Thu. Apr 25th, 2024

✍️ പി ജെ ബേബി

RLV രാമകൃഷ്ണൻ ആത്മഹത്യ ശ്രമത്തെ പരാമർശിച്ച് അതീവ വേദനയോടെ പു ക സ സെക്രട്ടറി അശോകൻ ചരുവിൽ ഇന്നൊരു ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടത് വായിച്ചു. അശോകന് നൂറു നന്ദി. ഒപ്പം ഒരു കാര്യം പറയാതിരിക്കാൻ വയ്യ.  ഇന്നത്തെ കേരള ഭരണത്തിൽ സവർണ താല്പര്യങ്ങൾ വരുമ്പോൾ ഭൂരിപക്ഷം വരുന്ന ജനാധിപത്യവാദികൾ എതിരാണെങ്കിലും കാര്യങ്ങൾ പുഷ്പം പോലെ നടക്കും. അതിനേറ്റവും നല്ല ഉദാഹരണമാണ് സാമ്പത്തിക സംവരണം.

ഇടത് വോട്ടർമാരിൽ 80 ശതമാനത്തിന്റെയും താല്പര്യത്തിനെതിരാണ് സംവരണത്തെ അട്ടിമറിക്കുന്ന സാമ്പത്തിക സംവരണമെങ്കിലും പുഷ്പം പോലെ അത് നടപ്പായി. അത് ദേശീയതലത്തിൽ നടപ്പാക്കാൻ കേരള “ഇടതു” സെക്രട്ടറി “തീവ്രവലത് “മോഡിയെ വെല്ലുവിളിച്ചു.ഇരുവരുമൊന്നിച്ചു ലഘുവായി അത് ചുട്ടെടുത്തു. കൊച്ചുഫായിസ് പറഞ്ഞ പോലെ ചെലോലത് (സവർണരുടേത് ) എപ്പളും റെഡിയാവും. ചെലോലത് (ജാതി സംവരണമുള്ള വിഭാഗക്കാരുടേത്) ഒരിക്കലും റെഡിയാവൂല.

അക്കിത്ത ജ്ഞാനപീഠ വിഷയത്തിൽ ഒരൊറ്റ വർമ (പഴയ കേരളത്തിലെ പൊന്നുതമ്പുരാൻ ) യുടേത് റെഡിയായി. പുകസായുടെ ആദ്യ പ്രസിഡന്റ് വൈലോപ്പിള്ളിയും തപസ്യയുടെ അദ്ധ്യക്ഷ മഹോദയ് അക്കിത്തവും“ഒരു പോലെ ഇടതു സഹയാത്രികരെ “ന്ന് മുഖ്യമന്ത്രി കേരളത്തിന് വേണ്ടി സർട്ടിഫിക്കറ്റ് നല്കി.

അശോകനും, കെ ഇ എന്നിനും,വികെ ജോസഫിനും, മറ്റു നിരവധി പേർക്കും ഒരക്ഷരം എതിർത്തു പറയാൻ കഴിഞ്ഞില്ല. അതെ, അവിടെയാണ് സവർണ “ജൈവ ” ബുദ്ധിജീവി ജയിക്കുന്നത്! അവരുണ്ടാക്കുന്ന ആശയ മേൽക്കോയ്മ (hegemony) അത്രയും ശക്തമാകയാൽ ഒരക്ഷരം എതിർത്ത് പറയുന്നത് കടുത്ത “പാർട്ടി വിരുദ്ധത “യാകും.

അശോകന്മാർക്ക് ഒരു ആത്മപരിശോധനക്ക്, “സവർണ നായർ പ്രഭുവിന് എല്ലാം ശരിയാകുന്ന”, അക്കാദമി സംഭവം കാരണമാകുമെന്ന് കരുതുന്നില്ല. എങ്കിലും കേരളത്തിലെവിടെ ജാതി എന്നു ചോദിക്കുന്ന കുറെ കഞ്ഞയ്യപ്പന്മാർക്ക് “അശോകന്റെ ദുഃഖം “കണ്ണൂ തുറക്കാൻ സഹായകമായേക്കാം. അശോകന്മാർക്ക് എന്തു സെക്രട്ടറിയായാലും ഇത്രയൊക്കെയേ കഴിയൂ എന്നവർ തിരിച്ചറിയും.

RLV രാമകൃഷണനെ അവഹേളിച്ച ദേഹം എങ്ങനെയാണ് അക്കാദമി സെക്രട്ടറിയായത്? കലയോ, സാഹിത്യമോ, സംഗീതമോ നാടകമോ? അതിൽ ഏതു വകുപ്പിൽ? നായരായാൽ പ്രത്യേകിച്ച് സംഗീതവും നാടകവും ആവശ്യമില്ല എന്ന മാനദണ്ഡമാണോ? അത് ചോദിക്കാൻ എന്തേ ആരുമില്ലാത്തത്? അതാണ് പ്രിവിലേജ്.