ഈ പീതാമ്പരനാശാൻമാർ ഭരണം മാറിയാലും ഇരുമുന്നണികളിലും ഉള്ളിടത്തോളം വെടി തന്നെ മരുന്നാകും

✍️  ലിബി.സി.എസ്

ലാൽ ജോസ് സംവിധാനം ചെയ്ത പഴയ സൂപ്പർഹിറ്റ് ചിത്രമായ മീശമാധവനിലെ പിള്ളേച്ചൻ നടത്തുന്ന വെടിവഴിപാട് ഓർക്കുന്നുണ്ടോ?

ഭഗീരഥൻ പിള്ള….. വലിയവെടി മൂന്ന് ചെറിയ വെടി രണ്ട്…..

സംഗതി ഒതുക്കത്തിൽ ചെയ്യാനാണ് പിള്ളേച്ചൻ എത്തിയത്. എന്നാൽ വെടി വഴിപാടാകുമ്പോൾ വിളിച്ച് പറച്ചിലാണ് രീതി. അല്ലെങ്കിൽ ഫലം കുറയും എന്നായി ദേവസ്വം ജീവനക്കാരൻ. ആ പറയുന്നതും മൈക്കിലൂടെ ജനം കേട്ടു. ചുരുക്കത്തിൽ രഹസ്യവെടി നടത്താൻ വന്ന വഴിപാടുകാരനെ നാലാളറിഞ്ഞു. ഉത്തര കൊറിയയിലെ യാങിന്റെ മിസൈൽ പരീക്ഷണത്തെ തോൽപ്പിക്കും മട്ടിൽ വെടിക്കെട്ട് നടത്തും മുമ്പ് ഭരണ സമിതിയുടെ അറിയിപ്പും മൈക്കിലൂടെ വന്നു.

“ഭക്തജങ്ങളുടെ പ്രത്യേക ശ്രദ്ധയ്ക്ക് എല്ലാവരും ഓടിക്കൊള്ളുക മത്സരക്കമ്പം തുടങ്ങുകയാണ്. അതിന് മുമ്പ് നന്ദിപറയാനുള്ളത് മുൻ എം.പി പീതാംബരക്കുറുപ്പിനോടാണ്. വെടിക്കെട്ടിനുള്ള അനുമതി വാങ്ങിത്തന്നത് അദ്ദേഹമാണ്.അദ്ദേഹത്തിന് ഉത്സവാഘോഷകമ്മിറ്റിയുടെ പേരിലുള്ള അകൈതവമായ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു”

അങ്ങനെ കൊല്ലത്തെ കുപ്രസിദ്ധനായ കുസൃതിക്കുറുപ്പിന് പ്രണാമം അർപ്പിച്ചുകൊണ്ട് തുടങ്ങിയ പുറ്റിങ്ങൽ ക്ഷേത്രത്തിലെ മത്സരക്കമ്പമാണ് ദുരന്തത്തിൽ കലാശിച്ചത്. വെടിവഴിപാട് ഒതുക്കത്തിൽ ഒപ്പിച്ചുകൊടുത്ത് തെരഞ്ഞെടുപ്പ് ഫലം കുറയാതിരിക്കാൻ മൈക്കിലൂടെ വിളിച്ചുപറയിച്ചതിലൂടെയാണ് കുറുപ്പിന്റെ കരിവിളയാട്ടം നാലാളറിഞ്ഞത്.

ഒരു കളക്ടറുടെ ഉത്തരവിന് നായ്ക്കാഷ്ടത്തിന്റെ വിലപോലും ഇല്ലെന്ന് അന്നേ പീതാംബരക്കുറുപ്പും ശിങ്കിടികളും കൂടി തെളിയിച്ചിരുന്നു .കളക്ടർ പെണ്ണായതുകൊണ്ട് പേടിക്കാനുമില്ല. ഇനി കളക്ടറദ്ദേഹം ആണായിരുന്നെങ്കിലും ഇതിനപ്പുറമൊന്നും സംഭവിക്കില്ല. രാഷ്ട്രീയ നേതാവ് പറയും പോലെ പ്രവർത്തിക്കാനുള്ള വിരലുകൾ മാത്രമാണ് ആ ഉദ്യോഗം. പണ്ട് നടി ശ്വേതാ മേനോന്റെ പിൻഭാഗത്ത് പിടിച്ച് വികൃതിക്കേടുകൾ കാട്ടിയതും അന്നത്തെ കളക്ടർ എം.പി യുടെ പക്ഷം ചേർന്ന് പരാതി മുക്കിയതും നമ്മൾ കണ്ടതല്ലെ?.

