Fri. Mar 29th, 2024

✍️ ലിബി സി.എസ്

കമ്പികഥ യൂട്യൂബർ ജട്ടി നായരെ കയ്യേറ്റം ചെയ്ത കേസിൽ ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകിയിട്ടുള്ള മൂന്ന് പെണ്ണുങ്ങൾ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവർ ജാമ്യാപേക്ഷയിൽ കോടതി വിധിപറയുമുമ്പേ അവർ മുങ്ങിനടക്കുന്നു ധൈര്യം ചോർന്നുപോയി എന്നൊക്കെ പറഞ്ഞു അര ജെട്ടിവാദികളും ചില യുക്തിവീരന്മാരുമൊക്കെ പ്രചരിപ്പിക്കുന്നുണ്ട്. ആരാണാവോ ഇതിന് മുൻപ് കേരളത്തിൽ മുൻകൂർജാമ്യാപേക്ഷ കൊടുത്തിട്ട് വിധിപറയും മുൻപ് കീഴടങ്ങിയിട്ടുള്ളത്? കേസിൽ പ്രതിചേർക്കപ്പെട്ട ഒരാളുടെ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി തള്ളുന്നതോ അവർ ഹൈക്കോടതിയെയോ സുപ്രീംകോടതിയെയോ സമീപിക്കുന്നതോ ഇത് ആദ്യത്തെ സംഭവമാണോ? അത് പ്രതികളുടെ അവകാശമാണ്.

നീതി നിഷേധിക്കപ്പെട്ട സ്ത്രീകൾ നിയമം കയ്യിലെടുക്കേണ്ടിവന്ന കേരളത്തിലെ ആദ്യത്തെ സംഭവമൊന്നുമല്ല ഇത്. 2012 ൽ കെ. ഡി.എം.എഫ് നടത്തിയ ചൂല്‍ സമരം മറന്നുപോയോ? കേരളീയ പൊതു സമൂഹവും മുഖ്യധാര മാധ്യമങ്ങളും ഒറ്റക്കെട്ടായി എതിര്‍ത്തു. സമരത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ അറസ്റ്റിലാവുകയും ജാമ്യം ലഭിയ്ക്കാതെ ഒരു മാസത്തിലേറെക്കാലം തടവറയില്‍ കിടക്കുകയും ചെയ്തു.

സൈബർ ആക്രമങ്ങളുടെ കാര്യത്തിൽ മാത്രമല്ല തൊഴിലിടങ്ങളിലെ അതിക്രമങ്ങള്‍ക്കെതിരെ സ്ത്രീകള്‍ പരാതിപ്പെട്ട സംഭവങ്ങളില്‍ ഏതിലെങ്കിലും പരാതിയ്ക്കാരിയ്ക്ക് നീതി ലഭിച്ചതായി അറിവില്ല. പി.ഇ.ഉഷ, നളിനി നെറ്റോ തുടങ്ങി ഇന്ന് വരെ സ്ത്രീകൾ ഇങ്ങനെ പരാതിപ്പെട്ട ഒട്ടുമിക്ക കേസുകളിലും ഉദ്യോഗസ്ഥ വൃന്ദങ്ങളുടേയും ഭരണകൂട സ്ഥാപനങ്ങളുടേയും ആണ്‍ അധികാര രാഷ്ട്രീയത്തിന്റെയും ഇരകളായി തീരുകയാണുണ്ടായത്. മലപ്പുറം ജില്ലയില്‍ ഇങ്ങനെ പരാതിപ്പെട്ട അദ്ധ്യാപികയുടെ ഭര്‍ത്താവിനെ തീവ്രാദിയാക്കി മുദ്രകുത്തി ജയിലിലടച്ചു. കോഴിക്കോട് സര്‍വ്വകലാശാലയില്‍ ഉള്ള സ്കൂളില്‍ പരാതി നല്‍കിയ അദ്ധാപികയ്ക്കും നീതി ലഭിച്ചില്ല. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സില്‍ അദ്ധ്യാപിക സഹാദ്ധ്യാപകനെതിരേയും, വിദ്യാര്‍ത്ഥിനി മറ്റൊരദ്ധ്യാപകനെതിരേയും നല്‍കിയ പരാതികളുടെ അവസ്ഥയും തഥൈവ. തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റ്റഡീസില്‍ ഇങ്ങനെ പരാതി നല്‍കിയ ആദിവാസി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയ്ക്ക് അവസാനം തന്റെ വിദ്യാഭ്യാസം തന്നെ പകുതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു.അങ്ങനെ സെക്രട്ടറിയേറ്റ് തലം മുതൽ പഞ്ചായത്ത് തലം വരെ, ഐഎഎസ് കാരിമുതൽ സ്വീപ്പർമാർ വരെ നീളുന്ന സ്ത്രീകൾ നൽകിയ എത്രയെത്ര പരാതികൾ? സൈബർ അറ്റാക്കുകളെ സംബന്ധിച്ച് ബിന്ദു അമ്മിണി ഉൾപ്പെടെയുള്ള സ്ത്രീകൾ നൽകിയ യാതൊരു തുടർനടപടികളും സ്വീകരിക്കാത്ത 200 ഓളം പരാതികളുടെ രസീതുകളാണ് ഞങ്ങൾക്ക് കളക്റ്റ് ചെയ്യാനായത്.

