സംവരണ അട്ടിമറിക്കെതിരെ കേരളമാകെ പ്രക്ഷോഭത്തിനൊരുങ്ങി എസ്എൻഡിപി യൂത്ത് മൂവ്മെൻറ്

എല്ലാരാഷ്ട്രീയ പാർട്ടികളുടെയും ഒത്താശയോടെ മുന്നാക്ക സംവരണം നടപ്പിലാക്കിക്കൊണ്ട് സംവരണത്തിൻറെ ഉദ്ദേശ ലക്ഷ്യങ്ങളെത്തന്നെ അട്ടിമറിക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കേരളമാകെ പ്രക്ഷോഭത്തിനൊരുങ്ങി എസ്എൻഡിപി യൂത്ത് മൂവ്മെൻറ്. ഇതിൻറെ തുടക്കമായി മുന്നാക്ക സംവരണ ഉത്തരവ് കത്തിച്ചു കൊണ്ട് സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിൽ എസ് എൻ ഡി പി യോഗം യൂത്ത് മൂവ്മെൻ്റ്  പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

എസ് എൻ ഡി പി യോഗം നിരവധിയായ സമരമുഖങ്ങളിൽ അവകാശങ്ങൾക്കായി, ആർജ്ജവത്തോടെ പൊരുതി മുന്നേറിയ പ്രസ്ഥാനം ആണ്. കാലങ്ങൾക്കു മുന്നേ രാജഭരണ കാലം മുതൽ തന്നെ ഉദ്യോഗസ്ഥ സംവരണത്തിന് വേണ്ടി ശബ്ദമുയർത്തുകയും ശക്തമായ സമരപഥങ്ങൾ തീർത്തൊരു പ്രസ്ഥാനം ആണ്. ഇതിൻ്റെയൊക്കെ ബാക്കി പത്രമായി ഡോ.ബി ആർ അംബേദ്കർ ഇന്ത്യയുടെ ഭരണ ഘടന തയ്യാർ ചെയ്തപ്പോൾ രാജ്യത്തെ പിന്നാക്ക വിഭാഗത്തിന് അനുവദിച്ചു നൽകിയ അവകാശമാണ് സാമുദായിക സംവരണം. അല്ലാതെ ഇവിടെ ഇന്നു നില നിൽക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും ഔദാര്യമല്ല എന്ന് എസ്എൻഡിപി യൂത്ത് മൂവ്മെൻറ് നേതാക്കൾ പറഞ്ഞു.
നീചമായ പ്രീണന രാഷ്ട്രീയത്തിനു വേണ്ടി സമുദായ സംവരണത്തെ തകർക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ ശക്തികളുടെ സ്ഥാനം നാളെകളിൽ ചവറ്റുകുട്ടയിൽ ആയിരിക്കും. ദേവസ്വം ബോർഡിലും, തുടർന്ന് പി എസ് സി നിയമനങ്ങളിലും സാമ്പത്തിക സംവരണം നടപ്പാക്കുവാൻ തയ്യാറെടുക്കുന്ന ഭരണ കർത്താക്കൾക്കെതിരെ ശക്തമായ സമരങ്ങൾ വരും നാളുകളിൽ ഉണ്ടാവും. അതിന്റെ ആദ്യപടിയാണ് യൂത്ത് മൂവ്മെന്റ് കേന്ദ്രസമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ ജ്വാല. സർക്കാരിന്റെ അധികാര ധാർഷ്ട്യത്തിന്റെ നേർസാക്ഷ്യമായ പ്രസ്തുത ഉത്തരവിന്റെ പകർപ്പ് കത്തിച്ചു തുടങ്ങിയ ഈ സമരാഗ്നി നാളെകളിൽ കേരളമാകെ ആളിപ്പടരുക തന്നെ ചെയ്യുമെന്ന് എസ്എൻഡിപി യൂത്ത് മൂവ്മെൻറ് നേതാക്കൾ വ്യക്തമാക്കി.മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് സർക്കാർ നിയമനങ്ങളിലും വിദ്യാലയ പ്രവേശനത്തിലും പത്ത് ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം നടപ്പിലാക്കുമ്പോൾ ദളിത്-പിന്നാക്ക സമുദായങ്ങൾക്ക് പൊതു വിഭാഗത്തിൽ നേരിടുന്നത് ഭീമമായ നഷ്ടമാണ്.

പട്ടികവിഭാഗ- പിന്നാക്ക സമുദായങ്ങൾക്ക് നിലവിൽ 50 ശതമാനം സംവരണമാണുള്ളത്. ഇതിൽ ഒരു കുറവും വരുത്തില്ലെന്നും, 50 ശതമാനം ഓപ്പൺ ക്വാട്ടയിൽ (പൊതുവിഭാഗം) നിന്നുള്ള പത്ത് ശതമാനമാണ് സാമ്പത്തിക സംവരണത്തിനായി നീക്കിവയ്ക്കുന്നതെന്നുമാണ് സർക്കാരിന്റെ വാദം. ഇത് ശരിയാണെന്ന് ഒറ്റ നോട്ടത്തിൽ തോന്നാം. എന്നാൽ, ചതിക്കുഴി ഒളിഞ്ഞിരിക്കുന്നത് സാമ്പത്തിക സംവരണത്തിന് സർക്കാർ നടപ്പിലാക്കുന്ന നടപടിക്രമങ്ങളിലാണ്.

