Friday, May 7, 2021

Latest Posts

ശബരിമല സ്ത്രീപ്രവേശനം: സ്ത്രീകൾ വഞ്ചിക്കപ്പെട്ട ചരിത്ര വിധിയുടെ രണ്ടാം വാർഷികം

ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ ചരിത്ര വിധിയ്ക്ക് ഇന്ന് രണ്ടുവയസ്. ശാരീരികമായതോ ജൈവീകമായതോ ആയ അവസ്ഥകളുടെ പേരിൽ സ്ത്രീകളെ മാറ്റി നിർത്താൻ ആവില്ലെന്ന് ചരിത്ര വിധിയിലൂടെ സുപ്രീം കോടതി നിരീക്ഷിച്ചു.ശബരിമലയിൽ വിശ്വാസത്തിന്റെ പേരിൽ സ്ത്രീകളോട് വിവേചനം കാണിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും 10 വയസ്സിനും 50 വയസ്സിനും ഇടയിലുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാനാവില്ല എന്നത് അംഗീകരിക്കാനാവില്ലെന്നും ഇത് ലിംഗ സമത്വത്തിനെതിരെയുള്ള കടന്നു കയറ്റമാണെന്നും വിശ്വാസത്തിന്റെ പേരിൽ അസമത്വങ്ങൾ അംഗീകരിക്കാനാവില്ലെന്നും ആയിരുന്നു കോടതി ഉത്തരവ്.

ഭരണഘടനാബഞ്ചിലെ അഞ്ച് ജഡ്ജിമാരിൽ ജസ്റ്റിസ് ഇന്ദു മൽഹോത്ര മാത്രമാണ് എതിർ അഭിപ്രായം പ്രകടിപ്പിച്ചത്. ശബരിമലയിൽ ആരാധനയ്ക്കയി പ്രായഭേദമെന്യേ എല്ലാ സ്ത്രീകൾക്കും പ്രവേശനമനുവദിക്കണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. 1965 ലെ കേരള ഹിന്ദു ആരാധനാലയ പ്രവേശന നിയമവകുപ്പായ 3 ബി ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. ഈ വകുപ്പ് അനുസരിച്ചു ആർത്തവകാലയളവിൽ സ്ത്രീകൾക്ക് കേരളത്തിലെ ഒരു ക്ഷേത്രത്തിലും കയറാനുള്ള അനുമതിയില്ല.

10 നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കാണ് ശബരിമല പ്രവേശനത്തിൽ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഭരണഘടനാലംഘനമാണെന്നു ഹർജിക്കാർ വാദിച്ചിരുന്നു. എല്ലാ ക്ഷേത്രങ്ങളെയും പോലെ തന്നെയാണ് ശബരിമലയും എന്നാണു സംസ്ഥാന സർക്കാർ വാദിച്ചത്. പ്രത്യേകവിഭാഗത്തിൽപെട്ട ക്ഷേത്രമല്ലാത്തതിനാൽ ശബരിമലയിൽ എല്ലാവർക്കും വിവേചനമില്ലാതെ പ്രവേശിക്കാൻ അനുവാദം നൽകണമെന്ന് കേരള സർക്കാർ വാദിച്ചിരുന്നു.

ഏതു ക്ഷേത്രങ്ങളിലും എല്ലാവര്ക്കും പോകാവുന്നതാണെന്നും സ്ത്രീകളെ വിലക്കുന്നത് ഭരണഘടനാ ലംഘനമാണെന്നു നേരത്തെതന്നെ സുപ്രീം കോടതി നിരീക്ഷണം നടത്തിയിരുന്നു. യങ് ലോയേഴ്സ് അസോസിയേഷനാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത് ക്ഷേത്രപ്രവേശനവിളംബരത്തിനുശേഷംവന്ന വിപ്ലവകരമായ സംഭവമാണ് സുപ്രീം കോടതിയിലൂടെ വന്നത് എന്നൊക്കെയാണ് വിധിവന്ന പിന്നാലെ പ്രമുഖരെല്ലാം പ്രതികരിച്ചത്.

ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച കോടതി വിധി പൊതുവിൽ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും സ്വീകാര്യമായിരുന്നു. എതിർക്കാൻ സാധ്യതയുണ്ടായിരുന്ന ബി.ജെ.പിയും ആർ.എസ്.എസ്സും ആദ്യമേ തന്നെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചതാണ്. പ്രത്യേക നിലപാടുകളൊന്നും ഇല്ലാത്ത കോൺഗ്രസ്സ് സുപ്രീം കോടതി വിധിയെ അനുകൂലിക്കുന്നു എന്ന് വിധി വന്നയുടനെ പറയുകയും ചെയ്തു. വിധി നടപ്പിലാക്കാനുള്ള കരുത്ത് ഇപ്പോഴത്തെ ഇടതുപക്ഷ സർക്കാരിനുണ്ട് എന്ന ബോധ്യം കേരളത്തിലെ പൊതുസമൂഹത്തിനും ഉണ്ടായിരുന്നു.

മൊത്തത്തിൽ വളരെ സുഗമമായി അതങ്ങ് നടപ്പിലാക്കപ്പെടുമായിരുന്നു. കാലങ്ങളായി നിലവിലുള്ള ഒരു ദുഷ്പ്രവണത നിയമത്തിന്റെ ഇടപെടലിലൂടെ ഇല്ലാതാവുന്നു എന്ന രീതിയിൽ കണ്ട് കേരളത്തിലെ ഹിന്ദു സമൂഹവും പൊതു സമൂഹവും അതിനോടൊപ്പം നിൽക്കുമായിരുന്നു. നിയമത്തിന്റെ കണക്കിലായതുകൊണ്ട് രാഷ്ട്രീയക്കാർ സന്തോഷത്തോടെ കൈ കഴുകി കാര്യം നടത്തിയേനെ. എന്നാൽ ശബരിമലയുടെ കുത്തകാവകാശം സ്വയം ഏറ്റെടുത്ത രാഹുൽ ഈശ്വറെന്ന ‘ടെലിവിഷൻ അവതാരം’ അയാളുടെ പ്രമോഷനായി ചെലവാക്കിയ പണത്തിൻറെ മഞ്ഞളിപ്പിൽ ചെറിയ സമയം കൊണ്ട് കാര്യങ്ങളെ കുഴച്ചു മറിച്ചു. ഈ വിഷയത്തിന്റെ വർഗീയ ധ്രുവീകരണ സാധ്യത അയാളും അതി ഹൈന്ദവരും തിരിച്ചറിഞ്ഞു. അതോടെ കോൺഗ്രസ്സും ബി.ജെ.പിയും മലക്കം മറിഞ്ഞു . കമ്മ്യൂണിസ്റ്റു വീടുകളിലെ ഹൈന്ദവ മനസ്സുകളും മറിച്ചു ചിന്തിച്ചു തുടങ്ങി. അതോടെ വോട്ടുബാങ്കിന്റെ മലീമസ ബുദ്ധി എല്ലായിടത്തും പ്രവർത്തനമാരംഭിച്ചു.തുടർന്ന് കേരളം കണ്ട ഏറ്റവും വലിയ ഫാസിറ്റ് വെല്ലുവിളിയും ശൂദ്രലഹളയും നാം കണ്ടതാണല്ലോ?

സുപ്രീംകോടതിയുടെ ശബരിമല സ്ത്രീപ്രവേശന വിധിയെത്തുടർന്ന് ഉണ്ടായ കേരളം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റ് അതിക്രമത്തെ വെല്ലുവിളിച്ചുകൊണ്ട് വിരലിലെണ്ണാവുന്ന ഏതാനും സ്ത്രീകൾ നടത്തിയ മുന്നേറ്റങ്ങളുടെ തുടർച്ചയായി 2019 ജനുവരി 2 ന് രണ്ട് സ്‌ത്രീകൾ ശബരിമലയിൽ കാലു കുത്തിയതിന്റെ ആഘാതത്തിൽ പിറ്റേന്ന് നടന്ന ഹർത്താലും തുടർന്ന് പലയിടത്തും അരങ്ങേറിയ തെരുവ് യുദ്ധവും പിന്നീട് ഉണ്ടായ കേരളത്തിലെ പുരോഗമന നാട്യക്കാരുടെ നിലപാടുകളും ചില കാര്യങ്ങൾ ചിന്തിക്കാൻ വക നൽകുകയുണ്ടായി.