ഇത്തരത്തിൽ നാലുവര്‍ഷമായി ഔദ്യോഗിക സ്ഥലത്ത് പീഡനമനുഭവിയ്ക്കുന്ന ജീവനക്കാരി നല്‍കിയ ഒരു പരാതിപോലും സ്വീകരിയ്ക്കപ്പെടുകയോ രേഖപ്പെടുത്തുകയോ, മേലധികാരികള്‍ക്ക് നല്‍കുകയോ ഉണ്ടായില്ല. മറിച്ച് ഉചിതമാര്‍ഗ്ഗേനയല്ലാതെ (മാനേജര്‍ വഴിയല്ലാതെ) ഉന്നതാധികാരികള്‍ക്ക് പരാതി സമര്‍പ്പിച്ചതിന്റെ പേരില്‍ ജീവനക്കാരിക്കെതിരെ ശിക്ഷാ നടപടികള്‍ ആരംഭിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് കെ. ഡി.എം.എഫ് പ്രവര്‍ത്തകരുടെ ചൂല്‍ പ്രതിഷേധം നടന്നത്. ചൂല്‍ സമരം കേരളീയ പൊതു സമൂഹവും മുഖ്യധാര മാധ്യമങ്ങളും ഒറ്റക്കെട്ടായി എതിര്‍ത്തു. സമരത്തില്‍ പങ്കെടുത്ത എസ്പി മഞ്ജു ഉൾപ്പെടെയുള്ള സ്ത്രീകള്‍ അറസ്റ്റിലാവുകയും ജാമ്യം ലഭിയ്ക്കാതെ ഒരു മാസത്തിലേറെക്കാലം ജയിലിൽ കിടക്കുകയും ചെയ്തു. ഹൈക്കോടതിയാണ് പിന്നീട് ഇവര്‍ക്ക് ജാമ്യം നല്‍കിയത്.

അന്നും പൊതുസമൂഹത്തിലെ പുരോഗമനന്മാർ ഇത്തരത്തിൽത്തന്നെയാണ് പ്രതികരിച്ചത്. – മാധ്യമങ്ങളെ വിളിച്ചുവരുത്തി ഇത്തരത്തില്‍ പ്രതിഷേധിയ്ക്കുന്നത് പ്രകടനാത്മകമാണ്, സമരാഭാസമാണ്, നിരപരാധിയ്ക്കാണ് മര്‍ദ്ദനമേറ്റത്, സ്ത്രീകള്‍ അക്രമപാതയിലേയ്ക്കിറങ്ങുന്നത് സാമൂഹിക സന്തുലിതാവസ്ഥ തകര്‍ക്കും…….

ഇതൊക്കെത്തന്നെയല്ലേ ഇപ്പോഴും കേൾക്കുന്നത്?

സ്ത്രീ പീഡനങ്ങള്‍ക്കെതിരെ പരസ്യ പ്രതികരണങ്ങള്‍ ഇല്ലാത്തതാണ് സ്ത്രീ പീഡനം വര്‍ദ്ധിയ്ക്കുന്നതിന് ഒരു കാരണം എന്നുറപ്പിച്ചു പറഞ്ഞ അതേ ഫെമികളും മുഖ്യധാരാ രാഷ്ട്രീയക്കാരുടെയും കോയ്മ ‘കറുത്ത’ സ്ത്രീകള്‍ ചൂല് കൊണ്ട് പ്രതികരിച്ചപ്പോള്‍ പ്രതിഷേധിച്ചിറങ്ങി. ഗുണ്ടാ ആക്രമണങ്ങള്‍, രാഷ്ട്രീയ കൊലപാതകങ്ങള്‍, ബലാത്സംഗങ്ങള്‍, ഗാര്‍ഹിക പീഡനങ്ങള്‍, സ്ത്രീധന മരണങ്ങള്‍, ബാലപീഡനങ്ങള്‍, പെണ്‍വാണിഭങ്ങള്‍ ഇങ്ങനെ സമൂഹത്തിന്റെ തിന്‍മകള്‍ക്കെല്ലാറ്റിനുമെതിരെ നിശ്ബ്ദമായിരിയ്ക്കയോ അധര വ്യായാമങ്ങള്‍ മാത്രം നടത്തുകയോ ചെയ്യുന്ന കേരളീയ സിവില്‍ സമൂഹവും മാധ്യമങ്ങളും ചൂല് സമരത്തിനെതിരെ അന്നും ശബരിമല സ്ത്രീപ്രവേശന സമരത്തോടെന്നപോലെ വീറോടെ പ്രതികരിച്ചു.

ചൂൽ സമരത്തില്‍ പങ്കെടുത്തതിന് ജയിലിലടയ്ക്കപ്പെട്ട ശബരിമല സ്ത്രീപ്രവേശന മുന്നേറ്റത്തിലെ സമാനതകളില്ലാത്ത ധീര വനിത എസ് പി. മഞ്ജു:

“മുലകുടി മാറാത്ത കുട്ടികള്‍ ഉള്ള അമ്മമാര്‍ ഉള്‍പ്പെടെ ഞങ്ങള്‍ ഒരു മാസക്കാലം ജാമ്യം നിഷേധിയ്ക്കപ്പെട്ട് തടവില്‍ കിടന്നു. ദലിതര്‍ക്ക് വേണ്ടി സമരം നടത്തിയാല്‍ അത് തീവ്രവാദമാണ്. ഞങ്ങള്‍ പല പൊതുവിഷയങ്ങളിലും ഇടപെട്ടിട്ടുണ്ട്. അന്നൊന്നും പോലീസ് ഭീകരവാദമായി ചിത്രീകരിച്ചിട്ടില്ല. ഞങ്ങള്‍ കൊല്ലം ഗസ്റ്റ് ഹൌസ് മാനേജറോട് സംസാരിയ്ക്കാന്‍ ശ്രമിച്ചു. അദ്ദേഹത്തെ കാണാനോ സംസാരിയ്ക്കാനോ പറ്റില്ലെന്ന് അവിടുത്തെ തൂപ്പുകാരിയാണ് പറയുന്നത്. അവസാനം മാനേജര്‍ ചര്‍ച്ചയ്ക്ക് സമ്മതിച്ചു. ഗസ്റ്റ് ഹൌസില്‍ ഇതൊക്കെ സാധാരണ സംഭവമാണെന്നും ചിലപ്പോള്‍ പോലീസ് കേസ്സൊക്കെയുണ്ടാവും അതു കൊണ്ട് ഒത്തുതീര്‍പ്പിലെത്തുകയാണ് നല്ലത് എന്നാലേ ഇവിടെ ജോലി ചെയ്യാന്‍ സാധിയ്ക്കയുള്ളൂ” എന്നൊക്കെയാണ് മാനേജര്‍ ഞങ്ങളോട് പറഞ്ഞത്. തര്‍ക്കമായി. തര്‍ക്കത്തിനിടയില്‍ മാനേജര്‍ എണീറ്റു പോകാന്‍ ശ്രമിച്ചു. നല്ല ഉയരവും കരുത്തുമുള്ള മാനേജറെ പിടിച്ചിരുത്താന്‍ ഞങ്ങള്‍ സ്ത്രീകള്‍ക്ക് കഴിഞ്ഞത് അയാളുടെ ഷര്‍ട്ടില്‍ പിടിച്ചിട്ടാണ്. തൂപ്പുകാരി ഞങ്ങളെ തടയാനും അടിയ്ക്കാനും തുടങ്ങി. ലളിത എന്ന അസുഖബാധിതയായ സ്ത്രീയുടെ മുഖത്തടിച്ചു. അവരുടെ പല്ല് പോയി. അപ്പോഴാണ് അവര്‍ ചൂല് കൊണ്ട് തൂപ്പുകാരിക്കെതിരെ പ്രതികരിച്ചത്. ആശ്രാമം ഗസ്റ്റ് ഹൌസ് കുറ്റവാളികളുടെ ഒരു കേന്ദ്രമാണ്. ഞങ്ങള്‍ ദലിത് വിഷയങ്ങളില്‍ തുര്‍ച്ചയായി ഇടപെടാന്‍ തുടങ്ങിയപ്പോഴാണ് പ്രതികാര നടപടിയെന്നോണം പോലീസ് കഠിനമായ വകുപ്പുകള്‍ ചാര്‍ത്തി കേസ്സ് ചാര്‍ജ്ജ് ചെയ്തത്. പട്ടിക ജാതിക്കാര്‍ എന്നും അടിമകളായി ജീവിയ്ക്കണം. പ്രതികരിയ്ക്കാന്‍ പാടില്ല. പ്രതികരിച്ചാല്‍ ഭീകരവാദികളാകും. അന്തിപ്പട്ടിണിക്കാരായ ഞങ്ങളെങ്ങനെ ഭീകരവാദികളാവും. ഇത് പുതിയ തരത്തിലുള്ള അയിത്ത പ്രഖ്യാപനമാണ്.”

മുലയരിഞ്ഞ നങ്ങേലിയുടെ പിന്‍മുറക്കാര്‍ നല്‍കുന്ന ഞെട്ടലുകള്‍ ഈ പ്രതിഷേധങ്ങളെ അവമതിയ്ക്കുന്നതിന്റെ ഏക കാരണം അത് മാത്രമാണ്. അതാണ് ശബരിമല സ്ത്രീപ്രവേശന വിഷയത്തിലും ഇപ്പോൾ ഈ മൂന്നു സ്ത്രീകൾ നടത്തിയ ധീരമായ ഇടപെടലിലും എല്ലാം നടക്കുന്നത്, ഇതുകൊണ്ടൊന്നും സ്ത്രീകളുടെ പ്രതികരണ ശേഷിയെ തളർത്താനാവില്ല. ഇങ്ങനെയൊക്കെത്തന്നെയാണ് അന്നും കൊല്ലം ഗസ്റ്റ് ഹൌസിലെ കേരള ദലിത് മഹിളാ ഫെഡറേഷന്‍ പ്രവര്‍ത്തരുടെ പ്രതിഷേധം ‘സാംസ്ക്കാരികച്യുതിയും സാമൂഹ്യ വിരുദ്ധതയും മറ്റും മറ്റും’ ആയതെന്ന് എസ്പി മഞ്ജു പറയുന്നു.

കേരളം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റ് വെല്ലുവിളിയായ ശൂദ്രലഹളയ്ക്കെതിരെ തുടക്കം മുതൽ നിലയുറപ്പിക്കുകയും തൻറെ മൂന്നാമത്തെ ശ്രമത്തിൽ പോലീസ് പ്രൊട്ടക്ഷൻ പോലുമില്ലാത്ത സധൈര്യം പതിനെട്ടാം പടി ചവിട്ടി കയറിയ സ്ത്രീയാണ് എസ്.പി മഞ്ജു.