സർക്കാരിന്റെ വാദമനുസരിച്ചാണെങ്കിൽ, 50 ശതമാനം ഓപ്പൺ ക്വാട്ടയിൽ നിന്നാണ് സാമ്പത്തിക സംവരണത്തിന് പത്ത് ശതമാനം നീക്കിവയ്ക്കേണ്ടത്. മൊത്തം 100 ഒഴിവുകളിലേക്കാണ് നിയമനമെങ്കിൽ, അതിൽ 50 എണ്ണം സാമുദായിക സംവരണത്തിന്. ശേഷിച്ച 50ൽ പത്ത് ശതമാനം, അതായത് 5 ഒഴിവുകളിലാണ് സാമ്പത്തിക സംവരണം നടപ്പാക്കേണ്ടത്.എന്നാൽ, സർക്കാരിന്റെ പ്രഖ്യാപനത്തിന് വിരുദ്ധമായി,മൊത്തം 100 ഒഴിവുകളിൽ നിന്ന് പത്ത് ശതമാനമാണ് മാറ്റുന്നത്. ഇതുമൂലം,100 നിയമനങ്ങളിൽ പത്തെണ്ണം (സംവരണം ചെയ്തതിന്റെ ഇരട്ടി) ലഭിക്കുന്നത് മുന്നാക്ക സംവരണത്തിനാവും. സർക്കാർ-ഉദ്യോഗസ്ഥ തലത്തിലെ ഒത്തുകളിമൂലം, ഫലത്തിൽ 20 ശതമാനം സംവരണസീറ്റുകൾ ഈ വിഭാഗക്കാർക്കും കൈവരും.
ദേവസ്വം ബോർഡുകളിലെ നിയമനങ്ങളിലും സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിലെ വിദ്യാർത്ഥി പ്രവേശനത്തിലും അർഹതപ്പെട്ടതിന്റെ ഇരട്ടി സംവരണമാണ് ഇത്തരത്തിൽ മുന്നാക്കക്കാർക്കായി നീക്കിവച്ചത്. വരുന്ന പി.എസ്.സി നിയമനങ്ങളിലും, മെഡിക്കൽ-എൻജിനിയറിംഗ് പ്രവേശനത്തിലും ഇതേ മാനദണ്ഡമാവും നടപ്പിലാക്കുക.

പി.എസ്.സി നിയമനങ്ങളിൽ ഓരോ റാങ്ക് ലിസ്റ്റിലെയും 20 ഒഴിവുകൾ വീതം ഒരു യൂണിറ്റായി കണക്കാക്കിയാണ് മെരിറ്റ്,സംവരണ നിയമനക്രമം നിശ്ചയിക്കുന്നത്. 1,3,5 തുടങ്ങി 19 വരെയുളള പത്ത് ഒഴിവുകൾ പൊതു വിഭാഗത്തിനും 2,4,6 തുടങ്ങി 20 വരെയുള്ള പത്ത് ഒഴിവുകൾ സംവരണത്തിനും.

ഇനി, പത്ത് ശതമാനം സാമ്പത്തിക സംവരണം നടപ്പിലാക്കുമ്പോൾ പൊതു വിഭാഗത്തിലെ പത്ത് സീറ്റിൽ രണ്ടെണ്ണം (യഥാർത്ഥത്തിൽ നൽകേണ്ടത് ഒരെണ്ണം) ഈ വിഭാഗത്തിനാവും. ഒന്നു മുതൽ 19 വരെയുള്ള പൊതുവിഭാഗത്തിലെ 9,19 എന്നീ ഒഴിവുകളാണ് നീക്കിവയ്ക്കുന്നതെന്ന് കരുതുക. ആദ്യത്തെ 9,19 റാങ്കുകളിൽ ദളിത്-പിന്നാക്ക വിഭാഗക്കാർ വന്നാൽ, മെരിറ്റ് ക്വാട്ടയിലെ അർഹതപ്പെട്ട നിയമനത്തിൽ നിന്ന് അവർ പുറന്തള്ളപ്പെടും. പകരം, റാങ്കിൽ അവർക്ക് പിന്നിലുള്ള മുന്നാക്ക സംവരണക്കാർക്കാവും നിയമനം.

ഇത് ഒരു തരത്തിലും ദളിത് പിന്നോക്ക വിഭാഗങ്ങൾ വെച്ചുപൊറുപ്പിക്കരുതെന്നും. കോവിഡ് പ്രോട്ടോകോളിന്റെ മറവിൽ സാമൂഹ്യനീതിക്ക് തുരങ്കം വെക്കുന്ന ഇത്തരം പിന്നോക്ക വിരുദ്ധ നടപടികൾ നടപ്പിലാക്കിക്കൊണ്ടിരി നിക്കുമ്പോൾ ഇനി കയ്യുംകെട്ടി നോക്കിനിൽക്കാനാവില്ലെന്നും.സർക്കാർ ഇതിൽനിന്നും പിന്മാറിയില്ലെങ്കിൽ കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത അതിജീവനത്തിനുവേണ്ടിയുള്ള പിന്നോക്കകാരുടെ ശ്കതമായ സമരങ്ങൾ തുടർന്ന് ഉണ്ടാകുമെന്ന് എസ്എൻഡിപി യൂത്ത്മൂവ്മെൻറ് മുന്നറിയിപ്പ് നൽകി.