Fri. Mar 29th, 2024

കോവിഡ് വ്യാപനം പരമകാഷ്ഠയിൽ നിൽക്കുമ്പോൾ അതു പരിഗണിക്കാതെ ശബരിമല ദർശനത്തിന് അനുമതി നൽകിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഭക്തി കൊണ്ടു കോവിഡിനെ നേരിടാനാവില്ലെന്നു തിരിച്ചറിഞ്ഞ ജനങ്ങൾ ആരാധനാലയങ്ങൾ ഒഴിവാക്കി വീട്ടിലിരിക്കുമ്പോൾ ആരുടെ താല്പര്യം സംരക്ഷിക്കാനാണ് അന്യസംസ്ഥാനങ്ങളിൽ നിന്നു പോലും ജനങ്ങളെ ശബരിമലയിലേക്ക് ആനയിക്കുന്നതെന്ന് കേരള യുക്തിവാദി സംഘം.

ശബരിമല ദർശനത്തിന് അനുമതി നൽകാമെങ്കിൽ പിന്നെ സ്ക്കൂളുകളും തിയറ്ററുകളുമടക്കം പൊതു സ്ഥലങ്ങൾ ഏഴുമാസമായി പൂട്ടിയിട്ടിരിക്കുന്നത് എന്തിനാണ്? ജനങ്ങൾക്കു മേൽ 144 നടപ്പാക്കി ഭക്തിക്കച്ചവടത്തിന് അനുമതി നൽകിയത് ആരെ സുഖിപ്പിക്കാനാണ്?. ഒരു പാർട്ടിയും ആവശ്യപ്പെടാത്ത ഇക്കാര്യം ഏകപക്ഷീയമായി നടപ്പാക്കുന്നത് കോവിഡ് വ്യാപനം അനിയന്ത്രിതമാക്കുമെന്നും സർക്കാർ ഈ തീരുമാനത്തിൽനിന്നും പിന്മാറണമെന്നും കേരള യുക്തിവാദി സംഘം സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.എൻ.അനിൽ കുമാർ, ജന. സെക്രട്ടറി അഡ്വ.രാജഗോപാൽ വാകത്താനം എന്നിവർ കേരള യുക്തിവാദി സംഘം സംസ്ഥാന സമിതിക്ക് വേണ്ടിയിറക്കിയിട്ടുള്ള സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ഡൊണാൾഡ് ട്രമ്പിനോട് ജോബൈഡൻ പറഞ്ഞതാണ് ഞങ്ങൾക്കും പറയാനുള്ളത്- ശാസ്ത്രത്തിൽ വിശ്വസിക്കുക. രോഗ പ്രതിരോധത്തിൽ ഇതുവരെ ഉണ്ടാക്കിയ എല്ലാ നേട്ടങ്ങളും അട്ടിമറിക്കപ്പെടുന്ന ആത്മഹത്യാപരമായ തീരുമാനത്തിൽ നിന്ന് സർക്കാർ പിൻവാങ്ങണമെന്ന് യുക്തിവാദി സംഘം ആവശ്യപ്പെട്ടു.