കറുത്തപെണ്ണുങ്ങൾ ചൂൽ എടുക്കേണ്ട ഗതികേടുണ്ടായ സംഭവത്തിലെ ഇരയായ ജീവനക്കാരിയുടെ വാക്കുകള്‍:-

“2006 നവംബ ര്‍ 23-ാം തീയതി മുതല്‍ കൊല്ലം ആശ്രാമം ഗസ്റ്റ് ഹൌസില്‍ ജോലി ചെയ്യുന്നു. പ്രീഡിഗ്രിയും ലാബ് ടെക്നീഷ്യന്‍ കോഴ്സും കഴിഞ്ഞിട്ടുണ്ട്. ജോലിയ്ക്ക് കയറിയപ്പോള്‍ മുതല്‍ ഇതുവരെ വളരെ മോശപ്പെട്ട അനുഭവങ്ങളാണ് ഗസ്റ്റ് ഹൌസില്‍ നിന്നും എനിക്കുണ്ടായത്. ജാതീയമായും അല്ലാതെയും ഉപദ്രവിയ്ക്കുന്നു എന്ന് പരാതിപ്പെട്ടതിന് പ്രതികാര നടപടിയായി എന്നെ സര്‍വ്വീസില്‍ നിന്നും സസ്പെന്റ് ചെയ്തു. താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്സില്‍ നിന്നും ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടു.

ജോലിയ്ക്ക് കയറിയ ആദ്യ കാലത്ത് തന്നെ അന്ന് മാനേജരായിരുന്ന വ്യക്തി (ഇപ്പോള്‍ ഡെപ്യൂട്ടി ഡയറക്ടര്‍) വളരെ മോശപ്പെട്ട രീതിയില്‍ എന്നോട് പെരുമാറി. എനിക്ക് ഭര്‍ത്താവും കുട്ടികളുമുണ്ട്, എന്നോടിങ്ങനെയൊന്നും പറയുകയും പെരുമാറുകയും ചെയ്യരുതെന്ന് പലവട്ടം ഞാന്‍ പറഞ്ഞു. ഞങ്ങള്‍ക്ക് പരാതിപ്പെടാനുള്ളത് ഇതേ മാനേജറോടാണ്. ഞാന്‍ കൊല്ലത്തുകാരിയല്ലാത്തതുകൊണ്ട് ആദ്യമൊന്നും ജീവനക്കാര്‍ അര്‍ത്ഥം വച്ച് സംസാരിക്കുമ്പോള്‍ എനിക്ക് മനസ്സിലാവില്ലായിരുന്നു. ഞാന്‍ പറയ (സാംബവ) സമുദായംഗമാണ്. ഞാന്‍ ഡ്യൂട്ടിയിലുള്ള ദിവസങ്ങളില്‍ “കണ്ട അണ്ടനും അടകോടനും, ചെമ്മാനും ചെരുപ്പുകുത്തിയും, പറയനും പുലയനും കയറി നിരങ്ങാനുള്ളതല്ല ഈ വി.ഐ.പി. ഗസ്റ്റ് ഹൌസ്. ഗസ്റ്റ് ഹൌസ് ആയാല്‍ ഇങ്ങനെയൊക്കെയാണ്. ജോലി വേണ്ടെങ്കില്‍ ഡിപ്പാര്‍ട്ട്മെന്റ് മാറിപ്പോണം” എന്നെല്ലാം പറയും. ഞാന്‍ മുറ്റവും പരിസരവും അടിച്ചു വാരുമ്പോള്‍ അടുത്ത് വന്ന് ഗസ്റ്റ് ഹൌസിലെ ജീവനക്കാരുടേയും അതിഥികളുടേയും മുന്നില്‍ വച്ച് “കുറച്ചുകൂടി കുനിഞ്ഞ് തൂക്ക്’, ഒന്നും കൊഴിഞ്ഞ് പോകില്ല, ശരീരം നന്നായിട്ടൊന്ന് ഇളകട്ടെ. നിന്റെ നെയ്യ് കുറച്ചൊന്ന് ഉരുകി പോകട്ടെ. ആനയെപ്പോലെ മന്ദം മന്ദം നടക്കാതെ കുതിരയെപ്പോലെ ചാടി ചാടി നില്‍ക്ക്” എന്നൊക്കെയുള്ള കമന്റുകള്‍ ആഭാസകരമായി പറഞ്ഞ് എന്നെ അപമാനിയ്ക്കും. ഇങ്ങെനെയൊന്നും എന്നോട് സംസാരിയ്ക്കരുതെന്ന് പലവട്ടം പറഞ്ഞു നോക്കി. ഇതെല്ലാം ഒരു പതിവ് രീതിപോലെ ആവര്‍ത്തിയ്ക്കപ്പെട്ടു. ഇതൊക്കെ കണ്ട് മറ്റ് ജീവനക്കാരും എന്നോട് മോശമായി പെരുമാറാന്‍ തുടങ്ങി. കുക്കും, ലാസ്കറും, ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റും മാനേജറുമാണ് ഏറ്റവുമധികം എന്നെ ഉപദ്രവിച്ചത്. കള്ള്കുടിച്ചാണ് കുക്ക് വരുന്നത്. അയാള്‍ എന്നെ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു. എതിര്‍ത്തപ്പോള്‍ തെറിവളിച്ചു. അയാളുടെ ‘സ്റ്റെപ്പിനി’ ആയിട്ടിരിയ്ക്കണം എന്നു പറഞ്ഞു. ഗസ്റ്റ് ഹൌസിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ട് നില്‍ക്കാത്തതും ഉപദ്രവങ്ങള്‍ക്ക് കാരണമായി. സമീപ പ്രദേശങ്ങളിലെ ആഘോഷങ്ങളില്‍ (ചോറൂണ് തൊട്ട്) സദ്യ തയ്യാറാക്കുന്നത് ഗസ്റ്റ് ഹൌസിലാണ്. ഉപദ്രവങ്ങള്‍ സഹിയ്ക്കാന്‍ വയ്യാതായപ്പോള്‍ ആദ്യമൊക്കെ മാനേജറോട് വാക്കാല്‍ പരാതിപ്പെട്ടു. അപ്പോള്‍ “കോപ്പിലെ വര്‍ത്തമാനം പറയാന്‍ വരേണ്ട”ന്ന് പറഞ്ഞ് ആട്ടിയോടിച്ചു. പിന്നീട് ഞാന്‍ പരാതി ഏഴുതിക്കൊടുത്തു ‘കോണോത്തിലെ പരാതി’ എന്ന് പറഞ്ഞ് പരാതി ചുരുട്ടിക്കൂട്ടി കളഞ്ഞു. എന്റെ ഒരു പരാതിയിലും നടപടി എടുക്കുകയോ അത് മേലധികാരികള്‍ക്ക് അയച്ചു കൊടുക്കുകയോ ചെയ്തില്ല. അവ നിയമവിരുദ്ധമായി നശിപ്പിയ്ക്കപ്പെട്ടു.

