നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് അനുകൂലമായി മൊഴി നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണി

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ മൊഴി നല്‍കിയാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി കേസിലെ മാപ്പ് സാക്ഷി വിപിന്‍ ലാല്‍. കേസില്‍ കൂറ്മാറണമെന്ന് ആവശ്യപ്പെട്ട് കത്തിലൂടെയാണ് തനിക്ക ഭീഷണി ലഭിക്കുന്നത്. കോടതിയില്‍ സാക്ഷി പറയാനെത്തുമ്പോള്‍ മൊഴി മാറ്റിയില്ലെങ്കില്‍ കൊല്ലുമെന്നാണ് കത്തുകളിലുള്ളതെന്ന് ഇയാള്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. കേസിലെ മുഖ്യപ്രതി സുനില്‍ കുമാറിന്റെ സഹതടവുകാരനായിരുന്നു നിയമ വിദ്യാര്‍ഥിയായ വിപിന്‍ ലാല്‍.

2019 ജനുവരില്‍ ഏതാനും പേര്‍ കാസര്‍കോട് എത്തി തന്റെ ബന്ധുവിനെ കണ്ടിരുന്നു. ദിലീപിനെതിരെ താന്‍ സാക്ഷി പറയാതെ കൂറ്മാറിയാല്‍ ലക്ഷങ്ങള്‍ താരമെന്നും വീടുവെച്ച് തരാമെന്നും ഇവര്‍ വാഗ്ദാനം ചെയ്തു. ഇത് നിരസിച്ച താന്‍ അവരെ മടക്കിഅയച്ചു. ഇതന് ശേഷമാണ് ഭീഷണിക്കത്തുകള്‍ ലഭിച്ചത്. എറണാകുളം എം ജി റോഡ്, ആലുവ എന്നിവിടങ്ങളില്‍ നിന്നും പോസ്റ്റ് ചെയ്തതാണ് കത്തുകള്‍. നവംബറില്‍ കേസ് പരിഗണിക്കുമ്പോള്‍ മൊഴി മാറ്റിപ്പറയണം. കാസര്‍കോട് വന്ന് നിന്റെ ബന്ധുവിനേയും നിന്നെയും കണ്ടതല്ലേ. എന്നിട്ടും മൊഴി മാറ്റില്ലാ എന്നാണോ തീരുമാനം. അങ്ങനെയെങ്കില്‍ ദിവസങ്ങള്‍ എണ്ണപ്പെട്ടുവെന്നുമാണ് കത്തിലുള്ളത്. ഭീഷണിക്കത്തുകള്‍ പോലീസിന് കൈമാറിയതായും അദ്ദേഹം ഒരു ചാനലിനോട് പ്രതികരിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.