സംഘിപ്പേടിമൂലം ശബരിമകയറിയ സ്ത്രീകളെ ബലിയാടുകളാക്കി സ്വന്തം ജീവിതം സെയ്ഫ് ആക്കാനാണ് കേരളത്തിലെ സകല രാഷ്ട്രീയ പാർട്ടികളും അവയുടെ യുവജന സംഘടനകളും വനിതാസംഘടനകളും ചെയ്തത്. സ്ത്രീകൾക്കെതിരെ സൈബർ ആക്രമണങ്ങളും കായികമായ ആക്രമണങ്ങളുമെല്ലാം ഉണ്ടായപ്പോഴും കേരളത്തിലെ പുരോഗമന നാട്യക്കാർ ആയ ഒരു സംഘടനയും അറിഞ്ഞഭാവം നടിച്ചില്ല.സംഘികൾക്കെതിരെ സ്ത്രീകൾ നൽകിയ ഒരു പരാതിയിൽ പോലും കേസെടുക്കാതിരുന്ന പോലീസ് സംഘികൾ കൊടുത്ത കേസുകളെല്ലാം കൃത്യമായി ചാർജ്ജ് ചെയുകയും സ്ത്രീകളുടെ ആത്മാഭിമാനമുയർത്താനുള്ള വിധിയെന്ന് സുപ്രീംകോടതി വിശേഷിപ്പിച്ച വിധിയുടെ പേരിൽ രണ്ടു സ്ത്രീകളെ ജയിലിലടയ്ക്കുകയും ചെയ്തു. നാളിതുവരെ രണ്ടുകേസിലും പോലീസ് ചാർജ്ജ് ഷീറ്റ് കൊടുത്തില്ല.

ബിന്ദു അമ്മിണിയുടെ പേരിൽ വ്യാജ ബ്ലൂഫിലിം വീഡിയോ ഇറക്കിയിട്ടുപോലും പോലീസ് കേസെടുത്തില്ല. പോലീസ് കമ്മീഷണറുടെ ഓഫീസിനുമുന്നിൽ വെച്ച് ആക്രമിക്കപ്പെട്ട കേസിൽപോലും പ്രതിയെ രക്ഷിക്കാൻ SC/ ST അട്രോസിറ്റീസ് ആക്റ്റ് ഇടുകയുണ്ടായില്ല.വ്യാജ ബ്‌ളൂ ഫിലിം വീഡിയോകൾ പ്രചരിപ്പിച്ചവരിൽ ചിലരെ സ്വയം പിടികൂടേണ്ട അവസ്ഥയാണ് കേരളത്തിൽ ഉണ്ടായത്. പ്രതികരിക്കാൻ എത്രപേരാണ് ഉണ്ടായിരുന്നതെന്ന് നാം കണ്ടതാണ്. രണ്ടുവർഷം പിന്നിടുമ്പോഴും അവസാനമായി വിജയൻനായർ ഇറക്കിയ ഷഡി മാഹാത്മ്യ വീഡിയോയിലും ശബരിമലയിൽ പോയ സ്ത്രീകളെ അധിക്ഷേപിക്കുന്നതാണ്.

ഈ വീഡിയോയ്ക്കെതിരെ ഡിജിപി തലം മുതൽ സ്റ്റേഷൻ തലം വരെ പരാതിനൽകിയിട്ടും യാതൊരു ഫലവുമുണ്ടായില്ല.ഒരുമാസത്തിലധികമായി പ്രചരിച്ചുകൊണ്ടിരുന്ന ഈ വീഡിയോയെക്കുറിച്ച് അന്വേഷിച്ചപ്പോഴും പതിവുപോലെ സൗദി അറേബ്യയിൽ ഇരുന്നാണ് ഇയാൾ ഇതൊക്കെ ചെയ്തിരുന്നതെന്നാണ് പോലീസ് നൽകിയിരുന്ന മറുപടി. അവസാനം സെക്രെട്ടറിയേറ്റിന് സമീപം ഗാന്ധാരിയമ്മൻ കോവിലിന്‌ സമീപം നിന്ന് പോലീസിന്റെ സഹായമില്ലാതെ ഇരകൾ തന്നെ കയ്യോടെ പൊക്കിയപ്പോഴാണ് ഇന്ത്യാമഹാരാജ്യത്തിൽ പെട്ടതല്ല ഗാന്ധാരിയമ്മൻ കോവിൽ പരിസരം എന്ന് നമ്മൾ തിരിച്ചറിഞ്ഞത്. ഇതുപോലെ ശബരിമല സന്നിധാനവും കേരളാപോലീസിന് ഇന്ത്യാമഹാരാജ്യത്തിൽ പെട്ടതല്ലായിരുന്നിരിക്കാം ചിലപ്പോൾ!

