്ചതിന്റെ പേരില്‍ അംഗത്തെയും അവന്റെ പരമ്പരയേയും, അല്ലെങ്കില്‍ വിശ്വാസ ദമ്പതികള്‍ ദത്തെടുക്കുന്ന കുട്ടിയെ, രണ്ടാംകിട പൗരനായി കരുതുന്നത് ഒരുജനധിപത്യസമൂഹത്തിൽ വെച്ചുപൊറുപ്പിക്കത്തക്കതല്ല.