‘ഇതിന് മുമ്പ് ഉണ്ടായിരുന്ന വിത്തൌട്ടുകളായ പെണ്ണുങ്ങള്‍ക്ക് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ വിത്തുകളായ വി.ഐ.പി. സ്വീപ്പര്‍മാര്‍ വന്നപ്പോഴാണ് എല്ലാ പ്രശ്നവും”. ഇടുക്കി ഗസ്റ്റ് ഹൌസിലെ ജീവനക്കാരി കാരണം സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥനെ പോലെയല്ല ഞാന്‍. നിന്നെയൊക്കെ മെന്റല്‍ പേഷ്യന്റാക്കി സര്‍വ്വീസില്‍ നിന്ന് പുറത്താക്കാന്‍ എനിക്ക് അഞ്ഞൂറ് രൂപയുടെ ചിലവേ വരികയുള്ളൂ. ഇതൊക്കെ ഇവിടെ സാധാരണമാണ്. വേണമെങ്കില്‍ ഇവിടെ ജോലി ചെയ്താല്‍ മതി” എന്നൊക്കെ മാനേജര്‍ എന്നോട് പറഞ്ഞതാണ്.

ഞങ്ങളുടെ അരിയര്‍ ബില്ലുകളും മറ്റും കൈകാര്യം ചെയ്യുന്നത് ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റാണ്. അരിയര്‍ ബില്ല് മാറുമ്പോള്‍ അഞ്ഞൂറ് രൂപ പിടിയ്ക്കും. ഇങ്ങനെ ഒന്നു രണ്ടു വട്ടം പണം അപഹരിച്ചപ്പോള്‍ ഞാന്‍ ചോദ്യം ചെയ്തു. ഉടനെ ജാതി പറഞ്ഞാണ് ഉപദ്രവിച്ചത് ‘പറയി അല്ലേ അപ്പോള്‍ ഇങ്ങനെയൊക്കെയേ കാണിക്കൂ” എന്ന്. ഇങ്ങനെ ജാതീയമായി മാത്രമല്ല “മുമ്പ് ഗസ്റ്റ് ഹിസിലെ പെണ്ണുങ്ങള്‍ തുണി അഴിച്ചാല്‍ ഉള്ളി തൊലികളഞ്ഞ പോലെയാണ്. ‘ഐറ്റംസ്’ ഒന്നും ഉണ്ടായിരുന്നില്ല. വച്ചു കെട്ടാണോ നമുക്കിതൊന്ന് അഴിച്ചു നോക്കണ്ടേ” എന്നും മറ്റും പറഞ്ഞ് നിരന്തരം ശല്യം ചെയ്തു. “നിന്നെ കണ്ടാല്‍ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ’ എന്ന പാട്ട് ഓണ്‍ ചെയ്തുവയ്ക്കും. ഡിപ്പാര്‍ട്ട്മെന്റില്‍ പരാതി നല്‍കിയപ്പോള്‍ ഇതൊക്കെ അവസാനിപ്പിച്ചു.

മുന്‍മന്ത്രി എം.എ.കുട്ടപ്പന്‍, അന്നത്തെ സ്പീക്കര്‍ കെ.രാധാകൃഷ്ണന്‍ എന്നിവരൊക്ക ഗസ്റ്റ് ഹൌസില്‍ വരുമ്പോള്‍ “നിങ്ങളുടെ ആളുകള്‍ വന്നിട്ടുണ്ടെന്ന്” പറഞ്ഞ് പരിഹസിയ്ക്കും.

