Thu. Apr 25th, 2024

✍️  സതി അങ്കമാലി

സോഷ്യൽ മീഡിയ ചർച്ചകളിൽവിജയൻ നായരെ “സൈക്കോ” “ഞരമ്പൻ ” എന്നൊക്കെ സംബോധിച്ച് കാര്യങ്ങൾ വളരെ ലളിതമാക്കുമ്പോൾ ഓർമ്മ വരുന്നത് പത്രപ്രവർത്തകനും സംവിധായകനുമായിരുന്ന രൂപേഷിനെയും, നടൻ വിനായകനെയും കുറിച്ചാണ്. ഇവർക്കൊരിക്കല്ലും സൈക്കോ ഞരമ്പൻ സൗജന്യമൊന്നും ആരും ചാർത്തി കൊടുത്തില്ല.

മാത്രമല്ല ഇവർക്ക് ആവശ്യത്തിലധികം സാമൂഹ്യ പ്രതിബദ്ധത വേണ്ടവരാണെന്നും ഇവർ ദലിത് രാഷട്രീയത്തിൻ്റെയും ദലിത് പുരുഷൻമാരുടെയും മൊത്തം പ്രതിനിധാനമാണെന്നും ഉയർത്തി കാണിച്ച് ദലിത് രാഷട്രീയം എന്ന് പറയുന്നത് എന്തോ വശപെശകാണെന്നും,’ദലിത് ആണുങ്ങൾ മൊത്തത്തിൽ ദുരന്തുഎക്സ്പ്രസുകളാണെന്നും വരുത്തി തീർക്കുന്നതിൽ ഇവിടുത്തെ സവർണ്ണ ഫെമിനിസ്റ്റുകൾ വഹിച്ച പങ്ക് ചില്ലറയൊന്നുമല്ല.

മാത്രമല്ല ഇവർക്കെതിരെ പ്രതികരിച്ച ദലിത്പെണ്ണുങ്ങളൊന്നും മലയാളത്തിൻ്റെ പുണ്യമായിട്ടോ, വരദാനമായിട്ടോ പോസ്റ്റ് കളിൽ നിറഞ്ഞില്ല . പറഞ്ഞ് വരുന്നത് വിജയൻ നായരുടെ പേരിനൊപ്പം നായരെന്ന ജാതിവാലുണ്ടായിട്ടും വിജയൻ നായര് ഒരു വ്യക്തിയായി തന്നെ നില നിൽക്കുകയും. നടൻ വിനായകനും രൂപേഷും ഒരു പ്രസ്ഥാനമായി (കൊള്ളരുതായ്മയുടെ ജാതിഐക്കണായി) മാറുകയും ചെയ്തു എന്നുള്ളതാണ്. ഇത് തന്നെയാണ് സവർണ്ണ ഫെമിനിസം നിരന്തരമായി ചെയ്തു കൊണ്ടിരിക്കുന്നത്.

ജയ D മാം ഇവിടെയാണ് നിങ്ങളുടെ പോസ്റ്റിൽ പറയുന്ന ഫെമിനിച്ചികൾ ജാതി-മത കണ്ണുകാണയ്കകളിൽ നിന്നും വിമുക്തരല്ല എന്ന ഭാഗം പ്രസക്തമാവുന്നത്. കേരളമെന്നത് ശൂദ്രളമായിരിക്കെ വിജയൻനായരും, സരിതാ നായരും സ്വപ്ന സുരേഷും ഒക്കെ നിങ്ങൾക്ക് വ്യക്തികൾ മാത്രമായിരിക്കും എന്നാൽ കെ.ആർ നാരായണനും, ദാക്ഷായണി വേലായുധനും , കല്ലേൻ പൊക്കുടനും പി.കെ റോസിയും ആർ എൽ വി രാമകൃഷണനും , ബഹു മുഖ്യമന്ത്രി പിണറായി വിജയനും ഇന്നും കേരളത്തിൽ ജാതികൾ മാത്രമാണ് എന്ന ശരിയായ തിരിച്ചറിവുള്ള ഒരുപാട് ദലിതർ ഇവിടുണ്ട്.