ശബരിമലവിധിയുടെ പേരിൽ സ്ത്രീകൾ വഞ്ചിക്കപ്പെട്ടതിൻറെ രണ്ടുവർഷമാണ് പിന്നിടുന്നതെങ്കിലും കേരളം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റ് വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറായ, അതിൻറെ പേരിൽ നിരന്തരം ആക്രമിക്കപ്പെട്ടുകൊണ്ടിരുന്ന വിരലിലെണ്ണാവുന്ന വരെങ്കിലും ചില സ്ത്രീകൾക്ക് അൽപ്പം സന്തോഷം പകരുന്ന രണ്ടാം വാർഷികമാണ് ഇത്തവണത്തേത്. ശബരിമലയിൽ കയറിയതിന്റെപേരിൽ സ്ത്രീകളെ അധിക്ഷേപിച്ച ഒരു ചാണക സംഘിയെ സംഘി പോലീസിന്റെ സഹായമില്ലാതെ തന്നെ ചുണയുള്ള പെണ്ണുങ്ങൾ പിടികൂടി പഞ്ഞിക്കിട്ടുകൊണ്ടാണ് ഈ വാർഷികദിനാഘോഷം കടന്നുപോകുന്നത് എന്നത് സന്തോഷകരമാണ്!

ഫാസിസത്തിന്റെ ഏറ്റവും വലിയ രാഷ്ട്രീയ ആയുധം ‘ഭയം’ ജനിപ്പിക്കൽ ആണ്.’സങ്കിപ്പേടി’ ബാധിച്ച വലിയൊരു വിഭാഗം രൂപപ്പെട്ടുവന്നത് ഇവരുടെ ഭയപ്പെടുത്തലിലൂടെയാണ്. ഈ ഭയപ്പെടുത്തൽ.തന്നെയാണ് ഇവർ ദളിതർക്കും ന്യൂനപക്ഷങ്ങൾക്കും നേരെയും നടത്തിവരുന്നത്.ഇതുകൊണ്ടൊന്നും ഭയപ്പെടാത്ത ചിലരെങ്കിലും കേരളത്തിലുണ്ടെന്ന് ഓർമ്മപ്പെടുത്തുന്നതായിരുന്നു ബസ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും മുതൽ ശബരിമല സന്നിധാനം വരെ കൊലവിളിയുമായി നിന്ന സംഘികളെ സ്ത്രീകൾ മുഖമാമുഖം നേരിട്ട ശബരിമല സ്ത്രീപ്രവേശന മുന്നേറ്റം. എങ്കിലും അത് മറ്റുള്ളപലരിൽ ഒരു ഭയമായി പടർന്നുകയറിയിരുന്നു എന്നതാണ് യാഥാർഥ്യം. ആ ഭയത്തിന്റെ പിടിയില് നിന്ന് സ്ത്രീകളെയും പുരോഗമന സമൂഹത്തെയും മോചിപ്പിക്കാന് തിരുവനന്തപുരത്ത് പൊട്ടിയ പെണ്ണുങ്ങളുടെ അടിക്ക് സാധിച്ചിരിക്കുന്നു. ചോദ്യം ചെയ്യപ്പെട്ടു കൂടാ എന്ന് കരുതുന്ന ആണ അധികാരത്തിൻറെ മനുവാദ കുല പുരുഷ മുഖത്തേറ്റ ചുട്ട അടിയായിരുന്നു അത് എന്നതുകൊണ്ടാണ് 24.മണിക്കൂർ പിന്നിട്ടിട്ടും അതിൻറെ എക്കോ അവസാനിക്കാത്തത്.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.