മേജർ സെറ്റ് കഥകളിയായ കിരാതവും കഴിഞ്ഞാണ് പുറ്റിങ്ങലമ്മയുടെ ഇഷ്ടവഴിപാടായ മത്സരക്കമ്പം തുടങ്ങിയത്. മേള പ്രമാണിമാരെപ്പോലെ കരിമരുന്ന് കലയിലും ആശാൻമാരുണ്ട്. വർക്കല കൃഷ്ണൻകുട്ടി ആശാനും കഴക്കൂട്ടം സുരേന്ദ്രൻ ആശാനും കൂടിയായിരുന്നു മത്സരക്കമ്പത്തിന് മാറ്റ് കൂട്ടിയത്. പുറ്റിങ്ങലമ്മയ്ക്ക് ഒന്നും സംഭവിച്ചില്ല. സംഭവിച്ചത് മുഴുവൻ ഭക്തിശിരോമണികൾക്കാണ്. തെരഞ്ഞെടുപ്പ് മുമ്പിൽ കണ്ട് ഇടത്തും വലത്തും നടുക്കുമുള്ള നേതാക്കന്മാർ ഒത്തുകളിച്ചാണ് കളക്ടർ വിലക്കിയ വെടിക്കെട്ടിനെ മിസൈൽ ആക്രമണം പോലെയാക്കിമാറ്റിയത്. മതം വെച്ച് കളിച്ചാൽ എന്തൊക്കെ സംഭവിക്കാം എന്നതിന് ഇതിലും വലുതായി ഒരു തെളിവ് വേണോ?

എന്നാൽ ഇന്ദ്രന് തോൽക്കുടത്തിൽ മദ്യം വെച്ചുനീട്ടിയാൽ മഴപെയ്യുമെന്ന തോടനായ്ക്കന്റെ വിശ്വാസം നമുക്ക് മനസിലാക്കാം. കാരണം അവരെ രക്ഷിക്കാൻ മറ്റാരുമില്ല. നില അമിട്ട് പൊട്ടുമ്പോൾ 418 ദൈവങ്ങൾ ആകാശത്ത് പ്രത്യക്ഷപ്പെടുമെന്നും കേരളത്തിലെ സകല ബാറുകളും തുറക്കുമെന്നുമുള്ള വിശ്വാസം കമ്പ പ്രേമികൾക്ക് ഇല്ലാത്ത കാലത്തോളം ഇതിൽ അനുഷ്ഠാനത്തിന്റെയോ ആചാരത്തിന്റെയോ പ്രശ്‌നമുദിക്കുന്നുമില്ല.

ദുരന്തഭൂമിയിൽ നമ്മൾ കണ്ട രാഷ്ട്രീയ നാടകങ്ങൾ ആർക്കായിരുന്നു പ്രയോജനം ചെയ്തതെന്ന് അന്ന് കണ്ടല്ലോ? സ്ഥാനാർത്ഥിപ്പട്ടികയിൽ പട്ടി എല്ലുകടിക്കുമ്പോലെ ഞാന്നുകിടന്ന് ഹൈക്കമാൻഡിന് വണ്ടികയറിയപ്പോൾ പോലും പരസ്പരം കോക്രികാണിച്ചിരുന്നവരായിരുന്നു ചെന്നിത്തലയും സുധീരനും. എന്നാൽ ദുരന്തഭൂമിയിൽ വന്ന് ചെന്നിത്തലയുടെ തോളിലേക്ക് കൈകുത്തി ചരിഞ്ഞ് സുധീരൻ എഴുത്തച്ഛന്റെ ഗാന്ധാരീ വിലാപത്തെപ്പോലും തോൽപ്പിച്ചുകളഞ്ഞില്ലേ?