അതുകൊണ്ടാണ് മനോജ്. എം. പെരുമാൾ എന്ന ദലിത് സാമൂഹ്യ പ്രവർത്തകൻ്റെ പോസ്റ്റിൽ ‘സെലക്ടീവ് പ്രതിരോധങ്ങളെ’ കുറിച്ച് ചോദിച്ച ചോദ്യം പ്രസക്തമാണെന്ന് ഞാൻ കരുതുന്നത്. സത്യം അതായിരിക്കെ അതൊരു പൊളിറ്റിക്കൽ ക്വാസ്റ്റ്യൻ ആയി എന്തുകൊണ്ടാണ് ഫെമിനിസ്റ്റുകൾ മനസിലാക്കാത്തത് ഇത്തരം ചോദ്യമുന്നയിച്ച ചിത്രലേഖയുൾപ്പെടെ ദലിതരായ മറ്റു പലരെയും കണ്ടു. ഇവരാരും തന്നെ അശ്ശീലച്ചുവയോടെയോ ബഹുമാനമില്ലാതെയോ സംസാരിച്ചതായി കണ്ടില്ല. അതൊരു രാഷട്രീയ വിമർശനമായി അഭിസംബോധന ചെയ്യാൻ ഫെമിനിസ്റ്റുകളൊന്നും മുന്നോട്ടു വന്നില്ല. പകരം പി.സി ജോർജ്ജ് പറഞ്ഞ ഊളത്തരത്തിന് പലരും പ്രതികരിക്കുകയും ചെയ്തു. ഇത് ജാതി മാത്രമല്ല ജാതിയ്ക്കാ തോട്ടം തന്നെയാണെന്ന് വ്യക്തമല്ലേ?

അല്ലെങ്കിൽ നിങ്ങൾ പറയു, എത്ര ദലിതർ നിങ്ങളുടെ ഫ്രെണ്ട്സ് സർക്കിളിലുണ്ട്??
എത്ര ദലിതരെ നിങ്ങൾ പ്രേമിച്ചിട്ടുണ്ട്?

ഏതെങ്കിലും ദലിതർ നിങ്ങളുടെ മോർഫിയ തോ/ അല്ലാത്തതോ ആയ നഗ്ന വീഡിയോകൾ പ്രചരിപ്പിച്ചിട്ടുണ്ട്??

ഏതെങ്കിലും ദലിത് കാമുകൻമാൻ സ്വന്തം കവിതയാണെന്ന് പറഞ്ഞ് എസ്.കലേഷിൻ്റെ കവിത നിങ്ങൾക്ക് തന്നിട്ടുണ്ട്?

ആരുടെയൊക്കെ പ്രസംഗങ്ങൾ മോഷ്ടിച്ചിട്ടുണ്ട്?

നിങ്ങളുടെ എത്ര വാക്ക് മോഷ്ടിച്ചിട്ടുണ്ട്?

എത്ര ഏക്കർ ഭൂമി തട്ടിയെടുത്തിട്ടുണ്ട്?

ഏതെങ്കിലും ദലിത് ഉദ്യോഗസ്ഥൻ ചാണകവെള്ളം തളിച്ച് ശുദ്ധികരണം നടത്തിയിട്ടുണ്ട്?

ഞങ്ങൾ പണിത എത്ര പാലങ്ങൾ തകർന്നു വീണിട്ടുണ്ട്. ??

ഏതെങ്കിലും സ്ഥാപനത്തിൽ ഒരു ദലിതൻ കാരണം നിങ്ങൾക്ക് വിവേചനമനുഭവിക്കേണ്ടി വന്നിട്ടുണ്ടോ?

എത്ര ദലിതർ അനാസ്ഥ മൂലം കോവിഡ് പകർത്തിയിട്ടുണ്ട്?

നിങ്ങൾ കാറ്റഗറി തിരിച്ചു തന്നെ പറയു …. നമ്മുക്ക് ചർച്ച ചെയ്യാം.

ഇത് പറയുന്നത് ദലിതർ മുഴോനും നിഷ്കളങ്കരും നിരാലംബരും ആണെന്ന് വരുത്തി തീർക്കാനല്ല, പകരം നൻമ സമം സവർണ്ണരും, തിൻമയെന്നാൽ മുഴോൻ കറുത്ത മനുഷ്യരും എന്ന അനുഭൂതിഭാവുകത്വം’ ഇനിയും ഇവിടെ നടപ്പിലാവില്ല എന്ന് പറയാൻ തന്നെയാണ്.