Fri. Mar 29th, 2024

ഉത്തര്‍പ്രദേശിലെ മഥുരയില്‍ ശ്രീകൃഷ്ണ ജന്മഭൂമി എന്നവകാശപ്പെടുന്ന ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന മുസ്ലീം പള്ളി പൊളിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി മഥുര കോടതി ഫയലില്‍ സ്വീകരിച്ചു. കേസില്‍ അടുത്ത 18ന് വാദം കേള്‍ക്കുമെന്ന് ജഡ്ജി സാധന റാണി ഠാക്കൂര്‍ അറിയിച്ചു. കൃഷ്ണ ജന്മഭൂമിക്ക് സമീപമുള്ള ഈദ്ഗാഹ് പള്ളി പൊളിച്ചുമാറ്റണമെന്നാണ് ആവശ്യം.

ഈദ്ഗാഹ് പള്ളി 17-ാം നൂറ്റാണ്ടില്‍ ഔറംഗസേബിൻറെ കാലത്ത് ക്ഷേത്രഭൂമി കയ്യേറി നിര്‍മ്മിച്ചതാണെന്നാണ് ഹര്‍ജിക്കാരുടെ ആരോപണം. ക്ഷേത്രവും പള്ളിയും സ്ഥിതി ചെയ്യുന്ന 13.37 ഏക്കര്‍ ഭൂമിയിലെ ഓരോ ഇഞ്ചും ഹൈന്ദവ വിശ്വാസികള്‍ക്ക് പുണ്യഭൂമിയാണെന്നും കയ്യേറ്റം ഒഴിപ്പിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു.

രജ്ഞന അഗ്നിഹോത്രിയും മറ്റ് ഏഴ് പേരും ചേര്‍ന്നാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശ് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ്, ഷാഹി മസ്ജിദ് ഈദ്ഗാഹ് ട്രസ്റ്റ്, ശ്രീകൃഷ്ണ ജന്മഭൂമി ട്രസ്റ്റ്, ശ്രീകൃഷ്ണ ജന്മസ്ഥാന്‍ സേവ സന്‍സ്ഥാന്‍ എന്നിവരാണ് കേസിലെ എതിര്‍ കക്ഷികള്‍. നേരത്തെ തന്നെ കാശിയിലെയും മഥുരയിലെയും മോസ്‌കുള്‍ സംഘപരിവാര്‍ ലക്ഷ്യത്തിലുള്ളതാണ്. ബാബ്‌റി പള്ളി തകര്‍ത്ത ശേഷം കാശിയും മഥുരയും ബാക്കിയുണ്ട് എന്ന മുദ്രാവാക്യം സംഘപരിവാര്‍ ഉയര്‍ത്തിയിരുന്നു.