Tue. Mar 19th, 2024

കേന്ദ്ര സര്‍ക്കാറിന്റെ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കര്‍ഷക പ്രക്ഷോഭം ശക്തം. പഞ്ചാബില്‍ ഇന്നലെ ആരംഭിച്ച ട്രെയിന്‍ തടയല്‍ സമരം തുടരുകയാണ്. മൂന്നു ദിവസമാണ് ട്രെയിന്‍ തടയല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. പഞ്ചാബിലെ അമൃത്സര്‍-ഡല്‍ഹി ദേശീയപാതയും പ്രക്ഷോഭകര്‍ ഉപരോധിച്ചു.

പ്രതിഷേധത്തെ തുടര്‍ന്ന് ഹരിയാനയില്‍ 15 ട്രെയിനുകള്‍ സര്‍വീസ് നിര്‍ത്തിവച്ചു. കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ ദേശീയപാത ഉപരോധിച്ചു. ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

ബിഹാറിലെ കര്‍ഷക സമരത്തിന് ആര്‍ ജെ ഡി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പിന്തുണ അറിയിക്കാന്‍ ആര്‍ ജെ ഡി നേതാവ് തേജസ്വി യാദവ് ട്രാക്ടറില്‍ എത്തി. സമരം ശക്തമായ ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ അതിര്‍ത്തികളില്‍ വന്‍തോതില്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. 28ന് രാജ്ഭവനിലേക്ക് കര്‍ഷക മാര്‍ച്ചുകള്‍ നടത്തി ഗവര്‍ണര്‍മാര്‍ക്ക് നിവേദനം നല്‍കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് കോടി ഒപ്പുശേഖരണം നടത്തി രാഷ്ട്രപതിക്ക് അയക്കാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.