ലാസ്കര്‍ എന്നെ മുഖത്തടിയ്ക്കപോലും ചെയ്തു. ഒരു ദിവസം റൂം അടിച്ചുവാരി വൃത്തിയാക്കുമ്പോള്‍ അയാള്‍ എന്നെ കടന്നുപിടിച്ചു. മറ്റൊരു ദിവസം ബാത്ത് റൂം കഴുകിക്കൊണ്ടിരുന്നപ്പോള്‍ കടന്നു വന്ന് കതകടച്ച് ഉപദ്രവിയ്ക്കാന്‍ ശ്രമിച്ചു. ബാത്ത്റൂം കഴുകുന്ന കുറ്റിചൂലുകൊണ്ട് അയാളെ തള്ളി നിലത്തിട്ടാണ് ഞാന്‍ രക്ഷപ്പെട്ടത്. എന്റെയടുത്ത് മേലാല്‍ ഇത്തരത്തില്‍ പെരുമാറരുതെന്ന് പറഞ്ഞപ്പോള്‍ ‘പെണ്ണുങ്ങളെല്ലാം ആരും കണ്ടില്ലാ എങ്കില്‍ സഹകരണസംഘവും ആരെങ്കിലും കണ്ടാല്‍ ബലാത്സംഗവും’ എന്നും ‘നീ വലിയ പതിവ്രതയൊന്നും ചമയണ്ട’ എന്നു അധിക്ഷേപിയ്ക്കയാണ് ചെയ്തത്. ഈ വൈരാഗ്യത്തിന് അയാള്‍ തുടര്‍ന്നും മോശമായി പെരുമാറിക്കൊണ്ടിരുന്നു. 2010 ഏപ്രില്‍ മാസത്തില്‍ ഈ ലോകത്ത് പറയാവുന്നതിലും വച്ച് ഏറ്റവും വലിയ ചീത്ത വിളിച്ച് എന്റെ കരണത്തടിച്ചു. ഇതെല്ലാം കണ്ടുനിന്ന താല്‍ക്കാലിക ജോലിക്കാരിയായ ഒരമ്മയും ഞാനും മാനേജറോട് പരാതിപ്പെട്ടു. പരാതിപ്പെട്ടതിന് പ്രതികരണമെന്ന നിലയ്ക്ക് നിര്‍ദ്ധനയായ ഒരമ്മയെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. പിന്നീട് അന്നത്തെ മന്ത്രിയൊക്കെ ഇടപെട്ട് അവരെ വീണ്ടും ജോലിയില്‍ പ്രവേശിപ്പിച്ചു. എനിക്കെതിരെ എഴുതി വാങ്ങിച്ചിട്ടാണ് ജോലി കൊടുത്തത്. പിന്നീട് വിമണ്‍സ് കമ്മിറ്റിയ്ക്ക് മുമ്പാകെ എനിക്കനുകൂലമായി മൊഴി നല്‍കിയതിന് അവരെ വീണ്ടും ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. പരാതി ഒഴിവാക്കാന്‍ വേണ്ടി മറ്റു രണ്ട് താല്‍ക്കാലിക ജീവനക്കാരെക്കൂടി അവരോടൊപ്പം പറഞ്ഞു വിട്ടു. മാനേജര്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് ജോലിയൊന്നും ചെയ്യണ്ട. ഞാനും അവരും അമിതമായി ജോലി ചെയ്യേണ്ടി വന്നു. കെ. ഡി .എം.എഫ് പ്രവര്‍ത്തകര്‍ ഗസ്റ്റ് ഹൌസില്‍ വന്ന ദിവസം അവരെ എതിര്‍ത്ത തൂപ്പകാരി മുന്‍ വനംമന്ത്രിയുടെ കീഴില്‍ ജോലി ചെയ്ത ആളാണ്. ഇവിടെ മാറ്റം കിട്ടി വന്ന ശേഷം വല്ലപ്പോഴുമേ വരികയുള്ളൂ. എന്നാലും മാനേജര്‍ ഒപ്പിടാന്‍ സമ്മതിയ്ക്കും.

