ദേശസ്നേഹിയായ അശ്ളീല വീഡിയോ മനശാസ്ത്രജ്ഞൻ വിജയ് പി നായരെ അറസ്റ്റ് ചെയ്തു

അശ്ളീല കഥകളുണ്ടാക്കി യൂട്യൂബിലൂടെ അധിക്ഷേപിച്ചെന്ന സ്ത്രീകളുടെ പരാതിയില്‍ യൂട്യൂബര്‍ വിജയ് പി നായരെ പോലീസ് അറസ്റ്റ് ചെയ്തു. ഐടി വകുപ്പ് 67, 67 A എന്നീ വകുപ്പകള്‍ പ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ഇട്ടാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം കല്ലിയൂരിലെ വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.  അതിനിടെ വിജയ് പി നായരുടെ ഡോക്‌റ്റേറ്റ് വ്യാജമാണെന്ന് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് മറ്റൊരു പരാതിയും നൽകിയിട്ടുണ്ട്.

ഇന്നലെ മുതല്‍ മ്യൂസിയം പരിസരത്തെ ലോഡ്ജ് വിട്ട്, കല്ലിയൂരിലെ വീട്ടിലായിരുന്നു ഇയാള്‍. വൈകീട്ടോടെ മ്യൂസിയം പോലീസ് കല്ലിയൂരെത്തി വിജയ്‌യെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. നാളെ കോടതിയില്‍ ഹാജരാക്കും. അഞ്ച് വര്‍ഷം വരെ തുടവുലഭിക്കാവുന്ന കുറ്റമാണ് വിജയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്. വിവാദ വീഡിയോകള്‍ നീക്കാനും നടപടി തുടങ്ങി.

ഐടി വകുപ്പുകള്‍ക്ക് പുറമേ , കയ്യേറ്റം ചെയ്‌തെന്ന ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ തമ്പാനൂര്‍ പൊലീസെടുത്ത കേസും ഇയാള്‍ക്കെതിരെയുണ്ട്. വിജയ്‌യുടെ പരാതിയില്‍ ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കുമെതിരെ തിരിച്ച് കേസെടുത്തിട്ടുണ്ടെങ്കിലും ഇവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.