Fri. Mar 29th, 2024

 മൂന്ന് സ്ത്രീകളുടെ വിജയ താഡനം ഫലം കണ്ടു. സമൂഹ മാദ്ധ്യമങ്ങൾ വഴിയുളള ലൈംഗിക അധിക്ഷേപങ്ങൾ നിയന്ത്രിക്കാൻ കേരള പൊലീസ് ആക്‌ടിൽ ഭേദഗതി വരുന്നു. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് സുപ്രധാന തീരുമാനമുണ്ടായത്. സമൂഹ മാദ്ധ്യമങ്ങൾ വഴിയുളള അധിക്ഷേപങ്ങൾക്കെതിരെ നടപടിയെടുക്കാൻ പൊലീസ് ആക്‌ടിൽ വകുപ്പില്ലെന്ന ആക്ഷേപം ഉയർന്നിരുന്നു. ഇതേ തുടർന്നാണ് സംസ്ഥാന സർക്കാർ തീരുമാനം.

വാക്കുകളും ദൃശ്യങ്ങളും ഉപയോഗിച്ചുളള ലൈംഗിക അധിക്ഷേപം ജാമ്യമില്ലാ കുറ്റമാക്കും. സ്ത്രീകളെ അധിക്ഷേപിക്കുന്ന വീഡിയോ ചെയ്‌ത യൂട്യൂബർ വിജയ് പി നായർക്കെതിരെ നേരത്തെ പ്രതിഷേധം നടന്നിരുന്നു. ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്‌മി, ആക്‌ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്‌മി അറക്കൽ തുടങ്ങിയവരാണ് വിജയ് പി നായർക്കെതിരെ പരസ്യമായി പ്രതിഷേധിച്ചത്.

സംസ്ഥാനത്തെ സെെബർ നിയമങ്ങൾ തങ്ങൾക്ക് സുരക്ഷ നൽകുന്നില്ലെന്നും ഗതികേടുകൊണ്ടാണ് ഇങ്ങനെയൊരു വഴി പ്രയാേഗിച്ചതെന്നും ഭാഗ്യലക്ഷ്‌മി അടക്കമുള്ളവർ ആരോപിച്ചിരുന്നു. ഗുരുതര പരാതി നൽകിയിട്ടും ദുർബല വകുപ്പുകൾ മാത്രം ചുമത്തി പൊലീസ് കേസെടുത്തത് ഏറെ വിവാദമായിരുന്നു. പിന്നീടാണ് ഐ.ടി ആക്‌ടിലെ 67, 67 (എ) എന്നീ വകുപ്പുകൾ കൂടി ഇയാൾക്കെതിരെ ചുമത്തിയത്.

ലൈംഗിക അധിക്ഷേപത്തിനൊപ്പം തെറ്റായ ആക്ഷേപങ്ങളിലൂടെയുളള വ്യക്തിഹത്യയും കുറ്റകരമാക്കുന്ന തരത്തിലുള്ള നിയമനിർമാണത്തിനാണ് ശുപാർശ. പൊലീസ് ആക്‌ടിൽ സൈബർ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാൻ ഒരു വകുപ്പ് പോലുമില്ല. ഈ പ്രതിസന്ധി മറികടക്കാനാണ് കേരള പൊലീസ് ആക്‌ടിൽ ഭേദഗതി കൊണ്ടുവരാനുളള തീരുമാനമുണ്ടാകുന്നത്.