കടമ്മനിട്ടയുടെ ചാക്കാലയിലെ മുഹൂർത്തങ്ങളാണ് തെരഞ്ഞെടുപ്പു രാഷ്ട്രീയക്കാർ പയറ്റുന്നത്. കോടിയിടേണം പൊങ്കാല വേണം…. കാണിക്കാൻ കണ്ണീരിറ്റു വേണം… ഒക്കുമെങ്കിൽ വായ്ക്കരിയുമിട്ട് ബലിക്കാക്കയേയും വിളിച്ചുകൂട്ടിയേ അവർ പോകൂ.

സർക്കാർ സംവിധാനത്തെ ഏകോപിപ്പിക്കുന്നതിനും സഹായങ്ങൾ നൽകുന്നതിനുമെല്ലാം നേതാക്കളുടെ ഇടപെടലുകൾ അനിവാര്യം തന്നെ. പക്ഷേ, സർക്കാർ സംവിധാനങ്ങളെയാകെ തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നവർ തല്ലിക്കൊന്ന് പതിനാറുണ്ണുന്നവരാണ്. അന്ന് കളക്ടറുടെ ഉത്തരവിന് കാൽപ്പായക്കടലാസിന്റെ വിലപോലും കൽപ്പിക്കാൻ ക്ഷേത്രം ഭരണ സമിതിക്കാർ തയ്യാറായില്ലെങ്കിൽ അതിനർത്ഥം ആഭ്യന്തര വകുപ്പിന്റെ കിടപ്പ് അന്നും മറ്റേതോ തിണ്ണയിലായിരുന്നെന്നല്ലേ ?

അന്ന് ദുരന്തസ്ഥലത്തേക്കുള്ള സ്ഥാനാർത്ഥി മുകേഷിന്റെ എടുത്ത് വരവ് രാജകീയമായിരുന്നു. ബഡായി ബംഗ്ലാവിലും മുകേഷ് ശരീരം അനങ്ങുന്ന പണികളൊന്നും ചെയ്തിരുന്നില്ല. വീട്ടിൽ നിന്ന് കൊണ്ടുവന്ന് വലിക്കുന്ന സിഗററ്റിന്റെ കാശുപോലും സംഘാടകരിൽ നിന്നും വാങ്ങുന്നയാളാണെന്നായിരുന്നു മുകേഷിന് സീറ്റ് നൽകുന്നതിനെതിരെ കൊല്ലത്തെ ഒരു വിഭാഗം സിപിഎംകാർ തന്നെ അന്ന് ആരോപണം ഉന്നയിച്ചത്.

ആശുപത്രിയിൽ ദേഹമാസകലം പൊള്ളലേറ്റ് കിടക്കുന്നവന്റെ മാനസീകാവസ്ഥ സന്ദർശകരുണ്ടോ അറിയുന്നു. പൊള്ളലിൽ തൊട്ടുനോക്കുന്ന രാഹുലിനേയും നമ്മൾ കണ്ടു. കൂറ്റൻ കാളയുടെ കൊമ്പിലോ പൂഞ്ഞിയിലോ ഞാന്ന് രക്തസാക്ഷിയാകാൻ വരുന്നവന്റെ വിശ്വാസവും കൂറും നൂറ് ശതമാനം ആത്മാർത്ഥമാണ്. എന്നിട്ടും ജെല്ലിക്കെട്ട് നിരോധിച്ചു. അതിന്റെ പേരിൽ തമിഴ്‌നാട്ടിൽ രണ്ടുപേർ ആത്മഹത്യയും ചെയ്തു. ബാറുകൾ പൂട്ടിയപ്പോൾ തൊഴിൽ നഷ്ടപ്പെട്ട മൂന്ന് പേരും ഒരു മുതലാളിയും ആത്മഹത്യ ചെയ്തു. എന്നാൽ വെടിക്കെട്ട് നിരോധിച്ചാൽ അതിൽ മനംനൊന്തോ പ്രതിഷേധിച്ചോ ചത്തുകളയാം എന്നുകരുതുന്ന ഒരൊറ്റ വെടിക്കെട്ട് പ്രേമിയും കേരളത്തിൽ ഉണ്ടാകില്ല.തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ആനയുടെ കാര്യത്തിലും അതുതന്നെ എന്ന് കോവിഡ് തെളിയിച്ചല്ലോ. ശബരിമലയിൽ സ്ത്രീകൾ കയറിയാൽ ആത്മഹത്യ ചെയ്യുമെന്നു പറഞ്ഞവരൊക്കെ ഇവിടിപ്പോഴും നാണംകെട്ടും ജീവിച്ചുപോകുന്നില്ലേ?

