Thu. Mar 28th, 2024

മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നടപ്പാക്കിയതില്‍ അപാകതകളുണ്ടെന്ന് എസ് എന്‍ ഡി പി യോഗം ജന.സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സര്‍ക്കാര്‍ പറഞ്ഞതും നടപ്പാക്കിയതും തമ്മില്‍ പൊരുത്തക്കേടുകളുണ്ട്. അത് പരിഹരിക്കാന്‍ സര്‍ക്കാറിന് നിവേദനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ മുന്നാക്ക സംവരണത്തിന് മുൻകാല പ്രാബല്യം വേണമെന്ന് എൻ എസ് എസ് ആവശ്യപ്പെട്ടു.

മുന്നാക്ക സംവരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പറഞ്ഞതല്ല നടപ്പാക്കിയത്. അതില്‍ പ്രശ്‌നങ്ങളും പിഴവുകളുമുണ്ട്. ഉദ്യോഗസ്ഥതലത്തില്‍ വന്ന പ്രശ്‌നമായിരിക്കാം അത്. ഇത് പരിഹരിക്കണം. കേന്ദ്ര സര്‍ക്കാര്‍ പോലും സുപ്രീം കോടതിയുടെ വിധി കാത്തിരിക്കുകയാണെന്നും എന്നാല്‍ ഇവിടെ തിടുക്കപ്പെട്ട് നടപ്പാക്കിയെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

സുപ്രീം കോടതിയില്‍ ഈ കേസില്‍ എസ് എന്‍ ഡി പിയും കക്ഷിയാണ്. യുഡിഎഫ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും, വിഷയത്തില്‍ ഇതര പിന്നോക്ക സംഘടനകളുമായി സംയുക്തമായ സമരങ്ങള്‍ക്ക് എസ്എന്‍ഡിപി ആലോചിക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ശ്രീനാരായണ ഗുരു ഓപണ്‍ സര്‍വകലാശാല വി സി നിയമനവുമായി ബന്ധപ്പെട്ട തന്റെ അഭിപ്രായം വര്‍ഗീയവത്കരിച്ചുവെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

മുന്നാക്ക സംവരണത്തിന് മുതല്‍ഈ വര്‍ഷം ജനുവരി മുതല്‍ മുന്‍കാല പ്രാബല്യം അനുവദിക്കണമെന്നാണ് എന്‍ എസിന്റെ ആവശ്യം. മുന്നാക്ക സംവരണത്തിലെ നിലവിലെ വ്യവസ്ഥകള്‍ തുല്യനീതിക്ക് നിരക്കാത്തതാണെന്നും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വാര്‍ത്താ കുറിപ്പിലൂടെ വ്യക്തമാക്കി.