എന്റെ പരാതി ഒന്നും തന്നെ സ്വീകരിയ്ക്കപ്പെടുന്നില്ല എന്നു ഞാന്‍ വിനോദ സഞ്ചാര വകുപ്പിലെ അധികാരികള്‍ക്ക് പരാതി നല്‍കി. എന്റെ പരാതിയിന്‍മേല്‍ ‘Advance copy’ എന്നെഴുതാതെയാണ് നല്‍കിയത്. മാനേജര്‍ മുഖാന്തിരമല്ല പരാതി നല്‍കിയതെന്ന കാരണത്താല്‍ എനിക്കെതിരെ ശിക്ഷാ നടപടികള്‍ ആരംഭിച്ചു. താല്‍ക്കാലിക ജീവനക്കാരെക്കൊണ്ട് എനിക്കെതിരെ പരാതി എഴുതി വാങ്ങിപ്പിച്ചു. ഓഫീസിലെത്താന്‍ പത്തു മിനിട്ടു വൈകിയാല്‍ എന്നോട് ലീവ് വാങ്ങി. മറ്റു ജീവനക്കാര്‍ വന്നില്ലെങ്കിലും ഒപ്പിടാന്‍ അനുവദിയ്ക്കും. മാനേജര്‍ അസുഖം ബാധിച്ചാല്‍ വീട്ടില്‍ പോകാതെ വലിയ വി.ഐ.പി. റൂമില്‍ തങ്ങും. മറ്റു ജീവനക്കാര്‍ ശുശ്രൂഷിയ്ക്കും. എന്നെ സര്‍വ്വീസില്‍ നിന്നും പുറത്താക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കഴിഞ്ഞ നാലുവര്‍ഷമായി നേരിട്ടുകൊണ്ടിരിയ്ക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിച്ച എനിക്ക് ലഭിച്ച നീതി സസ്പെന്‍ഷനാണ്. എനിക്ക് വേണ്ടി സാക്ഷിപറയാന്‍ വന്ന അമ്മയെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. ഞാന്‍ വനിതാ കമ്മീഷനിലും പരാതി നല്‍കിയിയിരുന്നു. എനിക്ക് വേണ്ടി ഡി.വൈ.എഫ്.ഐ.യും എന്‍.ജി.ഒ. യൂണിയനും ഗസറ്റ് ഹൌസിലേക്ക് പ്രകടനം നടത്തിയിരുന്നു. കെ. ഡി.എം.എഫ്. പ്രവര്‍ത്തകള്‍ പ്രതിഷേധിച്ച ദിവസം ഞാന്‍ പോലീസ് മുമ്പാകെ എന്റെ മൊഴി കൊടുക്കുകയായിരുന്നു. ഞാന്‍ ഒന്നും അറിഞ്ഞില്ല. കെ. ഡി.എം.എഫ്. പ്രവര്‍ത്തകരുടെ പ്രതിഷേധ സമരത്തിനു ശേഷം അതുവരെ എന്‍.ജി.ഒ. യൂണിയന്‍ പ്രവര്‍ത്തകയായിരുന്ന ഞാന്‍ ‘ദളിതനായി തീര്‍ന്നു. കെ. ഡി.എം.എഫ്. പ്രവര്‍ത്തകള്‍ പ്രതിഷേധിച്ചതിന് ശേഷം എന്‍.ജി.ഒ. യൂണിയന്‍ ഗസ്റ്റ് ഹൌസിലെ ജീവനക്കാര്‍ക്ക് വേണ്ടി പ്രതിഷേധിച്ചു. കൊല്ലം മേയറുടെ സാന്നിധ്യത്തിലായിരുന്നു പ്രതിഷേധം. ഞാന്‍ ഓഫീസില്‍ വരികയാണെങ്കില്‍ അവിടെവച്ചും ക്വാര്‍ട്ടേഴ്സില്‍ വരികയാണെങ്കില്‍ അവിടെവച്ചും ചൂല് കൊണ്ട് എന്നെ തല്ലാന്‍ അവിടെ അഹ്വാനം ഉണ്ടായി. ഞാന്‍ പോലീസ് സംരക്ഷണം തേടി. നാലു ദിവസം എനിക്ക് പോലീസ് സംരക്ഷണം ഉണ്ടായിരുന്നു. പോലീസ് ആദ്യം മൊഴിയെടുത്തപ്പോള്‍ രണ്ടു പേരെ മുന്‍ മാനേജറേയും, ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റിനേയും ഒഴിവാക്കി. ഞാന്‍ പറഞ്ഞ കാര്യങ്ങളൊന്നും രേഖപ്പെടുത്താതെ എന്നെ നിര്‍ബന്ധിച്ചു ഒപ്പിടുവിച്ചു. ഇതിനെതിരെ ഞാന്‍ വീണ്ടും പോലീസില്‍ പരാതി നല്‍കി. വീണ്ടും മൊഴിയെടുത്തു.

നീതികേടിനെതിരേയും സ്വാതന്ത്യ്രത്തോടും സുരക്ഷിതത്വത്തോടും കൂടി ജോലി ചെയ്യാനും ഒരു സ്ത്രീ പരാതിപ്പെട്ടാല്‍ ഇതൊക്കെയാണൊ നേരിടേണ്ടി വരുന്നത്. ഇതെല്ലാം സഹിച്ച് ജോലി ചെയ്യണമെന്നണോ നിങ്ങള്‍ പറയുന്നത് ? അതൊക്കെത്തന്നെയാണ് ഈ വിഷയത്തിലും സമൂഹത്തിലെ ചിലർക്കുള്ളതെന്ന് തോന്നിപ്പോകുന്നു” അവർ പറഞ്ഞു.

ഇതാണ് എന്നും സ്ത്രീകളോടുള്ള പൊതുസമൂഹത്തിന്റെ കാഴ്ചപ്പാട്.കറുത്ത സ്ത്രീകളുടെ കാര്യത്തിൽ പ്രത്യേകിച്ച്. അതുകൊണ്ടാണ് ബിന്ദു അമ്മിണി ഉൾപ്പെടയുള്ളവരെ അപമാനിക്കുമ്പോൾ പൊതുസമൂഹത്തിനും പ്രതികരിക്കുന്നവർക്കുപോലും സുഗതകുമാരി അമ്മച്ചിയെ അപമാനിച്ചത് ശരിയായില്ലെന്ന തോന്നൽ പോലും അക്കാര്യത്തിൽ ഉണ്ടാകാത്തതും. പരാതിനൽകിയാൽ പോലും ബന്ധപ്പെട്ട അധികാരികളുടെ സമീപനവും എന്നിരിക്കെ ഗതികെട്ട് സ്ത്രീകൾ നിയമം പ്രതികരിച്ചിട്ടുള്ളപ്പോഴെല്ലാം കേരളത്തിലെ പുരോഗമനന്മാരെല്ലാം ഇതേ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.