വെടിയാശാന്മാർ വല്ല തട്ടുകടയും നടത്തി സമാധാനത്തോടെ ജീവിച്ചുകൊള്ളും. തമാശക്കായി ചൈനക്കാർ ഉണ്ടാക്കിയ വെടിമരുന്ന് മറ്റുള്ളവരുടെ നെഞ്ചുപിളർക്കാൻ എങ്ങനെ ഉപയോഗിക്കാമെന്ന് ചീനക്കാരനല്ലാത്ത ആയോധന പടുക്കൾ കണ്ടെത്തി, വെടിമരുന്ന് കണ്ടുപിടിച്ച ചീനക്കാർ ഇപ്പോഴും ചീനപ്പടക്കം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. അവർ അതുകൊണ്ട് അരേയയും കൊല്ലുന്നില്ല. എന്നാൽ ചീനപ്പടക്കത്തിലെ വെടി മരുന്നുകൊണ്ട് ആൾക്കാരെ കൊല്ലാമെന്ന് ചൈനക്കാരല്ലാത്ത നമ്മുടെ ആശാന്മാർക്കും ഉത്സവ നടത്തിപ്പുകാർക്കും അറിയാം. ദൈവങ്ങളും നമ്മളും ഇവിടെ ജീവിച്ചിരിക്കുന്നു എന്ന് നാലാളെ അറിയിക്കാൻ വെടി വഴിപാടില്ലാതെ മറ്റ് മാർഗ്ഗങ്ങൾ ഇല്ലാത്തിടത്തോളം കാലം കമ്പപ്പുരകൾ കത്തിക്കൊണ്ടിരിക്കും.

പുറ്റങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. വെടിക്കെട്ട് നടത്തിയവരും ക്ഷേത്രഭരണ സമിതി അംഗങ്ങളും അടക്കം 52പേരാണ് കേസിലെ പ്രതികള്‍. ഓഡിയോ തെളിവായി സ്വീകരിക്കില്ല എന്നതുകൊണ്ടാണോ എന്നറിയില്ല പീതാമ്പരനാശാൻ പ്രതിപട്ടികയിലില്ല. ഉദ്യോഗസ്ഥര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കി കൊണ്ടാണ് കുറ്റപത്രം.

ഈ പീതാമ്പരനാശാൻമാർ ഭരണം മാറിയാലും ഇരുമുന്നണിളിലും ഉള്ളിടത്തോളം വെടി തന്നെ മരുന്നാകുകയും വന്യമൃഗത്തെപോലും അന്ധവിശ്വാസങ്ങളുടെ പേരിൽ പീഡിപ്പിച്ച്‌ രസിക്കുന്ന സാഡിസ്റ്റുകളായ ഒരുപറ്റം അഭിനവ ആനപ്രേമികളുടെയും പൂരപ്രേമികളുടെയും നയനാനന്ദത്തിനും, ആത്മരതിക്കും വേണ്ടി നിയമങ്ങളും, ചട്ടങ്ങളും, സുപ്രീംകോടതി, ഹൈക്കോടതി വിധികളും കാറ്റിൽ പറത്തിക്കൊണ്ടിരിക്കുകയും ചെയ്യും !
പുനരുത്ഥാന കേരളം No 1