74-ാമത് പുന്നപ്ര‑വയലാർ വാർഷിക വാരാചരണത്തിന് ഇന്ന് സമാപനം

സർ സി പിയുടെ ഭ്രാന്തൻ കൽപ്പനകൾക്കും ചോറ്റുപട്ടാളത്തിന്റെ നിറ തോക്കുകൾക്ക് മുന്നിൽ അടിപതറാതെ രക്തപുഷ്പങ്ങളായവർക്ക് മരണമില്ലെന്ന് പ്രഖ്യാപിച്ച് 74-ാമത് പുന്നപ്ര‑വയലാർ വാർഷിക വാരാചരണത്തിന് ഇന്ന് സമാപനം. രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽനിന്ന്‌ വയലാറിലേക്കുള്ള ദീപശിഖ പ്രയാണം രാവിലെ ഒമ്പതിന്‌. മന്ത്രി ജി സുധാകരൻ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽനിന്ന്‌ ദീപം പകർന്ന് അത്‌ലറ്റുകൾക്ക് കൈമാറി. രാവിലെ ഒമ്പതിന് മേനാശേരി രക്തസാക്ഷി മണ്ഡപത്തിൽ നിന്നുള്ള ദീപശിഖ പ്രയാണവും ആരംഭിച്ചു. സമരസേനാനി കെ കെ ഗംഗാധരൻ ദീപശിഖ കൈമാറി. അത്‌ലറ്റുകൾ റിലേയായി ദീപശിഖ വയലാറിൽ എത്തി.

രാവിലെ 10.05ന് കൈചൂണ്ടിമുക്കിന് സമീപം രക്തസാക്ഷി ജനാർദ്ദനന്റെ ബലികുടീരത്തിൽ ദീപം പകർന്ന് പ്രയാണം തുടർന്ന് 11.10ന് മാരാരിക്കുളം രക്തസാക്ഷി മണ്ഡപത്തിൽ ദീപം പകർന്ന ശേഷം 12.15ന് വയലാറിലെത്തി. മേനാശേരിയിൽനിന്നുള്ള ദീപശിഖയും ഈ സമയംതന്നെ വയലാറിലെത്തി. വാരാചരണ കമ്മിറ്റി പ്രസിഡന്റ്‌ എൻ എസ് ശിവപ്രസാദ് ദീപശിഖകൾ ഏറ്റുവാങ്ങി വയലാർ രക്തസാക്ഷി മണ്ഡപത്തിൽ സ്ഥാപിച്ചു. തുടർന്ന് രക്തസാക്ഷികൾക്ക് പുഷ്‌പാപാർച്ചനകൾ നടന്നുകൊണ്ടിരിക്കുന്നു. കോവിഡ് പ്രോട്ടോക്കോളും ലോക്ക് ഡൗണും നിലനിൽക്കുന്നതിനാൽ പ്രകടനങ്ങൾ ഒഴിവാക്കിയിട്ടുണ്ടെങ്കിലും വയലാർ രക്തസാക്ഷി മണ്ഡപത്തിലേക്ക് ജില്ലയുടെ വിവിധഭാഗങ്ങളിൽനിന്ന് ജനങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണ്.

മുഖ്യമന്ത്രി പിണറായി വിജയൻ വൈകിട്ട് അഞ്ചിന് ഓൺലൈനിലൂടെ പുന്ന-പ്രവയലാർ രക്തസാക്ഷി അനുസ്‌മരണ പ്രഭാഷണം നടത്തും. വൈകിട്ട് 5.45ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഓൺലൈനിൽ രക്തസാക്ഷി അനുസ്‌മരണ പ്രഭാഷണം നടത്തും.

മുഖ്യമന്ത്രിയുടെ പ്രഭാഷണം സിപിഐ എം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെയും മുഖ്യമന്ത്രിയുടെയും ഔദ്യോ​ഗിക ഫേസ്ബുക്ക് പേജുകളിൽ കാണാം. കാനം രാജേന്ദ്രന്റേതും സിപിഐ എം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിൽ കാണാം.

വൈകുന്നേരം 6 മണിക്ക് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സി പി ഐ എം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ അനുസ്മരണ പ്രഭാഷണം നടത്തും.