എം ശിവശങ്കറിനെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി; മാധ്യമപ്രവര്‍ത്തകർക്ക് നേരെ കയ്യേറ്റം

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ കരമന പി.ആര്‍.എസ് ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഉച്ചയ്ക്ക് രണ്ടരയോടെയാണ് അദ്ദേഹത്തെ പി.ആര്‍.എസ് ആശുപത്രിയില്‍ നിന്ന് മാറ്റിയത്. അദ്ദേഹത്തിന് ഡിസ്‌കിന് തകരാറുണ്ടെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അദ്ദേഹത്തെ കുടുതല്‍ പരിശോധനകള്‍ക്ക് വിധേയനാക്കും.

ഇന്ന് ഉച്ചയോടെയാണ് ശിവശങ്കറിനെ പി.ആര്‍.എസ് ആശുപത്രിയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവന്നത്. പിന്‍വാതിലിലൂടെയാണ് അദ്ദേഹത്തെ കൊണ്ടുവന്നത്. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരും ആശുപത്രി ജീവനക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. വനിതാ മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്ക് മര്‍ദ്ദനമേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് ശിവശങ്കറിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം അസൗകര്യം അറിയിച്ചു. ഇതിന് പിന്നാലെ കസ്റ്റംസ് സംഘം അദ്ദേഹത്തിന്‍െ്‌റ വസതിയില്‍ എത്തിയതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ശിവശങ്കറിനെ ആംബുലന്‍സില്‍ കയറ്റുന്നത് ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ആംബുലന്‍സ് ജീവനക്കാരുടെ ആക്രമണവുമുണ്ടായി. ശിവശങ്കറിന്റെ ചിത്രമെടുക്കുന്നത് ആദ്യം തടയാന്‍ ശ്രമിച്ചു. എന്നാല്‍ ഇത് മാധ്യമപ്രവര്‍ത്തകര്‍ എതിര്‍ത്തതോടെ അദ്ദേഹത്തെ കയറ്റിയ ആംബുലന്‍സിലെയും മറ്റ് ആംബുലന്‍സിലെ ജീവനക്കാരും ചേര്‍ന്ന് കയ്യേറ്റം ചെയ്യുകയായിരുന്നു. ഒരു ഫോട്ടോഗ്രാഫറെ ഇവര്‍ മര്‍ദ്ദിച്ചു. കരമന പോലീസ് സ്ഥലത്തുണ്ടായിരുന്നുവെങ്കിലും ആദ്യഘട്ടത്തില്‍ ഇടപെട്ടില്ലെന്നും ആക്ഷേപമുണ്ട്.

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സ തേടിയ കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് കസ്റ്റംസിന്റെയും മെഡിക്കല്‍ ബോര്‍ഡിന്റേയും നിര്‍ദേശപ്രകാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. ശിവശങ്കറിന് ഡിസ്‌കിന് പ്രശ്‌നം കണ്ടെത്തിയതിനെ തുടര്‍ന്ന് വിശദമായ പരിശോധനയ്ക്കും വിദഗ്ധ ചികിത്സയ്ക്കുമാണ് മാറ്റിയത്. 

കടുത്ത നടുവേദന അനുഭവപ്പെടുന്നുവെന്ന ശിവശങ്കര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് നടത്തിയ പരിശോധനയില്‍ ഡിസ്‌കിന് തകരാര്‍ കണ്ടെത്തിയിരുന്നു. വിദഗ്ധ ചികിത്സ വേണമെന്ന് നിര്‍ദേശിച്ചതോടെയാണ് കൂടുതല്‍ സൗകര്യമുള്ള ആശുപത്രിയിലേക്ക മാറ്റാമെന്ന് കസ്റ്റംസ് നിര്‍ദേശിച്ചത്. ഇതോടെ കുടുംബവും മെഡിക്കല്‍ ബോര്‍ഡും മെഡിക്കല്‍ കോളജിലേക്ക് മാറ്റാമെന്ന് അംഗീകരിക്കുകയായിരുന്നു. 

നിലവില്‍ ആന്‍ജിയോഗ്രാമിന് വിധേയനായ ശിവശങ്കറിന് 24 മണിക്കൂര്‍ നിരീക്ഷണം അനിവാര്യമാണ്. ന്യുറോ വിഭാഗത്തിലായിരിക്കും അദ്ദേഹത്തെ പ്രവേശിപ്പിക്കുക. കോടതിയില്‍ അടക്കം റിപ്പോര്‍ട്ട് നല്‍കേണ്ടതിനാല്‍ ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ശിവശങ്കറിനൊപ്പമുണ്ട്.

തന്നെ ശ്രീചിത്തിര ഇന്‍സ്റ്റിറ്റിയുട്ടിലേക്ക് മാറ്റണമെന്നാണ് ശിവശങ്കര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ശ്രീചിത്തിരയില്‍ അടുത്തകാലത്ത് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ ശിവശങ്കറിനെ പോലെ ഉന്നത പദവിയിലുള്ള ഒരു ഉദ്യോഗസ്ഥനെ പ്രവേശിപ്പിക്കേണ്ടെന്ന ഉപദേശമാണ് ശ്രചിത്തിരയില്‍ നിന്ന് ലഭിച്ചത്. കസ്റ്റംസ് അധികൃതര്‍ ശ്രീചിത്തിരയില്‍ നേരിട്ടെത്തി അഭിപ്രായം തേടിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.