ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ശിവശങ്കര്‍ ആശുപത്രിയില്‍; കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മടങ്ങി

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച കഎം ശിവശങ്കര്‍ ആശുപത്രിയില്‍ തുടരും. കസ്റ്റംസിന്റെ വാഹനത്തില്‍ ചോദ്യം ചെയ്യലിന് വിധേയനാകാനായി പോകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനുമായ ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇതേ തുടര്‍ന്ന് കസ്റ്റംസ് വാഹനത്തില്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ശിവശങ്കറിന്റെ ഇ സി ജിയില്‍ നേരിയ വ്യത്യാസങ്ങളുണ്ടെന്നും കൂടുതല്‍ പരിശോധന ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ നിന്നു മടങ്ങി. തിരുവനന്തപുരം കരമനയിലെ സ്വകാര്യാശുപത്രിയിലെ കാര്‍ഡിയാക് ഐ സി യുവിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുള്ളത്. ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസ് നീക്കം നടത്തുന്നതായി സൂചനയുണ്ട്.

ഇന്ന് വൈകീട്ട് അഞ്ചോടെ പൂജപ്പുരയിലുള്ള ശിവശങ്കറിന്റെ വസതിയിലെത്തിയ കസ്റ്റംസ് സംഘം ആറ് മണിയോടെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കുകയായിരുന്നു. തുടര്‍ന്ന് അഭിഭാഷകനെ വിവരമറിയിച്ച ശിവശങ്കര്‍ കസ്റ്റംസ് സംഘത്തിനൊപ്പം പുറപ്പെട്ടു. യാത്രാമധ്യേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.