Fri. Mar 29th, 2024

സ്വര്‍ണ്ണക്കടത്ത് കേസില്‍ കേന്ദ്രസഹമന്ത്രി വി മുരളീധരനെതിരെ സിപിഎം . കേസിലെ പ്രതിയുടെ മൊഴി വാര്‍ത്താ സമ്മേളനത്തില്‍ പരസ്യമാക്കിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും അധികാര ദുര്‍വിനിയോഗമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. ദേശീയ അന്വേഷണ ഏജന്‍സികളുടെ അന്വേഷണത്തില്‍ ബിജെപി ഇടപെടുന്നതിന്റെ തെളിവാണ് മുരളീധരന്‍ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനം. അന്വേഷണ ഏജന്‍സികളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണ് ബിജെപി.

അന്വേഷണ ഘട്ടത്തില്‍ മൊഴികള്‍ പ്രസിദ്ധപ്പെടുത്തുന്നതു പോലും നിയമവിരുദ്ധവും കുറ്റകരവുമാണെന്ന് കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി പ്രഖ്യാപിക്കുകയുണ്ടായി. ഈ സാഹചര്യത്തില്‍ പ്രതിയുടെ മൊഴിയെ പത്ര സമ്മേളനത്തിലൂടെ ആധികാരികമാക്കിയ വി മുരളീധരന്റെ നടപടി നിയമവിരുദ്ധവും ഹൈക്കോടതിയെ വെല്ലുവിളിക്കുന്നതും കൂടിയാണ്.

ഭരണഘടനാപ്രകാരം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഒരു മന്ത്രി പാര്‍ട്ടി കേന്ദ്രത്തില്‍ പത്രസമ്മേളനം നടത്തി അന്വേഷണ ഏജന്‍സി പോലും കണ്ടെത്താത്ത കാര്യങ്ങള്‍ നിഗമനങ്ങളായി പ്രഖ്യാപിച്ച നടപടി കേട്ടുകേള്‍വിയില്ലാത്തതാണ്. അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യത തകര്‍ക്കുകയാണ് കേന്ദ്രമന്ത്രി ചെയ്തിട്ടുള്ളത്. പ്രതിപക്ഷ നേതാവ് ചെന്നിത്തലയും ബിജെപി പ്രസിഡന്‍ഡ് കെ സുരേന്ദ്രനും കൂടിയാലോചിച്ചതു പോലെ നടത്തിയ പ്രസ്താവനകള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണ് കേന്ദ്രമന്ത്രി ചെയ്തത്. അതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന പരിഹാസ്യ ആവശ്യവും അദ്ദേഹം ഉയര്‍ത്തിയിട്ടുണ്ട്.

സ്വര്‍ണ്ണം കടത്തിയത് നയതന്ത്ര ബാഗേജ് വഴിയല്ലെന്ന തുടര്‍ച്ചയായ പ്രസ്താവനകള്‍, കേസിലെ പ്രതിയായ ഫൈസല്‍ ഫരീദിനെ വിട്ടുകിട്ടാന്‍ നടപടി സ്വീകരിക്കാത്തത്, കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെ മൊഴി പോലും എടുക്കാന്‍ അനുവദിക്കാത്തത് തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഇതിന്റെയെല്ലാം ഭാഗമായി കോടതികളില്‍ അന്വേഷണ ഏജന്‍സികള്‍ തുറന്നു കാട്ടപ്പെട്ടു.

ഭീകരവാദവുമായി ബന്ധപ്പെട്ട ഒരു തെളിവും ഹാജരാക്കാന്‍ എന്‍ ഐ എ ക്ക് കഴിഞ്ഞില്ലെന്നാണ് കോടതി കഴിഞ്ഞ ദിവസം പറഞ്ഞത്. എഫ് സിആര്‍എ നിയമം ബാധകമല്ലാത്ത കേസിലാണ് ലൈഫ് മിഷനെതിരെ സിബിഐ അന്വേഷണം നടത്തുന്നതെന്ന് ഹൈക്കോടതിയും വ്യക്തമാക്കി. എന്നാല്‍, ഇതൊന്നും പരിഗണിക്കാതെ സങ്കുചിത രാഷ്ട്രിയ ലക്ഷ്യം മുന്‍നിര്‍ത്തി അന്വഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുന്നത് ഫെഡറല്‍ തത്വങ്ങള്‍ക്കും ജനാധിപത്യത്തിന്നും നിയമ വ്യവസ്ഥക്കും നേരെയുള്ള വെല്ലുവിളിയാണ്. ഈ തെറ്റായ നീക്കത്തിന് ഒപ്പം നില്‍ക്കുന്ന കോണ്‍ഗ്രസ് ബിജെപിയുടെ സഖ്യകക്ഷിയായി കേരളത്തില്‍ അധപ്പതിച്ചിരിക്കുന്നു. എല്ലാ പരിധിയും ലംഘിക്കുന്ന ഈ കൂട്ടുകെട്ടിനെ ചെറുത്തു തോല്‍പ്പിക്കേണ്ടത് നിയമവാഴ്ച നില നില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന മുഴുവന്‍ പേരുടേയും ഉത്തരവാദിത്തമാണെന്നും സിപിഎം പറഞ്ഞു.

സങ്കുചിത രാഷ്ട്രീയലക്ഷ്യം മുന്‍നിര്‍ത്തി അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നത് ഫെഡറല്‍ തത്വങ്ങള്‍ക്ക് നേരെയുള്ള വെല്ലിവിളിയാണ്. പ്രതികളുടെ മൊഴി ഉയര്‍ത്തി മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട മുരളീധരന്റെ നടപടി പരിഹാസ്യമാണെന്നും സിപിഎം വ്യക്തമാക്കി.