കെ. ഡി .എഫ്. പ്രസിഡന്റ് പി. രാമഭദ്രന്‍ ചൂൽ സമരത്തെകുറിച്ച്:

“ഗാര്‍ഹിക പീഡനങ്ങളുടെ ഫലമായി കേരളത്തില്‍ ഒരോ കുടുംബത്തിലും എത്രയോ സ്ത്രീകളെ പുരുഷന്‍മാര്‍ ചൂലുകൊണ്ടടിയ്ക്കുന്നു. അത് സമൂഹത്തിന് വിഷയമാവുന്നില്ല. വര്‍ഷങ്ങളായി ഒരു ദലിത് സ്ത്രീ നേരിട്ട കൊടിയ ജാതീയവും ശാരീരികവുമായ അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിയ്ക്കുന്നതിന്റെ ഭാഗമായി, കേസ്സൊതുക്കി തീര്‍ക്കാനും കേസ്സന്വേഷണം അട്ടിമറിയ്ക്കാനും ശ്രമിച്ച വ്യക്തിക്കെതിരെ കുറച്ച് സ്ത്രീകള്‍ പ്രതികരിച്ചപ്പോള്‍ ജാമ്യം നല്‍കാന്‍ പോലും തയ്യാറാവാത്തൊരു നിയമ വ്യവസ്ഥയും കുറ്റപ്പെടുത്തുന്ന സാമൂഹ്യ വ്യവസ്ഥയുമാണിവിടെയുള്ളത്. ആശ്രാമം ഗസ്റ്റ് ഹൌസിലെ മദ്യസല്‍ക്കാരങ്ങള്‍, മറ്റനാശാസ്യ പ്രവര്‍ത്തനങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍ തുടങ്ങിയവയെല്ലാം അന്വേഷണ വിധേയമാക്കണമെന്നാവശ്യപ്പെടുകയും സിനിമാരംഗത്തുള്ളവരെ പങ്കെടുപ്പിച്ചു കൊണ്ട് പോലീസുകാരും ഗുണ്ടകളും ചേര്‍ന്ന് ഗസ്റ്റ് ഹൌസില്‍ നടത്തിയ മദ്യസല്‍ക്കാരം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത മാതൃഭൂമി ലേഖകന്‍ ഉണ്ണിത്താനെ അന്ന് ഗുണ്ടകള്‍ ആക്രമിച്ചു വധിയ്ക്കാന്‍ ശ്രമിച്ചു.

ആശ്രാമം ഗസ്റ്റ് ഹൌസില്‍ കെ.ഡി.എം.എഫ്. പ്രവര്‍ത്തകള്‍ പ്രതിഷേധിച്ചതെന്തിനെന്നോ ഒരു ദലിത് ജീവനക്കാരി കഴിഞ്ഞ നാലു വര്‍ഷം തന്റെ തൊഴിലിടത്തില്‍ അനുവഭവിച്ചതെന്തെന്നോ അന്വേഷിക്കാന്‍ മാധ്യമങ്ങളോ പൊതുസമൂഹമോ തയ്യറായില്ല. പകരം ഇരയെ പ്രതിസ്ഥാനത്തു നിര്‍ത്തുകയും പ്രതിയുടെ വക്താവിന്, പ്രതിയ്ക്ക് തന്നേയും ഇരയുടെ സ്ഥാനം കല്‍പ്പിച്ചു നല്‍കുകയും ആണ് അന്ന് ചെയ്തത്.ഇതൊക്കെത്തന്നെയാണ് ഇവിടെ ഇന്നും തുടരുന്നത്.” അദ്ദേഹം പറഞ്ഞു.

ഇപ്പോൾ ഈ മൂന്ന് സ്ത്രീകളിൽ ഒരാൾക്കെതിരെ മറ്റൊരു ആരോപണം ഉയർത്തിക്കൊണ്ടുവന്ന് ഈ ഇടപെടലിനെ പ്രതിരോധിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. അതിൻറെ വാസ്തവമെന്തെന്ന് അറിയില്ല. എങ്കിലും അത്തരത്തിലോ മറ്റേതെങ്കിലോ തരത്തിലുള്ള ഏതെങ്കിലും പോലീസ് കേസിലെയോ പ്രതിയാണ് അതിൽ ഏതെങ്കിലും ഒരാൾ എന്നത് നിയമപാലകരുടെ കെടുകാര്യസ്ഥതയ്‌ക്കോ നീതിനിഷേധത്തിനോ ന്യായീകരണമാകുന്നില്ല. സ്ത്രീകൾ ഗതികെട്ട് നടത്തിയ രാഷ്ട്രീയ പ്രതിരോധത്തെ ജയിലഴിക്കുള്ളിലിട്ട് തളർത്തിക്കളയാം എന്ന് സർക്കാരും വ്യാജപ്രചാരങ്ങളും സൈബർ ആക്രമങ്ങളും നടത്തി ഒതുക്കാം എന്ന് അരജട്ടിവാദികളും വിജയൻനായർ ഫാൻസും ധരിക്കരുത് അതൊരു മിഥ്യാധാരണ മാത്രമാണ്…

സുഗതകുമാരിയമ്മയ്ക്കോ വേറേതെങ്കിലും ആത്തോലമ്മച്ചിമാർക്ക് വേണ്ടിയോ തല്ലാൻ പോയതിനോട് യോജിപ്പില്ലെങ്കിലും, ആ മൂന്നു സ്ത്രീകളെ മാത്രമായി നിങ്ങൾക്ക് അറസ്റ്റു ചെയ്ത് ജയിലിലിടാൻ കഴിയില്ല എന്ന് കാത്തിരുന്ന് കാണാം.