ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ഒരാള്‍ക്ക് കൊവിഡ് അനുഗ്രഹം

ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലയ്ക്കലില്‍ വെച്ച് നടത്തുന്ന ആന്റിജന്‍ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. തമിഴ്‌നാട് സ്വദേശിയായ ഇയാളെ റാന്നിയിലെ സിഎഫ്എല്‍ടിസിയിലേക്ക് മാറ്റി.

തുലാമാസ പൂജകള്‍ക്കായി കഴിഞ്ഞ ദിവസമാണ് ശബരിമല നട തുറന്നത്. കര്‍ശനമായ സുരക്ഷ ഒരുക്കിയാണ് ഭക്തര്‍ക്ക് ദര്‍ശനം അനുവദിച്ചിരുന്നത്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മാത്രമെ മലയിലേക്ക് പ്രവേശനമുള്ളു. വെര്‍ച്വല്‍ ക്യൂ സംവിധാനം വഴി രജിസ്റ്റര്‍ ചെയ്ത 250 ഭക്തര്‍ക്കാണ് ഒരു ദിവസം ദര്‍ശനത്തിന് അനുമതിയുള്ളത്.

10 വയസ്സിനും 60 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ദര്‍ശനം അനുവദിക്കുന്നതല്ല. ദര്‍ശനത്തിനെത്തുന്നവര്‍ എല്ലാ വിധ കോവിഡ് സുരക്ഷാമാനദണ്ഡങ്ങളും കര്‍ശനമായി പാലിക്കണം. സാനിറ്റൈസര്‍, മാസ്‌ക്, കൈയ്യുറകള്‍ എന്നിവ കരുതുകയും യഥാവിധി ഉപയോഗിക്കുയും ചെയ്യണം. മലകയറുമ്പോള്‍ മാസ്‌ക് ധരിക്കുന്നത് ബുദ്ധിമുട്ടായാതിനാല്‍ ആവശ്യമെങ്കില്‍ മാസ്‌ക് ഒഴിവാക്കാം. ബാക്കി എല്ലാ സമയങ്ങളിലും മാസ്‌ക് ധരിക്കണം. ഭക്തര്‍ കൂട്ടം ചേര്‍ന്ന് സഞ്ചരിക്കാന്‍ പാടില്ല. നിശ്ചിത അകലം പാലിച്ചുമാത്രമേ ദര്‍ശനത്തിനെത്താവൂ എന്ന് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

കോവിഡ് വ്യാപനം കുതിച്ചുയരുന്ന സന്ദർഭത്തിൽ അതു പരിഗണിക്കാതെ ശബരിമല ദർശനത്തിന് അനുമതി നൽകിയത്തിനെതിരെ പ്രതിഷേധവുമായി ചില സംഘടനകൾ രംഗത്ത് എത്തിയിരുന്നെങ്കിലും സർക്കാർ ചെവിക്കൊണ്ടില്ല.ഭക്തി കൊണ്ടു കോവിഡിനെ നേരിടാനാവില്ലെന്നു തിരിച്ചറിഞ്ഞ ജനങ്ങൾ ആരാധനാലയങ്ങൾ ഒഴിവാക്കി വീട്ടിലിരിക്കുമ്പോൾ മത പ്രീണനത്തിനായി അന്യസംസ്ഥാനങ്ങളിൽ നിന്നു പോലും ജനങ്ങളെ ശബരിമലയിലേക്ക് ആനയിക്കുന്ന നടപടിയാണ് ശബരിമല തീർത്ഥാടനത്തിന്റെ പേരിൽ നടക്കുന്നത്.