ഭർത്താവിനെ ജാമ്യത്തിലിറക്കാമെന്ന് പറഞ്ഞ് യുവതിയെ പീഡിപ്പിച്ച്, പണം തട്ടി, ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രചരിപ്പിച്ച കേസിൽ സിപിഎം പ്രവർത്തകൻ ഒളിവിൽ

പത്തനംതിട്ടയിൽ യുവതിയെ ബലാത്സംഗം ചെയ്തു, വീഡിയോ പകർത്തിയശേഷം ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയിൽ ബന്ധുവായ സിപിഎം പ്രവർത്തകനെതിരെ കേസെടുത്തു. അടൂര്‍ പഴകുളം പന്ത്രാകുഴിയില്‍ അബ്ദുല്‍ റഹിമാന്‍, ഭാര്യ സന എന്നിവര്‍ക്കെതിരേയാണ് കേസ്. ഒരു കേസിൽ അകപ്പെട്ട് ജയിലിൽ കഴിയുന്ന ഭർത്താവിനെ ജ്യാമത്തിലിറക്കാം എന്ന് തെറ്റിദ്ധരിപ്പിച്ച് അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കുകയും, ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തുവെന്നുമാണ് പരാതി.

ഒരാഴ്ച മുൻപ് പരാതിക്കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. സി പി എം പ്രവർത്തകനായ പ്രതിക്കെതിരെ മാസങ്ങൾക്ക് മുൻപ് പാർട്ടി നേതൃത്വത്തിനടക്കം പരാതി നൽകിയിട്ടും,പ്രതിയെ സംരക്ഷിക്കുന്ന നിലപടാണുണ്ടായതെന്നും ഇതോടെയാണ് പൊലീസിനെ സമീപിച്ചതെന്നും സിപിഎം പ്രവർത്തക കൂടിയായ യുവതി ആരോപിക്കുന്നു.

എന്നാൽ പാർട്ടി നേതൃത്വത്തിനു യുവതി പരാതി നൽകിയിട്ടില്ലെന്നും, സംഭവം അറിഞ്ഞയുടൻ പ്രതിയെയും പരാതിക്കാരിയെയും പുറത്താക്കിയിരുന്നതായും സി പി എം വ്യക്തമാക്കി. പ്രതി ഒളിവിലാണ്.

ജില്ലാ പൊലീസ് മേധാവിക്കാണ് യുവതി പരാതി നൽകിയിരിക്കുന്നത്. ഒരു വർഷം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭർത്താവിനെ കാണാൻ കൊട്ടാരക്കര സബ്ജയിലെത്തിയ യുവതിയെ പ്രതി തെറ്റിദ്ധരിപ്പിച്ച് ഹോട്ടലിലെത്തിച്ച ശേഷം പീഡിപ്പിക്കുകയും, ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പലതവണ പീഡനത്തിനിരയാക്കുകയും, പണം വാങ്ങുകയും ചെയ്തതായി യുവതി പറയുന്നു.

പാര്‍ട്ടി ജില്ലാ സെക്രട്ടറിയായ അഭിഭാഷകനെയാണ് കേസിന്റെ ചുമതല ഏല്‍പിച്ചത്. കൊട്ടാരക്കര സബ്ജയിലില്‍ പോയി തിരികെ വരുമ്പോള്‍ അവിടെ ഒരു ഹോട്ടലില്‍ മുറിയെടുത്തു. അവിടെ വച്ചാണ് അതിക്രൂരമായി ബലാല്‍കാരത്തിനിരയായതും നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയതും. പിന്നീട് ഇതേ ഹോട്ടലില്‍ പല പ്രാവശ്യം കൊണ്ടു പോയി പീഡിപ്പിച്ചു. നഗ്നദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.

ഭര്‍ത്താവ് ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷവും ഭീഷണി മുഴക്കി യുവതിയെ പല സ്ഥലത്തും കൊണ്ടു പോയി പീഡിപ്പിച്ചു. പീഡനം സഹിക്കാന്‍ കഴിയാതെ വന്നതോടെ വിവരം ഭര്‍ത്താവിന് നോട് പറഞ്ഞു. ഭര്‍ത്താവ് പ്രദേശത്തു നിന്നുള്ള പാര്‍ട്ടിയുടെ ജില്ലാ നേതാവിനെ കാര്യങ്ങള്‍ ധരിപ്പിച്ചു. ചിത്രങ്ങളും വീഡിയോകളും നശിപ്പിച്ചുവെന്ന് പറഞ്ഞ പ്രതി ഇനി ശല്യപ്പെടുത്തില്ലെന്നും വാക്കു നല്‍കി. പിന്നീടാണ് പ്രതിയുടെ ഭാര്യ യുവതിയുടെ ഭര്‍ത്താവിന്റെയും അനുജന്റെയും ഫോണിലേക്ക് നഗ്നചിത്രങ്ങളും വീഡിയോയും അയച്ചു കൊടുത്തത്. പിന്നീട് ഭാര്യയും മറ്റു ചിലരും ചേര്‍ന്ന് ഈ വീഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചു. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. വനിതാ പോലീസ് ഇന്‍സ്പെക്ടര്‍ ലീലാമ്മയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രതികള്‍ ഒളിവിലാണ്.