യു ഡി എഫ് കാസർകോട് ജില്ലാ ചെയർമാൻ സ്ഥാനത്തുനിന്ന് എം സി കമറുദ്ദീനെ പുറത്താക്കി

ഇന്ത്യയിലെ ഏറ്റവുമധികം തട്ടിപ്പുകേസുകളിലെ പ്രതിയായ ജനപ്രതിനിധിയെന്ന റിക്കോഡ്‌ കരസ്ഥമാക്കിയ ജുവലറി തട്ടിപ്പ് കേസിൽ പ്രതിയായ എം സി കമറുദ്ദീൻ എം എൽ എയെ യു ഡി എഫ് കാസർകോട് ജില്ലാ ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കി. സി ടി അഹമ്മദലിയാണ് പുതിയ ചെയർമാൻ. സ്ഥാനം ഒഴിയാൻ നേരത്തേ തന്നെ കമറുദ്ദീൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. പുനസംഘടനയെത്തുടർന്നാണ് മാറ്റം. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് യു ഡി എഫ് ജില്ലാ കമ്മിറ്റികൾ പുനസംഘടിപ്പിച്ചത്.

അതിനിടെ കേരളകോൺഗ്രസ് എമ്മിൽ നിന്ന് പത്തനംതിട്ടജില്ലയിലെ ചെയർമാൻ സ്ഥാനം കോൺഗ്രസ് ഏറ്റെടുത്തിട്ടുണ്ട്. ജോസഫ് വിഭാഗത്തിലെ മോൻസ് ജോസഫാണ് കോട്ടയം ജില്ലയിലെ യു ഡി എഫ് ചെയർമാൻ. ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ കൺവീനർ സ്ഥാനവും ജോസഫ് വിഭാഗത്തിന് നൽകിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ ചെയർമാൻ സ്ഥാനവും ആലപ്പുഴ ജില്ലയിലെ കൺവീനർസ്ഥാനവും ഒഴിച്ചിട്ടിരിക്കുകയാണ്. തർക്കങ്ങളെത്തുടർന്നാണ് ഇത് എന്നാണ് റിപ്പോർട്ട്.